UPDATES

ട്രെന്‍ഡിങ്ങ്

“രണ്ട് സിബിഐക്കാരെ ഇങ്ങോട്ട് വിടാമോ? കുറച്ച് ഐപിഎസുകാരെ വിരട്ടാനുണ്ട്” ചിട്ടി തട്ടിപ്പ് കേസിലെ മുകുള്‍ റോയിയും ‘കൂട്ടിലടച്ച തത്ത’യും

സിബിഐ എന്ന അന്വേഷണ ഏജന്‍സിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് പുറത്തുവന്നിരിക്കുന്ന സംഭാഷണം.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനുള്ള സിബിഐ ശ്രമം കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചിരിക്കെ, ബിജെപി നേതാവും (മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്ര മന്ത്രി) മുകുള്‍ റോയിയും ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും തമ്മിലുള്ളതെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. സിബിഐ എന്ന അന്വേഷണ ഏജന്‍സിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് പുറത്തുവന്നിരിക്കുന്ന സംഭാഷണം എന്ന് ദ വയര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ഓഡിയോക്ലിപ്പിന്റെ ഭാഗങ്ങള്‍ 2018 ഒക്ടോബറില്‍ ബംഗാളി പത്രം ആനന്ദ് ബസാര്‍ പത്രികയാണ് ആദ്യം പുറത്തുവിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ രണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയിലേയ്ക്ക് സ്ഥലം മാറ്റാന്‍ മുകുള്‍ റോയ്, കൈലാഷ് വിജയ് വര്‍ഗിയയോട് ആവശ്യപ്പെടുന്നതായി ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.

ഹിന്ദിയിലാണ് സംഭാഷണം. മാതുവ സമുദായത്തില്‍ ബിജെപിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന പുതിയ നേതാക്കള്‍ ആരെങ്കിലുമുണ്ടോ എന്ന് വിജയ് വര്‍ഗിയ അന്വേഷിക്കുന്നുണ്ട്. അധ്യക്ഷനോട് (അമിത് ഷാ) എന്തെങ്കിലും പറയാനുണ്ടോ എന്ന് വിജയ് വര്‍ഗിയ ചോദിക്കുന്നു. അപ്പോളാണ് സിബിഐയ്ക്ക് ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാമോ എന്ന് മുകുള്‍ റോയ് ചോദിക്കുന്നത്. അതേസമയം ഏത് ഉദ്യോഗസ്ഥനെയാണ് നിരീക്ഷിക്കേണ്ടത് എന്ന് മുകുള്‍ റോയ് വ്യക്തമാക്കുന്നില്ല.

തന്റെ ഫോണ്‍ തൃണമൂല്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നതായി 2018 ഒക്ടോബറില്‍ മുകുള്‍ റോയ് ആരോപിച്ചിരുന്നു. മുകുള്‍ റോയിയും വിജയ് വര്‍ഗിയയും തമ്മിലുള്ള സംഭാഷണം എന്ന പേരില്‍ ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു ഇത്. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളുടെ അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ സിബിഐ നീങ്ങുന്നത്. മുകുള്‍ റോയ് ചിട്ടി തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളാണ്. ചിട്ടി തട്ടിപ്പ് കേസിലെ പ്രമുഖനായ മുന്‍ തൃണമൂല്‍ നേതാവ് ഇപ്പോള്‍ ബിജെപിയിലായതിനാല്‍ മോദി സര്‍ക്കാര്‍ അഴിമതിയില്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് മുകുള്‍ റോയിയെക്കുറിച്ചാണ്.

വിജയ് വര്‍ഗിയ:
ഞാന്‍ പ്രസിഡന്റിന്റെ (അമിത് ഷാ) വീട്ടിലേയ്ക്ക് പോകുന്നുണ്ട്. എന്തൊക്കെയാണ് പറയണ്ടത്‌?

മുകുള്‍ റോയ്:
നാല് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. സിബിഐയ്ക്ക് അവരെ നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇവിടുത്തെ ഐപിഎസ് കേഡര്‍ ഒന്ന് പേടിക്കും. ഏതായാലും രണ്ട് ഉദ്യോഗസ്ഥരെ ആദായനികുതി വകുപ്പില്‍ ഡയറക്ടറായും അഡീഷണല്‍ ഡയറക്ടറായും ഇങ്ങോട്ട് സ്ഥലം മാറ്റാന്‍ അദ്ദേഹത്തോട് പറയൂ. രണ്ട് പേരുകള്‍ മനസിലുണ്ട്. ഞാനത് പറയാം. സഞ്ജയ് സിംഗുമായി ഞാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

വിജയ് വര്‍ഗിയ

ആ രണ്ട് പേരുകള്‍ എസ്എംഎസ് ചെയ്യൂ. അവര്‍ ഇപ്പോള്‍ എവിടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നും ഏത് പദവിയിലേയ്ക്കാണ് കൊണ്ടവരേണ്ടത് എന്നും പറയൂ. സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആയുധമാക്കുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇരുവരും തമ്മിലുള്ള സംഭാഷണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍