UPDATES

ബംഗാളിൽ 107 സിപിഎം, കോൺഗ്രസ്, തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് മുകുൾ റോയ്

അതെസമയം, നേരത്തെ മുകുൾ റോയിക്കൊപ്പം ഇറങ്ങിത്തിരിച്ച തൃണമൂൽ കൗൺസിലർമാർ പലരും പഴയ തട്ടകത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

ബംഗാളിൽ 107 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് മുകുൾ റോയിയുടെ പ്രഖ്യാപനം. പാർട്ടിയിൽ ചേരാൻ സന്നദ്ധരായ വിവിധ പാർട്ടികളിലെ എംഎൽഎമാരുടെ പട്ടിക കൈവശമുണ്ടെന്നും അവരുമായി നിരന്തര സമ്പ‌ർക്കത്തിലാണെന്നും മുകുൾ റോയ് വ്യക്തമാക്കി. കർണാടകം, ഗോവ എന്നിവിടങ്ങളിൽ കുതിരക്കച്ചവടം ശക്തമാകുന്നതിനിടയിലാണ് ബംഗാളിൽ നിന്നും ഈ വാർത്ത വരുന്നത്. ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ‘ഓപ്പറേഷൻ താമര’ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന വിജയത്തിനു ശേഷം ബംഗാളിൽ ബിജെപി ഇതര പാർട്ടികളിലെ എംഎൽഎമാരെയും കൗൺസിലർമാരെയുമെല്ലാം ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നത് വാർത്തയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള എം.എല്‍.എമാരാണ് ബിജെപിയില്‍ചേരാന്‍ തയ്യാറെടുക്കുന്നതെന്നാണ് മുകുൾ റോയ് പറയുന്നത്. തൃണമൂല്‍ എംഎല്‍എമാരായിരുന്ന സുനില്‍ സിംഗ്, ബിശ്വജിത്ത് ദാസ് എന്നിവർ കഴിഞ്ഞമാസം ബിജെപിയിൽ ചേർന്നിരുന്നു. മുകുൾ റോയിയും തൃണമൂലിൽ നിന്നും ബിജെപിയിൽ ചേർന്നയാളാണ്. മകന്‍ സുബ്രാംശു റോയിയും 60 കൗണ്‍സിലര്‍മാരുമൊന്നിച്ചാണ് ഇദ്ദേഹം ബിജെപിയിലേക്ക് പോയത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ 42 സീറ്റുകളിൽ പതിനെട്ടെണ്ണത്തിലും വിജയിച്ച ബിജെപിയിലേക്ക് ആറ് തൃണമൂൽ എംഎൽഎമാർ മാറിയിരുന്നു. ഓരോ കോൺഗ്രസ്, സിപിഎം എംഎൽഎമാരും മുകുളിനൊപ്പം പോകുകയുണ്ടായി.

നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് മമതാ ബാനർജിയുടെ നേതൃത്വത്തിൽ അതൃപ്തിയുണ്ടെന്നും അവരുമായി താൻ സമ്പർക്കത്തിലേർപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടെ വരാമെന്ന് സമ്മതിച്ച എംഎൽഎമാരിൽ അധികം പേരും ത‍ൃണമൂലിൽ നിന്നാണെന്നും മുകുൾ റോയ് പറഞ്ഞു. ബാക്കിയുള്ളവർ കോൺഗ്രസ്സിൽ നിന്നും സിപിഎമ്മിൽ നിന്നും ഉള്ളവരാണ്. കൂടുതൽ വിവരങ്ങള്‍ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

അതെസമയം, നേരത്തെ മുകുൾ റോയിക്കൊപ്പം ഇറങ്ങിത്തിരിച്ച തൃണമൂൽ കൗൺസിലർമാർ പലരും പഴയ തട്ടകത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

മധ്യപ്രദേശിൽ കർണാടകത്തേതിലേതിനു സമാനമായ സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടങ്ങിയിട്ടുള്ളതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിനായി രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശിലെക്ക് അയച്ചിട്ടുണ്ട്. ഗോവയിൽ കുതിരക്കച്ചവടം വിജയകരമായി നടക്കുകയും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസ് അഞ്ച് എംഎല്‍എമാരിലേക്ക് ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണിത്.

കഴിഞ്ഞദിവസം നിയമസഭ സന്ദർ‌ശിച്ച സിന്ധ്യ കമൽനാഥുമായും സഭാംഗങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ പതിനഞ്ചോളം എംഎൽഎമാരെ ബിജെപി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഒരുമാസമായി സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ ആരാഞ്ഞു വരികയാണ് ബിജെപിയെന്നാണ് അറിയുന്നത്.

മധ്യപ്രദേശിൽ ചെറിയ ഭൂരിപക്ഷത്തിലാണ് സർക്കാർ നിലനിൽക്കുന്നത്. കോൺഗ്രസ്സിനെതിരെ മത്സരിച്ച് ജയിച്ച നാല് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും സർക്കാരിനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍