UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുലായം തന്റെ പാർട്ടിയിൽ മത്സരിക്കുമെന്ന് ശിവ്‌പാൽ; മഹാസഖ്യത്തിൽ ചേരാൻ ന്യായമായ ‘പരിഗണന’ വേണമെന്ന് മായാവതി

ഈയിടെ ജയിലിൽ നിന്നിറങ്ങിയ ഇയാൾ ചില ഗൂഢ താൽപര്യങ്ങളുടെ പുറത്ത് താനുമായി ബന്ധുത്വം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞു.

എസ്‌പി സ്ഥാപകനേതാവ് മുലായം സിങ് യാദവ് തന്റെ പുതിയ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടിയിലെ വിമതനേതാവ് ശിവ്പാൽ സിങ്ങിന്റെ പ്രഖ്യാപനം. സമാജ്‌വാദി സെക്യൂലർ മോർച്ച (എസ്എസ്എം) എന്ന പാർട്ടി രൂപീകരിക്കാനുള്ള പ്രയത്നത്തിലാണ് ഇദ്ദേഹം. ഇതിനകം തന്നെ പാർട്ടിയുടെ സംഘടനാ ചട്ടക്കൂട് നിർണയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ നടന്നിട്ടില്ല.

മകൻ അഖിലേഷ് യാദവുമായി ശിവ്പാൽ സിങ് യാദവിന്റെ പേരിൽ തർക്കിച്ചു നിൽക്കുന്ന മുലായം സിങ് യാദവിനെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ മൈൻപൂരിൽ നിന്നും മത്സരിപ്പിക്കാനാണ് നീക്കം. നിലവിൽ അസംഗഢിൽ നിന്നുള്ള മെമ്പറാണിദ്ദേഹം.

“നേതാജി (മുലായം) മത്സരിക്കുമെന്ന് ശിവ്പാൽജി പറഞ്ഞു”വെന്ന് എസ്എസ്എം വക്താവ് ദീപക് മിശ്ര അറിയിച്ചു. മുലായത്തിന് മറ്റേതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നുണ്ടെങ്കിൽ എസ്എസ്എം അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും ദീപക് മിശ്ര കൂട്ടിച്ചേർത്തു.

കൂടുതൽ സ്ഥാനാർത്ഥികളുടെ പേര് വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ആദ്യമായി പുറത്തു വിടുന്നത് മുലായത്തിന്റെ പേരാണെന്നും ദീപക് മിശ്ര വിശദീകരിച്ചു. ലോകസഭയിലേക്കുള്ള 80 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് ശിവ്പാൽ സിങ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ശിവ്പാൽ ഈ പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം പാർട്ടിയുടെ വക്താക്കളുടെ പേരുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. മുലായംസിങ് 2014ലെ തെരഞ്ഞെടുപ്പിൽ അസംഗഢിൽ നിന്നും മൈൻപൂരിൽ നിന്നും മത്സരിച്ചിരുന്നു. ഇതിൽ മൈൻപൂർ സീറ്റ് മുലായം ഉപേക്ഷിച്ചു. ഈ സീറ്റിൽ പിന്നീട് തേജ് പ്രതാപ് സിങ് യാദവ് മത്സരിച്ച് ജയിക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ മൈന്‍പൂരിൽ നിന്ന് മത്സരിക്കണമെന്നാണ് മുലായത്തിന്റെ ആഗ്രഹം.

മഹാസഖ്യം: ന്യായമായ സീറ്റ് വിഹിതം ലഭിക്കണമെന്ന് മായാവതി

ബിജെപി വിരുദ്ധ മഹാസഖ്യത്തിൽ ചേരാൻ തനിക്ക് വൈമുഖ്യമില്ലെന്നും എന്നാൽ ന്യായമായ സീറ്റ് വിഹിതം ലഭിക്കണമെന്നും ബിഎസ്‌പി നേതാവ് മായാവതി. അംഗീകരിക്കാൻ പറ്റുന്ന സീറ്റ് വിഹിതം ലഭിച്ചില്ലെങ്കിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവർ പറഞ്ഞു.

അതെസമയം, ഭീം ആർമി നേതാവ് ചന്ദ്രശേഖർ താനുമായി ബന്ധുത്വം സ്ഥാപിക്കാൻ ശ്രമേക്കേണ്ടെന്ന് മായവതി അസന്ദിഗ്ധമായി പറഞ്ഞു. നേരത്തെ മായാവതിയെ ‘അമ്മായി’ എന്നു വിളിച്ച് ചന്ദ്രശേഖർ രംഗത്തു വന്നിരുന്നു. സ്വയം യുവാവായി ഷോ കാണിക്കുന്ന ഒരാൾ താനുമായി ബന്ധുത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഈയിടെ ജയിലിൽ നിന്നിറങ്ങിയ ഇയാൾ ചില ഗൂഢ താൽപര്യങ്ങളുടെ പുറത്ത് താനുമായി ബന്ധുത്വത്തിന് വരികയാണെന്നും മായാവതി വ്യക്തമാക്കി. ഇക്കൂട്ടരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മായാവതി.

തനിക്ക് മായാവതിയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും തങ്ങൾ ഒരേ രക്തത്തിൽ പെട്ടവരാണെന്നും ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ‘ജാതീയമായ’ ചേരിതിരിവ് സൃഷ്ടിക്കുന്ന ഒന്നായാണ് മായാവതി തന്റെ പ്രതികരണത്തിൽ‌ സൂചിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍