UPDATES

ട്രെന്‍ഡിങ്ങ്

കൂടുതല്‍ കരുത്തനായി മോദി; വിമര്‍ശനങ്ങളെ എങ്ങനെ നേരിടും?

സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ച് രാജ്യസഭയിലും ഭൂരിപക്ഷം നേടുക എന്നതാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം.

ഭരണഘടനയില്‍ തൊട്ട് വണങ്ങിയാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ന്യൂനപക്ഷങ്ങളെ സമഭാവനയോടെ കാണണമെന്നും എല്ലാ വിഭാഗങ്ങളുടേയും പിന്തുണയും വിശ്വാസവും നേടിയെടുക്കണമെന്നും മോദി ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പശുവിന്റേയും ബിഫിന്റേയും പേരിലുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തുടരുന്നു. മുസ്ലീങ്ങളെ “ജയ് ശ്രീരാം” വിളിപ്പിക്കുന്ന സംഭവങ്ങളുണ്ടായി.

അതേസമയം മോദി ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ ഈ പ്രസ്താവന വലിയ നിലപാട് മാറ്റമായും തീവ്രഹിന്ദുത്വ നിലപാട് തണുപ്പിക്കുന്നതിന്റെ ഭാഗമായും വിലയിരുത്തപ്പെടുന്നുണ്ട്. ‘ഖാന്‍ മാര്‍ക്കറ്റ് ഗാംഗും’ രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരവുമടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത മുസ്ലീം വിരുദ്ധ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മോദി രണ്ടാം തവണ അധികാരമേല്‍ക്കുന്ന വേളയില്‍ കൂടുതല്‍ പക്വതയോടെ ഇടപെടും എന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്. അതേമയം അതിന് മറുപടി നല്‍കേണ്ടത് വരും ദിവസങ്ങളില്‍ കാണാനിരിക്കുന്ന മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ്.

തിരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തി, സുപ്രീം കോടതിയിയെ പോലും പ്രതിസന്ധിയിലാക്കി, സിബിഐ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ദുരുപയോഗം ചെയ്തു, പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ജനാധിപത്യ സ്വാഭാവം ഇല്ലാതാക്കി അവയെ തകര്‍ത്തു, മാധ്യമങ്ങളെ നിശബ്ദമാക്കി – ഇങ്ങനെ നിരവധി ആരോപണങ്ങളാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉണ്ടായിരുന്നത്. വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നു എന്ന ആരോപണം വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെതിരെയുണ്ട്.

ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിതി ആയോഗ് ക്രിയാത്മകമായ യാതൊരു സംഭാവനയും നല്‍കിയില്ല എന്ന് മാത്രമല്ല. രാഷ്ട്രീയ പ്രസ്താവനകളടക്കം നടത്തി മോദി സര്‍ക്കാരിന്റെ പ്രചാരണ മെഷിണറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന ആരോപണവും ഉണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകള്‍ വര്‍ദ്ധിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും നടത്തിയ തുടര്‍ച്ചയായ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അതേസമയം 303 സീറ്റുമായി ബിജെപിയും 351 സീറ്റുമായി എന്‍ഡിഎയും വന്‍ വിജയം നേടി അധികാരത്തില്‍ വരുമ്പോള്‍ ഇത്തരം വിവാദങ്ങളും ആരോപണങ്ങളുമെല്ലാം തല്‍ക്കാലത്തേയ്ക്ക് പിന്നിലേയ്ക്ക് പോവുകയാണ്.

കാബിനറ്റിന്റെ കൂട്ടുത്തരവാദിത്തം എന്ന രീതി അട്ടിമറിച്ച് പ്രധാനമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുക എന്ന രീതി ഒരുപക്ഷെ ഇന്ദിര ഗാന്ധിയല്ലാതെ ഇന്ത്യയില്‍ പ്രയോഗിച്ച പ്രധാനമന്ത്രി മോദി മാത്രമായിരിക്കും. അതേസമയം ഇന്ദിര ഗാന്ധിയേക്കാള്‍ ശക്തമായ രീതിയിലാണ് മോദി തന്നിലേയ്ക്കുള്ള ഈ അധികാര കേന്ദ്രീകരണം നടപ്പാക്കിയത്. എല്ലാ വകുപ്പുകളിലും എല്ലാ പദ്ധതികളിലും മോദിയുടെ ഇടപെടലും മുഖവുമുണ്ടായിരുന്നു. റാഫേല്‍ യുദ്ധ വിമാന കരാറില്‍ ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇടപെട്ടു എന്നതിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പുകള്‍ അടക്കമുള്ള രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. എംപിമാര്‍ക്ക് പ്രധാനമന്ത്രി ക്ലാസ് എടുക്കുന്ന രീതിയുണ്ടായി. രണ്ടാം മോദി സര്‍ക്കാരില്‍ ഈ അധികാര കേന്ദ്രീകരണം ഒട്ടും കുറയാതെ നടപ്പാക്കപ്പെടാനാണ് സാധ്യത. കൂടുതല്‍ ശക്തനായി മാറിയ ബിജെപി പ്രസിഡന്റ് അമിത് ഷായും സ്വാഭാവികമായും മന്ത്രിയായില്ലെങ്കില്‍ പോലും എല്ലാ വകുപ്പിലും ഇടപെടാനിടയുണ്ട് എന്നാണ് വാര്‍ത്തകള്‍.

മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന് അനുസരിച്ചല്ലാതെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല എന്ന ആരോപണവും മോദിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയ ഒന്നാണ്. ബിജെപി ആസ്ഥാനത്ത് അമിത് ഷായോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനം അത് വ്യക്തമാക്കുന്നതാണ് എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. മോദി അവസാനമായി സ്വാഭാവികമായ ഒരു അഭിമുഖത്തിനിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ്. കരണ്‍ ഥാപ്പറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നേരിടാനാകാതെ മോദി അന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ച് രാജ്യസഭയിലും ഭൂരിപക്ഷം നേടുക എന്നതാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടി അധികാര തുടര്‍ച്ചയുണ്ടാക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. 2020 ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വരുന്നു. അതേവര്‍ഷം പകുതിയോടെ ബിഹാര്‍ നിയസഭ തിരഞ്ഞെടുപ്പിലേയ്ക്ക് പോകും. മന്ത്രിസഭയില്‍ ചേരാതെ, ബിജെപി പ്രസിഡന്റായി അമിത് ഷാ തുടര്‍ന്നേക്കും എന്ന വാര്‍ത്തകളും ഈ തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ്‌ എന്നാണ് സൂചനകള്‍.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നതും മോദി ഭരണകാലത്താണ്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ല നടക്കുന്നത് എന്നും മറ്റൊരു വഴിയുമില്ലാത്തതിനാലാണ് രാജ്യത്തെ ജനങ്ങളോട് ഇക്കാര്യം തുറന്നുപറയാനായി തങ്ങല്‍ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത് എന്ന് അവര്‍ക്ക് പറയേണ്ടി വന്നു. ഇതില്‍ പിന്നീട് ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയിയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി വന്നപ്പോള്‍ നാല് ജഡ്ജിമാര്‍ക്ക് പിന്തുണ നല്‍കിയിരുന്ന അഭിഭാഷകരടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിനെതിരെ തിരിഞ്ഞു. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ പ്രത്യേക സിറ്റിംഗ് ചേര്‍ന്നപ്പോള്‍ ചീഫ് ജസ്റ്റിസിന് മറയില്ലാത്ത പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ നിലകൊണ്ടു.

ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് കാരവന്‍ അടക്കമുള്ള മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു എങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ല എന്ന തീരുമാനമാണ് സുപ്രീം കോടതിയിലുണ്ടായത. അമിത് ഷാ പ്രതിയായിരുന്ന സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തിലുള്ള അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ പിന്നാലെ ഇല്ലാതായി.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലും മാലേഗാവ് സ്‌ഫോടനത്തിലും ഹിന്ദുത്വ സംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്നും ഹിന്ദു തീവ്രവാദി എന്നൊന്ന് തന്നെ ഇല്ലെന്നും അത് കോണ്‍ഗ്രസിന്റെ സൃഷ്ടിയാണ് എന്നും മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞ കാര്യങ്ങളാണ്. സ്‌ഫോടനകേസിലെ, തീവ്രവാദി ആക്രമണ കേസിലെ പ്രതിയായ പ്രഗ്യ സിംഗ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചിരുന്നു. മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശഭക്തന്‍ ആണ് എന്ന് പറഞ്ഞ മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യ സിംഗ് ഠാക്കൂര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച് ലോക്‌സഭയിലെത്തി. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന്റെ തലേ ദിവസവും ഒരു ബിജെപി എംഎല്‍എ പറഞ്ഞിരിക്കുന്നത് ഗോഡ്‌സെ ദേശീയവാദി ആണ് എന്നാണ്. ഗോഡ്‌സെ ദേശഭക്തന്‍ തന്നെയെന്ന് പറഞ്ഞ് ന്യയീകരിച്ച അനന്ത് കുമാര്‍ ഹെഗ്‌ഡെ ഇത്തവണയും മോദി മന്ത്രിസഭയിലുണ്ടാകുമോ എന്നതാണ് വിമര്‍ശകര്‍ ഉറ്റു നോക്കുന്ന മറ്റൊരു കാര്യം.

ഭരണഘടനയെ മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. തത്ക്കാലം അത് മോദിക്കില്ല. അത് ഇന്ത്യയില്‍ രാജീവ് ഗാന്ധിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. പക്ഷെ ഭരണഘടനാ സ്ഥാപനങ്ങുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വരുതിക്ക് കൊണ്ടുവന്നു എന്ന ആരോപണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി മോദി സര്ക്കരിനെതിരെ ഉയര്‍ന്നിരുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ വാജ്‌പേയ് സര്‍ക്കാരിനുണ്ടായിരുന്ന പാര്‍ലമെന്ററി ജനാധിപത്യ മര്യാദകള്‍ പിന്തുടരുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഭരണഘടനാ സ്ഥാപനങ്ങളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും രണ്ടാം മോദി സര്‍ക്കാര്‍ എത്തരത്തിലായിരിക്കും കൈകാര്യം ചെയ്യുക എന്നത് തന്നെയാണ് വന്‍  ഭൂരിപക്ഷം നേടി മോദി സര്‍ക്കാര്‍ ഇന്ന് വീണ്ടും അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ ഉയരുന്ന ചോദ്യങ്ങളില്‍ പ്രധാനം.

Azhimukham Special: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍