UPDATES

മുകേഷ് അംബാനിയുടെ വീട് നില്‍ക്കുന്ന ഭൂമിയുടെ വില്‍പ്പന നിയമവിരുദ്ധം: കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം

1995ലെ വഖഫ് ആക്ട് – സെക്ഷന്‍ 52ന് വിരുദ്ധമാണ് വില്‍പ്പനയെന്നും 2005 മാര്‍ച്ച് ഒമ്പതിന് അന്നത്തെ ചെയര്‍മാനും സിഇഒയുമാണ് നിയമവിരുദ്ധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.

മുകേഷ് അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയ നില്‍ക്കുന്ന ഭൂമിയുടെ വില്‍പ്പന നിയമവിരുദ്ധം. വഖഫ് ബോര്‍ഡിന്റെ ഭൂമിയായിരുന്നു ഇത്. വഖഫ് നിയമത്തിന് വിരുദ്ധമായാണ് വില്‍പ്പന നടന്നിരിക്കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വഖഫ്‌സ് സിഇഒ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഭൂമി വില്‍പ്പനയില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ജൂലായ് 21ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മൈനോറിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡിന്റെ ആക്ടിംഗ് സിഇഒയുമായ സന്ദേശ് സി തഡ്‌വിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. 2005 മാര്‍ച്ച് ഒമ്പതിന് അന്നത്തെ ചെയര്‍മാനും സിഇഒയുമാണ് നിയമവിരുദ്ധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.

കരിംഭോയ് ഖോജ ഓര്‍ഫനേജ് ട്രസ്റ്റാണ് വില്‍പ്പന നടത്തിയത്. ഖോജ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ടി സ്ഥാപിക്കപ്പെട്ടതാണ് ട്രസ്റ്റ്. 2003 നവംബര്‍ 13ന്റെ രേഖ പ്രകാരം ഇത് വഖഫ് ബോര്‍ഡിന്റെ സ്വത്താണ് എന്ന് വ്യക്തം. 2002 ഏപ്രില്‍ നാലിനാണ് ചാരിറ്റി കമ്മീഷര്‍ക്ക് മുന്നില്‍ ഭൂമി വില്‍പ്പനയ്ക്ക് അനുവാദം തേടി ട്രസ്റ്റ് എത്തിയത്. ആന്റിലിയ കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു വില്‍പ്പന. 2002 ഓഗസ്റ്റ് 27ന് ചാരിറ്റി കമ്മീഷണര്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കി. 2002 നവംബര്‍ 21ന് വില്‍പ്പന നടന്നു. വില്‍പ്പനയുടെ വിവരമറിഞ്ഞ വഖഫ് ബോര്‍ഡ് ആന്റിലിയയ്ക്കും ഓര്‍ഫനേജ് ട്രസ്റ്റിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 1995ലെ വഖഫ് ആക്ട് – സെക്ഷന്‍ 52ന് വിരുദ്ധമാണ് വില്‍പ്പനയെന്നും എന്തുകൊണ്ട് നടപടി എടുക്കരുത് എന്നതിന് കാരണം വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. വഖഫ് ബോര്‍ഡിന്റെ അംഗീകാരമില്ലാതെ ഈ ഭൂമി വില്‍ക്കാനാവില്ല. 2004 ഏപ്രില്‍ 22നാണ് വഖഫ് ബോര്‍ഡ് സിഇഒ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ഓര്‍ഫനേജ് ട്രസ്റ്റ്, വഖഫ് ട്രൈബ്യൂണലിന് പരാതി നല്‍കി.

സത്യവാങ്മൂലത്തിന്‍റെ പൂര്‍ണരൂപം:

അതേസമയം ഈ കേസ് നടന്നുകൊണ്ടിരിക്കെ സിഇഒ ഓര്‍ഫനേജ് ട്രസ്റ്റുമായി ഒത്തുതീര്‍പ്പുണ്ടാക്കി. ഓര്‍ഫനേജിനെ വഖഫിന്റെ ഭാഗമായി കാണാമെന്നായിരുന്നു വ്യവസ്ഥ. വഖഫ് ആക്ടിലെ സെക്ഷന്‍ 72 പ്രകാരം 16 ലക്ഷം രൂപ ട്രസ്റ്റ് കെട്ടിവച്ചതായി പറയുന്നു. ഇതേ തുടര്‍ന്ന് ചെയര്‍മാനും സിഇഒയും ഭൂമി വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കുന്ന പ്രമേയം പാസാക്കി. ഈ പ്രമേയവും ചട്ടവിരുദ്ധമാണ്. എന്നാല്‍ വഖഫുകളുടെ പട്ടിക ചോദ്യം ചെയ്ത് ട്രസ്റ്റ് റിട്ട് ഹര്‍ജി നല്‍കി. ഹൈക്കോടതിക്ക് മുന്നില്‍ 2003ല്‍ സമര്‍പ്പിച്ച പട്ടികയാണ് ട്രസ്റ്റ് ചോദ്യം ചെയ്തത്. 2015ല്‍ ഈ ഹര്‍ജി അംഗീകരിച്ചുകൊണ്ട് വഖഫ് ലിസ്റ്റ് കോടതി റദ്ദാക്കി. ഇതിനെതിരെ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ചാരിറ്റി കമ്മീഷണറുടെ അനുമതി ചോദ്യം ചെയ്ത് നിലവില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത് അബ്ദുള്‍ മാതിന്‍ എന്നയാളാണ്. അഭിഭാഷകനായ ഇജാസ് നഖ്‌വിയും ഭൂമി വില്‍പ്പനയ്‌ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ആക്ട് സെക്ഷന്‍ 32 (2) (i) പ്രകാരം മൂന്നില്‍ രണ്ട് അംഗങ്ങളുടെ അംഗീകാരം വേണം. മാത്രമല്ല തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. വില്‍പ്പന നിയമവിരുദ്ധമാണെന്നും റദ്ദാക്കണെമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അംബാനിയുടെ ആന്റിലിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ബോംബേ ഹൈക്കോടതി ഉത്തരവിടുമോ?

മുകേഷ് അംബാനിയുടെ സ്വന്തം കമ്പനിക്ക് സര്‍ക്കാര്‍ സഹായത്തിന്റെ കുത്തൊഴുക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍