UPDATES

ട്രെന്‍ഡിങ്ങ്

ലൗവ് ജിഹാദ് അല്ല, ഇസ്ലാം വിരോധം; അഫ്‌റസുള്ളിനെ ചുട്ടുകൊല്ലുന്നത് ചിത്രീകരിച്ചത് 14 കാരന്‍, കൊലയാളി മനോരോഗിയാണെന്നു കുടുംബം

ശംഭുലാലിന്റെ കുടുംബം ഉയര്‍ത്തുന്ന വാദങ്ങള്‍ പൊലീസ് തള്ളിക്കളയുകയാണ്

രാജസ്ഥാനിലെ രാജ് സമന്ദറില്‍ അമ്പതുകാരനായ അഫ്‌റസുള്ളിനെ മഴുവിന് അടിച്ച് അശവനാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതി ശംഭുലാല്‍ റേഗര്‍ മാനസികാസ്വാസ്ഥ്യമുള്ളയാലും കഞ്ചാവിന് അടിമയുമാണെന്ന് കുടുംബം. എന്നാല്‍ പൊലീസ് ഈ വാദങ്ങള്‍ തള്ളിക്കളയുകയും കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് ശംഭുലാല്‍ നടത്തിയിരിക്കുന്നതെന്നും പറയുന്നു.

36 കാരനായ ശംഭുലാലിന്റെ ഭാര്യ സീത റേഗര്‍ പറയുന്നത് ശംഭുലാല്‍ എന്തിനങ്ങനെ ചെയ്തു എന്നു തനിക്ക് മനസിലാകുന്നില്ലെന്നാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന് ഒരു ജോലി ഇല്ലായിരുന്നു. മിക്ക സമയങ്ങളിലും മരിജുന വലിച്ചുകൊണ്ടിരിക്കും. പിന്നെ തെരുവിലൂടെ വെറുതെ ചുറ്റിനടക്കും. പക്ഷേ അദ്ദേഹത്തിന് ഒരു കൊലനടത്താന്‍ കഴിയുമെന്നൊന്നും കരുതിയതേയില്ല; സീത റേഗര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

മൂന്നു കുട്ടികളുടെ പിതാവാണ് ശംഭുലാല്‍ റേഗര്‍. മാനസികസ്ഥിരതയില്ലാത്തയാളാണ് തന്റെ ഭര്‍ത്താവെന്ന് സീത പറയുന്നു. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയതാണ്. പിന്നീട് വിവരമൊന്നും അറിയില്ലായിരുന്നു. വാര്‍ത്തകളിലൂടെ കൊലപാതക വിവരം അറിയുന്നത്.

ലൗവ് ജിഹാദ്; രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്നു/ ഞെട്ടിക്കുന്ന വീഡിയോ

അതേസമയം 48 കാരനായ അഫ്‌റസുള്ളിനെ ആക്രമിക്കുന്ന വീഡിയോയില്‍ അയാളെ കത്തിക്കുന്നതിനു മുന്നെ ശംഭുലാല്‍, ലൗവ് ജിഹാദിനെ കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഹിന്ദു-മുസ്ലിം പ്രണയമാണ് അഫ്‌റസുള്ളിന്റെ കൊലയ്ക്കു പിന്നിലെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. ശംഭുലാലിന്റെ ബന്ധത്തില്‍പ്പെട്ട പെണ്‍കുട്ടിക്കു അഫ്‌റസുള്ളുമായി ബന്ധമുണ്ടെന്നും അതാണ് ശംഭുലാലിന്റെ പ്രകോപിപ്പിച്ചതെന്നും കാരണമായി പറഞ്ഞിരുന്നു.

ശംഭുലാലിന്റെ കുടുംബവും ഇതേ കാരണമാണ് പറയുന്നതെന്നു ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരു പെണ്‍കുട്ടി പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു മുസല്‍മാന്റെ കൂടെ ഒളിച്ചോടി പോയി. അന്നവര്‍ക്ക് സഹായം ചെയ്തുകൊടുത്തത് അഫ്‌റസുള്‍ ആയിരുന്നു. തന്റെ മകളെ തിരികെ കൊണ്ടുവരണമെന്ന് സഹോദരനോട് ആ പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നുവെന്നും അതവന്‍ ചെയ്‌തെന്നും അതിനുശേഷം നിരവധി ഭീഷണികള്‍ അവനെ തേടി വരുമായിരുന്നുവെന്നും ശംഭുലാലിന്റെ സഹോദരി പറയുന്നു.

ലവ് ജിഹാദികളെ ചുട്ടുകൊല്ലും; ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥിന്റെ കൊലവിളി; ഇയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?

അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ശംഭുലാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഭീഷണി ഭയന്നാണ് താനിത് ചെയ്യുന്നതെന്നാണ്. അവര്‍(അഫ്‌റസുളും സുഹൃത്തും) ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയേയും കൊണ്ടു ഓടിപ്പോയിരുന്നു. അന്നവരെ ഞാന്‍ സഹായിച്ചിരുന്നു. അതിനുശേഷം എനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നു. ആ പെണ്‍കുട്ടിയുടെ സഹോദരനും ഞാനും സഹപാഠികളായിരുന്നു. അതുകൊണ്ട് കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടിയെ എനിക്കറിയാമായിരുന്നു. പെണ്‍കുട്ടിയുടെ ആളുകള്‍ എനിക്ക് അന്ത്യശാസന നല്‍കിയിരുന്നു. അവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുമായിരുന്നു.

എന്നാല്‍ ഈ കാര്യങ്ങള്‍ അഫ്‌റസുള്ളിന്റെ സഹോദരന്‍ മുഹമ്മദ് സാലിക് ഷെയ്ഖ് നിഷേധിക്കുകയാണ്. ഈ പറയുന്ന സംഭവത്തിലൊന്നും എന്റെ സഹോദരന്‍ ഉള്‍പ്പെട്ടിട്ടേയില്ല. അടിസ്ഥാനമില്ലാത്ത ആരോപണമാണ്. അമ്പതു വയസുള്ള, മൂന്നു പെണ്‍കുട്ടികളുടെ പിതാവായ ആളണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്കു മുമ്പെങ്ങോ നടന്ന ഏതോ സംഭവം എന്റെ സഹോദരന്റെ കൊലപാതകത്തിനുള്ള കാരണമാക്കുകയാണോ? സാലിക് ഷെയ്ഖ് ചോദിക്കുന്നു.

എന്നാല്‍ ശംഭുലാല്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത് വര്‍ഗീയമായ പകയാണ് ഈ ക്രൂരകൃത്യത്തിന് അയാളെ പ്രേരിപ്പിച്ചതെന്നതാണ്. കൊലപാതകം നടത്തിയശേഷമുള്ള മറ്റൊരു വീഡിയോയില്‍ ശംഭുലാല്‍ പറയുന്നത് താനിത് ചെയ്തത് എല്ലാ ഹിന്ദു സഹോദരിമാര്‍ക്കും വേണ്ടിയാണെന്നാണ്. ലൗവ് ജിഹാദിന്റെ കെണിയില്‍ ഹിന്ദു പെണ്‍കുട്ടികളും വീഴാതിരിക്കാനെന്നാണ്. പ്രകോപനപരമായ മറ്റു ചില പ്രസ്താവനകളും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇസ്ലാമിന്റെ സ്വാധീനത്തില്‍ ഇന്ത്യയുടെ ചരിത്രം മാറ്റപ്പെട്ടു പോയെന്ന് ശംഭുലാല്‍ പറയുന്നു. പദ്മാവതി. പി കെ എന്നീ ചിത്രങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഒരു വീഡിയോയില്‍ അയാള്‍ പറയുന്നത്, ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷം കഴിഞ്ഞു, ഈ വര്‍ഷങ്ങളിത്രയായിട്ടും ഒന്നും സംഭവിച്ചില്ല എന്നാണ്. ഇസ്ലാമിക് ജിഹാദ് ഇന്ത്യയില്‍ ഉണ്ടെന്നും ശംഭുലാല്‍ ആക്ഷേപം ഉയര്‍ത്തുന്നു.

ആ വീഡിയോ ഞാനും കണ്ടു, എന്റെ മോനെ എന്തിനാണവര്‍ കൊന്നത്? ഒരമ്മയുടെ ചോദ്യമാണ്

ഈ പ്രസ്താവനകള്‍ മുന്‍നിര്‍ത്തി ശംഭുലാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടത്തിയ കൊലയാണിതെന്നാണ് പൊലീസ് പറയുന്നത്. ശംഭുലാലിന്റെ മൊബൈലില്‍ നിന്നും വര്‍ഗീയത നിറഞ്ഞ പ്രകോപന പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് ഐ ജി ശ്രീവാസ്തവ മാധ്യമങ്ങളോട് പറയുന്നു. തങ്ങള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ശംഭുലാലിന് മാനസികാസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നു ശ്രീവാസ്തവ പറയുന്നു. ശംഭുലാലിന്റെ ഭാര്യ പറയുന്നതുപോലെ അയാള്‍ ലഹരിക്ക് അടിമയാണെന്നും കരുതാന്‍ വയ്യ. രണ്ടു വര്‍ഷം മുമ്പ് വരെ വിജയകരമായി മാര്‍ബിള്‍ ബിസിനസ് നടത്തിക്കൊണ്ടിരുന്ന ആളാണ് ശംഭുലാല്‍ റേഗര്‍ എന്നും ഐജി ശ്രീവാസ്തവ പറയുന്നു.

അതേസമയം ശംഭുലാല്‍ അഫ്‌റസുള്ളിനെ മര്‍ദ്ദിച്ച് കത്തിക്കുന്നത് കാമറയില്‍ പകര്‍ത്തിയത് കൊലയാളിയുടെ അനന്തരവനായ14 കാരനായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനുശേഷം ശംഭുലാല്‍ 12 കാരിയായ മകളെയും 14 കാരനായ അനന്തരവനേയും കൂട്ടി കെല്‍വായിലുള്ള ബന്ധുഗൃഹത്തിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. 14 കാരനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അഫ്‌റസുള്ളിന്റെ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ പരന്നതോടെ വര്‍ഗീയ കലാപ സാധ്യത മുന്‍കൂട്ടി കണ്ട് രാജസ്ഥാനില്‍ ഇന്റര്‍നെറ്റ് ബ്ലോക് ചെയ്തിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍