UPDATES

ഇന്ത്യ

നമോ ടിവി രാഷ്ട്രീയ ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എൻടി രാമറാവുവിന്റെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും ജീവചരിത്ര സിനിമകളെയും കമ്മീഷൻ തടഞ്ഞിട്ടുണ്ട്.

ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലാത്ത രാഷ്ട്രീയ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് നമോ ടിവിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്യാനായി തുടങ്ങിയ ചാനലാണ് നമോ ടിവി. സർട്ടിഫിക്കേഷനില്ലാത്ത ഒരു രാഷ്ട്രീയ പ്രചാരണ പരിപാടികളും നമോ ടിവിയിൽ ഉണ്ടാകരുതെന്ന് ഡൽഹി ചീഫ് ഇലക്ടറൽ കമ്മീഷന് നൽകിയ നിർദ്ദേശത്തിൽ ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇത്തരം ഉള്ളടക്കങ്ങൾ ഉടന്‍തന്നെ നീക്കം ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രീയ പാർട്ടിയാണ് നമോ ടിവി നടത്തുന്നത് എന്നതിനാൽ അതിന്റെ ഉള്ളടക്കങ്ങൾക്ക് കമ്മീഷന്റെ ഉത്തരവ് ബാധകമാണെന്ന് നിർദ്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഏത് രാഷ്ട്രീയ പ്രസിദ്ധീകരണത്തിനും ഈ കാലയളവിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മറ്റിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതില്ലാത്ത ഏത് ഉള്ളടക്കവും ഉടൻതന്നെ നീക്കം ചെയ്യേണ്ടതാണെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം അവസാനത്തിലാണ് നമോ ടിവി എന്ന സംരംഭം തുടങ്ങിയത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ ടിവി ചാനലിന്റെ വരവ് ദുരൂഹതയുളവാക്കിയിരുന്നു. തുടർച്ചയായ ചട്ടലംഘനങ്ങളാണ് ഈ ചാനൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോപണമുയർന്നു. കടുത്ത സമ്മര്‍ദ്ദങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുകയും അവ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് വളരുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ നടപടിക്ക് മുതിർന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടക്കുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ്സും ആംആദ്മി പാർട്ടിയും ചാനലിനെതിരെ പരാതി നൽകിയിരുന്നു. മാർച്ച് 10 മുതൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇടയിൽ റിലീസ് ചെയ്യാനിരുന്ന മോദിയുടെ ജീവചരിത്രസിനിമ ‘പിഎം നരേന്ദ്രമോദി’യെ കമ്മീഷൻ തടഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ നമോ ടിവിയെയും തടഞ്ഞുവെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും കമ്മീഷൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. പ്രസ്തുത വിഷയത്തിലുള്ള ഡൽഹി ചീഫ് ഇലക്ടറൽ കമ്മീഷന്റെ റിപ്പോർട്ട് കാക്കുകയാണ് തങ്ങളെന്നാണ് പറഞ്ഞിരുന്നത്.

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എൻടി രാമറാവുവിന്റെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെയും ജീവചരിത്ര സിനിമകളെയും കമ്മീഷൻ തടഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ശേഷമേ ഈ ചിത്രങ്ങൾക്ക് വെളിച്ചം കാണാനാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍