UPDATES

ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം വെടികൊണ്ട് മരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മോദി സംസാരിക്കുമോ?

79കാരനായ സ്വാമി അഗ്നിവേശ് മുതല്‍ 29കാരനായ ഉമര്‍ ഖാലിദ് വരെ നീളുന്ന ബൃഹത്തായ ഹിറ്റ് ലിസ്റ്റ് ആണ് അവരുടെ പക്കലുള്ളത്

ഫാഷിസം എവിടെ വരെ എത്തി എന്നറിയാനുള്ള മാപിനികള്‍ ആര്‍ക്കെങ്കിലും ഇനിയും വേണ്ടി വരുമോ എന്നറിയില്ല. ഏതായാലും ഇന്ന് ഉച്ചയ്ക്ക് അത് പാര്‍ലമെന്റിന് സമീപമുള്ള റാഫി മാര്‍ഗിലുമെത്തിയിട്ടുണ്ട് എന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ റെയ്‌സിന ഹില്‍സില്‍ അതിന്റെ സംരക്ഷകര്‍ കയറിക്കൂടിയിട്ട് നാല് വര്‍ഷവും മൂന്ന് മാസവുമായിരിക്കുന്നു. സംഘപരിവാര്‍ ഭരണകൂടം സംരക്ഷിക്കുന്ന ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ ദേശീയ പദ്ധതിയുടെ ഭാഗമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളും വെറുപ്പിന്റെ അടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളുമെല്ലാം എന്നത് വീണ്ടും വീണ്ടും തെളിയുകയാണ്. സ്വാമി അഗ്നിവേശ് പറഞ്ഞ ഈ ദേശീയ പദ്ധതിയിലെ ഏറ്റവും പുതിയ സംഭവമാണ് ന്യൂഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്‍ ഉമര്‍ ഖാലിദ് എന്ന യുവ പൊതുപ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമം.

ഉമര്‍ ഖാലിദ് ഇന്ന് പങ്കെടുത്ത പരിപാടിയുടെ പേര് ‘ഖോഫ് സേ ആസാദി’ (ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം) എന്നാണ്. മറ്റന്നാള്‍ സ്വാതന്ത്ര്യദിനമാണ്. ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് കൂട്ടിനുള്ളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് നാട്ടുകാരോട് അഭിപ്രായം ആരായാനുള്ള ജനാധിപത്യ മര്യാദയൊക്കെ മോദി കാണിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം വെടികൊണ്ട് മരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മോദി സംസാരിക്കുമോ എന്നറിയില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹി മുഴുവന്‍ സുരക്ഷ ശക്തമാക്കിയിരിക്കും. ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാമേഖലയിലാണ് റാഫി മാര്‍ഗ്‌. അവിടെയാണ് ഒരാള്‍ ഉമര്‍ ഖാലിദിന് നേരെ വെടി വച്ചത്. “ഞാന്‍ പേടിച്ച് പോയി, എന്‍റെ ‘ഗൗരി ലങ്കേഷ് ദിവസം’ വന്നതായി ഒരു നിമിഷം തോന്നി” – വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഉമര്‍ ഖാലിദ് പറഞ്ഞു. പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം വിവിധ മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗത്ത്-നോര്‍ത്ത് ബ്ലോക്കുകള്‍, രാഷ്ട്രപതി ഭവന്‍, വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകള്‍ തുടങ്ങിയവയെല്ലാം റാഫി മാര്‍ഗില്‍ നിന്ന് നടന്നെത്താവുന്ന ദൂരത്താണ്. റിസര്‍വ് ബാങ്കിന്റെ പിന്‍വശത്തെ ഗേറ്റില്‍ രാവിലെ മുതല്‍ വിവിധ വാഹനങ്ങളിലായി അത്യാധുനിക തോക്കുകള്‍ തൂക്കി അമ്പതിലധികം പോലീസുകാര്‍ മിക്കവാറും കാണും. എംപിമാരുടെ ക്വാര്‍ട്ടേഴ്‌സായ വി.പി ഹൗസിലേക്കു തിരിയുന്നിടത്ത് നീതി ആയോഗ് ഓഫീസിന്റെ വശത്തായി സദാസമയവും പട്ടാളം തന്നെയും കാവലുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ് ബുദ്ധിജീവി, സ്വതന്ത്ര ചിന്തകരെ ലക്ഷ്യം വച്ചുള്ള സംഘപരിവാറിന്റെ കൊലപാതക പരമ്പര തുടങ്ങുന്നത്. 2013ല്‍ വരാനിരിക്കുന്ന വിപത്തിന്റെ വിളംബരം പോലെ മഹാരാഷ്ട്രയില്‍ നരേന്ദ്ര ദഭോല്‍ക്കര്‍ കൊല്ലപ്പെട്ടു – 2013 ഓഗസ്റ്റ് 20ന്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ ചങ്ങല ശക്തമായി കണ്ണിചേര്‍ത്ത് മുന്നേറി. 2014 നവംബര്‍, ഡിസംബറില്‍ ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിലേയ്ക്ക് വരെ നീളുന്നതാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ കൈകള്‍. 2015 ഫെബ്രുവരി 20ന് മഹാരാഷ്ട്രയില്‍ തന്നെ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ, 2015 ഓഗസ്റ്റ് 30ന് സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്ന എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി കര്‍ണാടകയിലെ ധാര്‍വാദില്‍, 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവില്‍ ഗൗരി ലങ്കേഷ്. ദഭോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ ചെയ്ത പൊതുവായ ‘തെറ്റ്’ സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്നതാണ്. രോഹിത് വെമുലയും ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബുമെല്ലാം ഈ ബഹുമുഖ ദേശീയ പദ്ധതിയുടെ ഇരകളായിരുന്നു.

നെറ്റിയില്‍ രാജ്യദ്രോഹ സ്റ്റിക്കര്‍ ഒട്ടിച്ചാണ് സംഘപരിവാര്‍ 2016 ഫെബ്രുവരിയില്‍ ഉമര്‍ ഖാലിദിനെ ഇന്ത്യയുടെ പൊതുശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നത്. “ഇന്ത്യയുടെ നാശത്തിനായി പ്രവര്‍ത്തിക്കും” എന്ന് മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദും കനയ്യ കുമാറും അനിര്‍ബന്‍ ഭട്ടാചാര്യയേയും സര്‍ക്കാര്‍ തീഹാര്‍ ജയിലിലിട്ടത്. ഉമര്‍ ഖാലിദിന് പാകിസ്താനില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വരുന്നതായും ഉമര്‍ പല തവണ പാകിസ്താനില്‍ രഹസ്യമായി പോയി വന്നതായും കഥകള്‍ വന്നു. ഉമര്‍ ഖാലിദിന്റെ പിതാവിന്റെ സിമി ഭൂതകാലം വരെ സംഘപരിവാര്‍ ഉപയോഗിച്ചു. ബിജെപിയുടേയും മോദിയുടേയും മാധ്യമ ഗുണ്ടാപ്പണികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സുധീര്‍ ചൗധരിയുടെ സീ ടിവി സൃഷ്ടിച്ച വ്യാജ വീഡിയോ ടേപ്പുകളാണ് ജെഎന്‍യുവിനെ തകര്‍ക്കാനുള്ള സംഘപപരിവാര്‍ ശ്രമങ്ങളുടെ തുടക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വരെയുള്ളവര്‍ നട്ടാല്‍ കുരുക്കാത്ത ഈ നുണ പ്രചരിപ്പിച്ചു. ബിജെപി ഫണ്ട് ചെയ്യുന്ന നിങ്ങളുടേത് പോലുള്ള കോമഡി ചാനലുകളോട് താന്‍ സംസാരിക്കാറില്ലെന്ന് അര്‍ണാബ് ഗോസ്വാമിയോട് ഉമര്‍ ഖാലിദ് പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഇനി തന്നെ വിളിക്കരുതെന്ന് ട്വിറ്ററില്‍ ഉമര്‍ ആവശ്യപ്പെട്ടിരുന്നു. ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനായി പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ മുന്നോട്ട് വച്ചതിനെ വിമര്‍ശിച്ച് ഉമര്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് അഭിമുഖത്തിനെന്ന് പറഞ്ഞ് റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍മാര്‍ ഫോണില്‍ ഉമറിനെ ബന്ധപ്പെട്ടത്. നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും തുടര്‍ച്ചയായി ശല്യപ്പെടുത്തുകയുമായിരുന്നു റിപ്പബ്ലിക്കെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു. തുടര്‍ന്നാണ് ട്വീറ്റുമായി ഉമര്‍ രംഗത്തെത്തിയത്.

കനയ്യ കുമാറും ഉമര്‍ ഖാലിദും തങ്ങളുടെ ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്ഡി നേടി. ഇവരുടെ പിഎച്ച്ഡി പൂര്‍ത്തിയാകുന്നത് തടയാന്‍ സര്‍ക്കാരും സര്‍ക്കാരിന്റെ വിശ്വസ്ത ഭൃത്യനായ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഎന്‍യു ഭരണ സംവിധാനവും ശ്രമിച്ചെങ്കിലും ഇവര്‍ അത് പൂര്‍ത്തിയാക്കി. ഉന്നത പഠന അവസരങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജീവിക്കാനുള്ള ആഗ്രഹവുമായി മുന്നോട്ടുപോകുന്നയാളാണ് ഉമര്‍ ഖാലിദ്. ഗൗരി ലങ്കേഷ് മകനെ പോലെ കണ്ടിരുന്ന യുവാക്കളിലൊരാള്‍.

ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രാവബോധ, സ്വതന്ത്ര ചിന്താ മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടെ വിഷ കൃഷിക്ക് തടസമാണെന്ന ബോധ്യത്തിലാണ് സംഘപരിവാര്‍ ഓപ്പറേഷന്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് ഉമര്‍ ഖാലിദും കനയ്യ കുമാറും ഷെഹ്ല റാഷിദുമെല്ലാം ലക്ഷ്യം വയ്ക്കപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ ഉത്പ്പന്നങ്ങളാണ്, അല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ വികസപ്പിച്ചെടുത്തവരാണ് ഇവരെല്ലാം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന നല്‍കിയിട്ടുള്ള കനയ്യയും ഷെഹ്ലയുമെല്ലാം അവരുടെ ഹിറ്റ് ലിസ്റ്റില്‍ പെട്ടവരാണ്. 79കാരനായ സ്വാമി അഗ്നിവേശ് മുതല്‍ 29കാരനായ ഉമര്‍ ഖാലിദ് വരെ നീളുന്ന ബൃഹത്തായ ഹിറ്റ് ലിസ്റ്റ് ആണ് അവരുടെ പക്കലുള്ളത്. ഈ ലിസ്റ്റ് ഇനിയും നീളാന്‍ ജനാധിപത്യ വിശ്വാസികള്‍ അനുവദിച്ചുകൂടാ.

ജെഎന്‍യുവില്‍ ഉമര്‍ ഖാലിദിന്‍റെ മുറിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍