UPDATES

സംസ്ഥാനങ്ങളിലൂടെ

മോദി വാരണാസിക്ക് പുറമെ ബംഗളൂരു സൗത്തിലും മത്സരിക്കുമോ? കര്‍ണാടകയില്‍ ബിജെപിയെ യെദിയൂരപ്പ തോല്‍പ്പിക്കുമോ?

മോദി ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിന്ന് കൂടി മത്സരിക്കുന്നത് ആ സംസ്ഥാനത്തെ ബിജെപി പ്രതീക്ഷകള്‍ ഉയര്‍ത്തുമെന്ന് വിലയിരുത്തുന്ന നേതാക്കളുണ്ട്.

കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗിനും അരുണ്‍ ജയ്റ്റ്‌ലിക്കും നിതിന്‍ ഗഡ്കരിക്കും രവിശങ്കര്‍ പ്രസാദിനും ജഡ്ജിമാര്‍ക്കും മറ്റും യെദിയൂരപ്പ കോടിക്കണക്കിന് രൂപ നല്‍കിയതായി പറയുന്ന കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ലോക് സഭ തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പാണ്. രവിശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ വിശദീകരണവുമായി രംഗത്തെത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വലിയ തലവേദനയായിരിക്കുകയാണ് യെദിയൂരപ്പയുടെ ഡയറിയടക്കം ആധാരമാക്കി കാരവാന്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ബിജെപിയുടെ സാധ്യതകളെ ഇത് എങ്ങനെ ബാധിക്കും എന്ന ചോദ്യമുണ്ട്.

ഏപ്രില്‍ 18നും 23നുമായാണ് കര്‍ണാടകയിലെ 28 സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ്. ബംഗളൂരു സൗത്ത് മണ്ഡലത്തില്‍, അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാറിന്റെ സീറ്റില്‍ ഭാര്യ തേജസ്വിനിയെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മാറ്റി വച്ചിരിക്കുന്നത് വലിയ തോതില്‍ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ സീറ്റായി ബംഗളൂരു സൗത്തിനെ തിരഞ്ഞെടുക്കുമോ എന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ചോദ്യം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 184 സ്ഥാനാര്‍ത്ഥികളെ ഇന്നലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഉമേഷ് ജാദവും എ മ്ഞജുവും സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനും മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ കര്‍ണാടകയിലെ ആകെ 28 സീറ്റുകളില്‍ 16 എണ്ണമാണ് ബിജെപി നേടിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള വിഭാഗവും ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള രൂക്ഷമായ ഗ്രൂപ്പ് പോര് തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 16 സിറ്റിംഗ് എംപിമാരേയും മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. അതേസമയം ഇതും പാര്‍ട്ടിക്കകത്ത് വ്യാപകമായ അതൃപ്തികയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മത്സരിക്കുന്നു. കഴിഞ്ഞ തവണ വാരണാസിക്ക് പുറമെ ഗുജറാത്തിലെ വഡോദ്രയില്‍ മോദി മത്സരിച്ചിരുന്നു. രണ്ട് സീറ്റുകളിലും ജയിച്ച മോദി വഡോദ്ര ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ വാരണാസിയില്‍ മോദിയുടെ കാര്യങ്ങള്‍ അത്ര അനായാസകരമല്ല എന്ന വിലയിരുത്തലുകളുണ്ട്. ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരായ കര്‍ഷകരോഷം ശക്തമാണ്. ഇത് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. രൂക്ഷമായ തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തുന്നുണ്ട്. 2014 സാഹചര്യമല്ല നിലവിലുള്ളത്.

മോദിക്കെതിരെ എസ്പി – ബി എസ് പി സഖ്യത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് വരുന്നത്. കോണ്‍ഗ്രസ് മോദിക്കെതിരായ സ്ഥാനാര്‍ത്ഥിയെ പിന്തുച്ചേക്കാനുള്ള സാധ്യതയുണ്ട്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെ മനസിലുള്ള തന്ത്രങ്ങള്‍ ഇനിയും വ്യക്തമാകാനുള്ളതേയുള്ളൂ. കഴിഞ്ഞ തവണത്തെ പോലെ വഡോദ്ര പോലെ ഏതെങ്കിലും ഗുജറാത്തിലെയോ മറ്റോ ഏതെങ്കിലും സുരക്ഷിത മണ്ഡലം തേടിയേക്കാനും അല്ലെങ്കില്‍ ബിജെപി സ്വാധീനമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന ഒഡീഷയിലോ, ഏതെങ്കിലും ദക്ഷിണേന്ത്യന്‍ മണ്ഡലത്തിലോ കൂടി ജനവിധി തേടാന്‍ ഇടയുണ്ട്. ഒഡീഷയിലെ പുരിയില്‍ മോദി മത്സരിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ഉദ്ഘാടനങ്ങളെല്ലാം കൂടുതലും ദക്ഷിണേന്ത്യയിലായിരുന്നു. ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷയായ കര്‍ണാടക പിടിച്ചെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് മോദി ബംഗളൂരുവില്‍ മത്സരിക്കുമോ എന്ന ചോദ്യമുയരുന്നത്. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നും മത്സരിക്കാനുള്ള സംസ്ഥാന നേതൃത്വങ്ങളുടെ ക്ഷണങ്ങളെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. മോദി ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിന്ന് കൂടി മത്സരിക്കുന്നത് ആ സംസ്ഥാനത്തെ ബിജെപി പ്രതീക്ഷകള്‍ ഉയര്‍ത്തുമെന്ന് വിലയിരുത്തുന്ന നേതാക്കളുണ്ട്. ബംഗളൂരു സൗത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. 1996 മുതല്‍ അനന്ത് കുമാര്‍ തുടര്‍ച്ചയായി ആറ് തവണ മത്സരിച്ച മണ്ഡലം. മോദി ഈ സീറ്റിന്റെ കാര്യം പരിഗണിക്കുന്നുണ്ട് എന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എസുമായി സഖ്യത്തില്‍ മത്സരിച്ച ബി എസ് പി ഇത്തവണ ഒറ്റയ്ക്കാണ് ജനവിധി തേടുന്നത്. 11 സ്ഥാനാര്‍ത്ഥികളെ ബി എസ് പി പ്രഖ്യാപിച്ച് കഴിഞ്ഞു. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കടുത്ത വിമര്‍ശകനായ നടന്‍ പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപിക്കെതിരെ തനിക്ക് പിന്തുണ നല്‍കണമെന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്നും പ്രകാശ് രാജ് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സമുദായ വോട്ടുകളില്‍ ബിജെപിക്ക് നിര്‍ണായകം ലിംഗായത്തുകളുടെ പിന്തുണയാണ്. സംസ്ഥാനത്തെ ഏറ്റവും ശക്തനായ ലിംഗായത്ത് നേതാവ് യെദിയൂരപ്പയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ 101 സീറ്റ് നേടി ഏറ്റവും വലി ഒറ്റ കക്ഷിയാകാന്‍ ബിജെപിയെ സഹായിച്ചതില്‍ ലിംഗായത്ത് പിന്തുണ നിര്‍ണായകമാണ്. ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കിയ സിദ്ധരാമയ്യ സര്‍ക്കാരിന്റെ തന്ത്രമൊന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്തില്ല.

എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ എസിന് ദക്ഷിണ കര്‍ണാടകയിലെ പ്രബല സമുദായമായ വൊക്കലിഗകളുടെ പിന്തുണയുണ്ട്. അതേസമയം ജെഡിഎസിന് വിട്ടുകൊടുത്ത മാണ്ഡ്യയില്‍ പ്രതിസന്ധിയുണ്ട്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയാണ് ഇവിടെ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും വെല്ലുവിളിയാണ്. അംബരീഷിന് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം തന്നെയാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമതലയ്ക്ക് ധൈര്യം നല്‍കുന്നത്. ഏത് പാര്‍ട്ടി തന്നെ പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്ന് സുമലത വ്യക്തമാക്കിയിരുന്നു. ബിജെപി സുമലതയെ പിന്തുണച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. മാണ്ഡ്യയിലും ബംഗളൂരു റൂറല്‍ മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കരുത്തനായ ബിഎസ് ശ്രീരാമുലുവില്‍ നിന്ന് ബെല്ലാരി സീറ്റ് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കിയിരുന്നു. അതേസമയം ജെഡിഎസുമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാണ്. കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എമാരെ നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മന്ത്രിയടക്കമുള്ളവര്‍ തങ്ങള്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ നിരാശരാണെന്നും സിദ്ധരാമയ്യയെയാണ് ഇപ്പോളും നേതാവായി കാണുന്നത് എന്ന് പറഞ്ഞതും വിവാദമായിരുന്നു. 12 സീറ്റാണ് ആദ്യം ആവശ്യപ്പെട്ടെങ്കിലും എട്ട് സീറ്റ് കൊണ്ട് ജെഡിഎസ് തൃപ്തിപ്പെട്ടതോടെ സീറ്റ് വിഭജനം സംബന്ധിച്ച തലവേദന കോണ്‍ഗ്രസിന് ഒഴിവായി. കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ട് സീറ്റിലും മത്സരിക്കുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്

ബിജെപി – 17 സീറ്റ്
കോണ്‍ഗ്രസ് – 9
ജെഡിഎസ് – 2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍