UPDATES

ട്രെന്‍ഡിങ്ങ്

മോദി നെഹ്രുവിനേയും രാജീവ് ഗാന്ധിയേയും പോലെ, രാഹുല്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും രജനീകാന്ത്

രാഹുലിന് നേതൃപാടവം ഇല്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈകാര്യം ചെയ്യുക എളുപ്പമല്ല.

നരേന്ദ്ര മോദി, ജവഹര്‍ലാല്‍ നെഹ്രുവിനേയും രാജീവ് ഗാന്ധിയേയും പോലെ ഊര്‍ജ്ജസ്വലനായ നേതാവാണ് എന്ന് നടന്‍ രജനീകാന്ത്. മേയ് 30ന് ന്യഡല്‍ഹിയില്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വിജയമാണ് – രജനീകാന്ത് പറഞ്ഞു. രജനീകാന്തിനൊപ്പം കമല്‍ഹാസനും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണമുണ്ട്. രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും കമല്‍ഹാസനെ പോലെ രജനീകാന്ത് ഔദ്യോഗികമായി പര്‍ട്ടി രൂപീകരിച്ചിട്ടില്ല. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും വലിയ തോല്‍വി ഏറ്റുവാങ്ങുകയാണ് ഉണ്ടായത്.

നേരത്തെ രജനീകാന്ത് ബിജെപിയുമായി അടുക്കുന്നതായി സൂചനകളുണ്ടായിരുന്നെങ്കിലും രജനി ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. അതേസമയം 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മുഴുവന്‍ സീറ്റിലും (234) മത്സരിക്കും എന്നാണ് രജനീകാന്ത് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ ആദ്യം അഭിനന്ദിച്ച രജനീകാന്തും കമല്‍ഹാസനും പിന്നീട് വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കരുത് എന്നും തന്റെ കഴിവ് ആളുകള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും രജനീകാന്ത് പറഞ്ഞു. രാഹുലിന് നേതൃപാടവം ഇല്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൈകാര്യം ചെയ്യുക എളുപ്പമല്ല. രാഹുല്‍ ഗാന്ധിയെ പോലൊരു ചെറുപ്പക്കാരന് യുവാക്കളെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണ്. മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി വേണ്ടവിധം സഹകരിച്ചില്ല. അവര്‍ കഠിനാധ്വാനം ചെയ്തില്ല – രജനീകാന്ത് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മോദി തരംഗമാണ് ഉണ്ടായതെങ്കില്‍ തമിഴ്‌നാട്ടിലും കേരളത്തിലും മോദി വിരുദ്ധ തരംഗമാണുണ്ടായത്. അതുകൊണ്ടാണ് ബിജെപി തോറ്റത്. ജനാധിപത്യത്തില്‍ പ്രതിപക്ഷം ശക്തമാകേണ്ടത് അനിവാര്യമാണ് എന്നും രജനീകാന്ത് പറഞ്ഞു. മോദി എതിരാളികളേക്കാള്‍ 10 മടങ്ങ് ശക്തനാണ്. പത്ത് പേര്‍ ഒരാള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ അതിന്റെ അര്‍ത്ഥമെന്താണ്. ആരാണ് ശക്തന്‍ – രജനീകാന്ത് ചോദിച്ചു.

ശൌര്യം ചോര്‍ന്ന പടനായകന്റെ പലായനം; എന്താണ് രാഹുലിന്റെ ലക്ഷ്യം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍