UPDATES

ഞങ്ങളെ ഇനിയും ‘പ്രീണിപ്പിക്കരു’ത്, മതം നോക്കാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യൂ; മമതാ ബാനര്‍ജിയോട് കൊല്‍ക്കത്തയിലെ മുസ്ലീങ്ങള്‍

മുസ്ലീം സമുദായത്തിലുള്ളവരോട് മമത ബാനര്‍ജി ഭരണകൂടം ഉദാരസമീപനം സ്വീകരിക്കുന്നു എന്ന ആരോപണത്തിന് മറുപടിയായാണ് കത്ത്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയിലെ മുസ്ലീം സമുദായത്തിന്റെ തുറന്ന കത്ത്. അടുത്തിടെ സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ട രണ്ടു സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നഗരത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ കത്തയിച്ചിരിക്കുന്നത്. ഒപ്പം, ന്യൂനപക്ഷ പ്രീണനം എന്നത് കേള്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷയാണ് നല്‍കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മമത ബാനര്‍ജി മുസ്ലീം പ്രീണനം നടത്തുകയാണ് എന്നാരോപിച്ച് ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ബംഗാളില്‍ വന്‍തോതില്‍ പ്രചരണം നടത്തുകയും തൃണമൂല്‍-ബിജെപി സംഘര്‍ഷം നിരവധി പേരുടെ കൊലപാതകത്തിന് വഴി തെളിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു കത്ത്.

കഴിഞ്ഞയാഴ്ച ഒരു രോഗി മരിച്ചതുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുകയും ഒരു ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരായിരുന്നു ഈ രോഗിയും തുടര്‍ന്നു നടന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നുമുള്ളത് വന്‍തോതിലുള്ള വര്‍ഗീയ പ്രചരണത്തിനും കാരണമായിരുന്നു. ഡോക്ടര്‍മാര്‍ സംഭവത്തില്‍ സമരം പ്രഖ്യാപിക്കുകയും ഇത് രാജ്യവ്യാപകമായി പടരുകയും ചെയ്തു. തുടര്‍ന്ന് മമത ബാനര്‍ജി തന്നെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി ഉപാധികള്‍ അംഗീകരിച്ചതോടെയാണ് ഡോക്ടര്‍മാര്‍ സമരം നിര്‍ത്താന്‍ തയാറായത്. ഡോക്ടര്‍മാര്‍ക്കെതിരെ സംസ്ഥാന ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുകയും ആക്രമിച്ചവരോട് മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു എന്ന ആരോപണവും അന്ന് ശക്തമായിരുന്നു.

മുന്‍ മിസ് ഇന്ത്യ കൂടിയായ ഉഷോഷി സെന്‍ഗുപ്തയെ ഒരു സംഘം യുവാക്കള്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചതും അവര്‍ സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തതും ഈ ആഴ്ചയില്‍ തന്നെയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഊബര്‍ ടാക്‌സി പിന്തുടര്‍ന്ന ഒരു സംഘം യുവാക്കള്‍ കാര്‍ ആക്രമിച്ച് നിര്‍ത്തിക്കുകയും ഉഷോഷിയെ ബലാത്കാരം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും മുസ്ലീം സമുദായത്തില്‍ നിന്നുള്ള എട്ടു യുവാക്കളായിരുന്നു.

ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ മമതാ ബാനര്‍ജിക്ക് കത്തയച്ചത്. മുസ്ലീങ്ങള്‍ ആയതിന്റെ പേരില്‍ ഒരാളെയും ശിക്ഷിക്കാതെ വിടരുതെന്ന് അവര്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ രൂപം: ഞങ്ങള്‍ ദശകങ്ങളായി കൊല്‍ക്കത്തയില്‍ ജീവിക്കുന്ന മുസ്ലീങ്ങളാണ്. ഈയടുത്തുണ്ടായ രണ്ടു സംഭവങ്ങള്‍- ഡേക്ടര്‍മാരെ ആക്രമിച്ചതും അഭിനേത്രി ഉഷോഷി സെന്‍ഗുപ്ത ആക്രമിക്കപ്പെട്ടതും- ഞങ്ങള്‍ക്ക് വളരെയധികം വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഈ രണ്ടു സംഭവങ്ങളിലെയും പ്രതികള്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളരാണ്. ഞങ്ങള്‍ക്കതില്‍ വേദനും ഒപ്പം നാണക്കേടുമുണ്ട്. ഈ കാര്യങ്ങള്‍ നേരിടുന്നതിന് രണ്ടു വഴികളുണ്ട്. 1. കുറ്റവാളികളെ അറസ്റ്റ് ചെയ്യുക. ഈ രണ്ടു സംഭവങ്ങളില്‍ മാത്രമല്ല, മുസ്ലീങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതു കുറ്റകൃത്യത്തിലേയും പ്രതികളെ അറസ്റ്റ് ചെയ്യുക. അവര്‍ മുസ്ലീങ്ങളാണ് എന്ന പേരില്‍ ഒരു വിധത്തിലും രക്ഷപെട്ടു പോകാന്‍ അനുവദിക്കരുത്- പൊതുവെ അങ്ങനെയൊരു കാഴ്ചപ്പാട് നിലനില്‍ക്കുന്നുണ്ട്. ഇത് ഒരു സമുദായത്തില്‍പ്പെട്ട ആളുകളെ പ്രത്യേകമായി സംരക്ഷിക്കുകയും അവരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു എന്ന് നിരവധി ആളുകള്‍ വിശ്വസിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.

രണ്ട്, ലിംഗ ബോധത്തെക്കുറിച്ചും നിയമവാഴ്ചയെ കുറിച്ചും പൗരബോധത്തെക്കുറിച്ചും കൊല്‍ക്കത്തയിലുള്ള മുസ്ലീം കുടുംബങ്ങള്‍ക്കും അവിടുത്തെ ചെറുപ്പക്കാര്‍ക്കും അവബോധം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും അവരോട് അക്കാര്യത്തില്‍ ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇത് ദീര്‍ഘകാലത്തേക്ക് ക്ഷമാപൂര്‍വം ചെയ്യേണ്ട ഒരു കാര്യമാണ്. പക്ഷേ, ഇത് എത്രയും വേഗം ചെയ്യേണ്ടതുമുണ്ട്.

മമത ബാനര്‍ജി ബംഗാളില്‍ മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്ന പ്രചരണം തന്നെയായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 18 സീറ്റുകള്‍ നേടാന്‍ കാരണമായത്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുസ്ലീങ്ങളെ മമത ബംഗാളില്‍ നിലനിര്‍ത്തുകയാണെന്നും ഇവരെ പുറത്താക്കുമെന്നുമുള്ള പ്രചരണവും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് തങ്ങള്‍ മൂലം ഇത്തരത്തിലൊരു പ്രചരണം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍