UPDATES

ജിജിന്‍ പി കുമാര്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ജിജിന്‍ പി കുമാര്‍

ട്രെന്‍ഡിങ്ങ്

ഒരു മലയാളി ഐഎഎസ് ഓഫീസര്‍ ബംഗാള്‍ ഗ്രാമത്തില്‍ ചെയ്യുന്നത് നരേന്ദ്ര മോദിക്കു പോലും മാതൃകയാക്കാവുന്നതാണ്

2014-ല്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത് 2019 ഒക്ടോബര്‍ 2 -ഓടു കൂടി രാജ്യത്തെ തുറസ്സായ മലവിസര്‍ജ്ജനം (Open Defecation) പൂര്‍ണമായി ഇല്ലായ്മ ചെയ്യും എന്നായിരുന്നു.

ഇന്ത്യയെ സമ്പൂര്‍ണ ശുചിത്വ രാജ്യമാക്കി അവതരിപ്പിക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായിരുന്നു സ്വച്ഛ് ഭാരത് അഭിയാന്‍ (SBA). അധികാരത്തിലേറിയതിനു പിന്നാലെ മോദി ഇന്ത്യയെ ശുചിയാക്കാന്‍ ഇറങ്ങി തിരിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും പ്രധാനമന്ത്രിയെ അനുകരിക്കാന്‍ സാധാരണ ജനങ്ങളും സെലിബ്രിറ്റികളും തെരുവുകളിലിറങ്ങുന്നതും പ്രതീക്ഷ നല്‍കുന്ന കാഴ്ചയായിരുന്നു. 2014-ല്‍ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാന്റെ ലക്ഷ്യമായി പറഞ്ഞിരുന്നത് 2019 ഒക്ടോബര്‍ 2 -ഓടു കൂടി രാജ്യത്തെ തുറസ്സായ മലവിസര്‍ജ്ജനം (Open Defecation) പൂര്‍ണമായി ഇല്ലായ്മ ചെയ്യും എന്നായിരുന്നു.

ലോകബാങ്കിന്റെ കണക്കു പ്രകാരം, 2000-ത്തില്‍ മൊത്ത ജനസംഖ്യയില്‍ 66 ശതമാനത്തോളം ആയിരുന്ന വെളിയിടങ്ങളിലെ മലവിസര്‍ജ്ജനം 2010 ആയപ്പോഴേക്കും 48 ശതമാനവും, 2015-ല്‍ 40 ശതമാനമായും എത്തി നില്‍ക്കുന്നു. ലഭ്യമായ പുതിയ കണക്കനുസരിച്ച് ഇന്ത്യ തന്നെയാണ് ഇക്കാര്യത്തില്‍ അയല്‍ രാജ്യങ്ങളെക്കാള്‍ മുന്നില്‍. എല്ലാ രാജ്യങ്ങളും 2015 ആയതോടെ വര്‍ഷാവര്‍ഷം തുടര്‍ച്ചായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്കിന്റെ കണക്കില്‍ 2015 വരെയുള്ള കാലയളവില്‍ തുറസ്സായ മലവിസര്‍ജ്ജ്യത്തില്‍ വന്നിടുള്ള കുറവ് കാലാനുസൃതമാറ്റമായി കാണാം. 2015നു ശേഷമുള്ള കണക്കുകള്‍ ലോകബാങ്കിന്റെ കയ്യില്‍ ലഭ്യമല്ല.


Source: World Bank

.

Source: World Bank

എന്നാല്‍ ഈ പ്രശ്‌നം ഏറിയപങ്കും നികത്തുന്നതാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കംപാഷനേറ്റ് എകണോമിക്‌സിന്റെ-റൈസിന്റെ (Research Institute for Compassionate Economics- RICE) പുതിയ സര്‍വേ ഫലങ്ങള്‍. ഏറെ കൊട്ടിഘോഷിക്കപ്പെട്ട സ്വച്ച് ഭാരത് മിഷന്റെ ഗ്രാമീണ മേഖലയിലെ സ്വാധീനം അളക്കുകയാണ് റൈസ്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രധാനപ്പെട്ട നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൗചാലയങ്ങളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുകയും തുറസ്സായ സ്ഥലത്തെ മലവിസര്‍ജ്ജനം പ്രത്യക്ഷത്തില്‍ കുറഞ്ഞതായും കാണുന്നു. ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് അവര്‍ പഠന വിധേയമാക്കിയത്. ഈ സംസ്ഥാനങ്ങളിലാകെയുള്ള ഗ്രാമീണ ജനതയുടെ എണ്ണം ഇന്ത്യയുടെ ആകെ ഗ്രാമീണ ജനതയുടെ അഞ്ചില്‍ രണ്ടു ഭാഗത്തോളം വരും. 120 ഗ്രാമങ്ങളിലുമായി മൊത്തം 1558 കുടുംബങ്ങള്‍ പഠന വിധയമായി. സര്‍ക്കാര്‍ പദ്ധതി പ്രകാരം, മധ്യപ്രദേശും രാജസ്ഥാനും തുറസ്സായ മലവിസര്‍ജ്ജന മുക്ത സംസ്ഥാനങ്ങളായി (ODF states) പ്രഖ്യാപിച്ചു കഴിഞ്ഞു.

നൂറു ശതമാനം കക്കൂസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉത്തര്‍പ്രദേശും നൂറു തികയ്ക്കാനായ ബീഹാറും പ്രഖ്യാപനം കാത്തിരിക്കുന്നു. 2014-ല്‍ പഠന വിധേയമാക്കിയ കക്കൂസ് ഇല്ലാതിരുന്ന അറുപതു ശതമാനം വീടുകളും 2018-ഓടെ പദ്ധതിക്ക് കീഴിലായിക്കഴിഞ്ഞു. 2014ല്‍ തുറസ്സായി മലവിസ്സര്‍ജനം നടത്തിയിരുന്ന 70 ശതമാനത്തോളം വരുന്ന ഗ്രാമ വാസികളില്‍ നിന്നും 2018 ആയപ്പോഴേക്കും നാല്‍പ്പതു മുതല്‍ അമ്പതു ശതമാനമായി കുറഞ്ഞു എന്നാണ് കണ്ടെത്തല്‍. ഈ കുറവത്രയും കൈവരിച്ചത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള കക്കൂസ് നിര്‍മ്മാണത്തിലൂടെ തന്നെയാണ്. പത്തില്‍ ആറു പേര്‍ക്കെന്നോളം സ്വന്തമായി മലമൂത്രവിസ്സര്‍ജന സൗകര്യം ഇല്ലാതിരുന്ന വീടുകളിലെല്ലാം ഇപ്പോള്‍ അതിനുള്ള സൗകര്യമായിക്കഴിഞ്ഞു. പക്ഷേ, സ്വന്തമായി കക്കൂസ് ഉള്ളവരില്‍ പരസ്യമായി മലവിസര്‍ജ്ജനം നടത്തുന്നവരുടെ ശതമാനം (23%) ഒരു മാറ്റവുമില്ലാതെ തുടരുന്നതായാണ് പഠനം കണ്ടെത്തിയത്.


SOURCE: Research Institute for Compassionate Economics (RICE)

കക്കൂസ് നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിലല്ലാതെ, അത് ഉപയോഗിക്കാനുള്ള മാനസിക സന്നദ്ധത ജനങ്ങളില്‍ കൊണ്ടുവരാന്‍ ഈ പദ്ധതിക്കായിട്ടില്ല. പദ്ധതി നിര്‍വഹണത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥരും ലക്ഷ്യം വെക്കുന്നത് നിര്‍മ്മാണ പുരോഗതിയില്‍ മാത്രമാണ്. അധികാരികളില്‍ നിന്ന് നിര്‍ബന്ധിത നിര്‍മ്മാണവും ഭീഷണിയും മുന്‍പ് പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്തിനേറെ പറയുന്നു, പ്രധാനമന്ത്രി ദത്തെടുത്ത വാരണാസിയിലെ നഗേപൂര്‍ എന്ന ഗ്രാമം ഇതുവരെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനങ്ങളില്‍ നിന്നും മുക്തമായിട്ടില്ലെന്നാണ് ദേശീയ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മന്ത്രാലയം കണക്കെടുപ്പില്‍ നല്‍കിയ സ്‌കോറില്‍ പൂജ്യമായിരുന്നു നഗേപൂരിന്റെ സ്‌കോര്‍. പ്രധാനമന്ത്രി ദത്തെടുത്തിട്ടുള്ള മറ്റ് രണ്ട് ഗ്രാമങ്ങളായ ജയാപൂര്‍, കഖാറാഹിയ എന്നി പ്രദേശങ്ങളും ഇക്കാര്യത്തില്‍ മുന്നേറിയിട്ടില്ല.

2017 അവസാനത്തോടെ ഐക്യരാഷ്ട്രസഭ വിലയിരുത്തിയത് സ്വച്ഛ് ഭാരത് അഭിയാന്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല എന്നായിരുന്നു. അതിന് പ്രധാന കാരണമായി ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന തോട്ടിവേലയെയാണ് ചൂണ്ടിക്കാട്ടിയത്. മനുഷ്യര്‍ നേരിട്ടിറങ്ങി വിസര്‍ജ്ജ്യങ്ങള്‍ നീക്കം ചെയ്യുന്നത് ഇല്ലാതാക്കാന്‍ ഇതുവരെ കഴിയാത്തത് സ്വച്ഛ് ഭാരത് അഭിയാന്റെ വലിയ പരാജയം തന്നെയാണെന്ന് യുഎന്‍ വിലയിരുത്തി. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും തോട്ടിപ്പണിക്ക് നിര്‍ബന്ധിക്കപ്പെടുന്നത് താഴ്ന്ന ജാതിയില്‍പ്പെട്ടവരാണ്. ഇന്ത്യയിലെ കക്കൂസുകള്‍ മലിനജല സംസ്‌കരണസംവിധാനങ്ങളുമായി ബന്ധിപ്പിക്കാത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ടെന്ന് യുഎന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, നാലുലക്ഷത്തിലധികം കുടുംബങ്ങള്‍ക്കു കൂടി ശൗചാലയ സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് പരസ്യ മലവിസര്‍ജ്ജന വിരുദ്ധ ജില്ലയാവാനിരിക്കുകയാണ് കര്‍ണാടകയിലെ മൈസൂര്‍. അവിടെ ജില്ലാ പഞ്ചായത്ത് നേരിട്ടെത്തി ബോധവല്‍കരണവും പരിശോധനയും നടത്താനാണ് പദ്ധതി. സ്വയം സഹായ സംഘങ്ങളുടെയും വിദ്യാര്‍ഥികളുടെയും സഹായം ഇതിനായി പ്രയോജനപ്പെടുത്തുകയാണ്. 2013-14 മുതല്‍ ആരംഭിച്ച പദ്ധതിയില്‍ 263 ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിരുന്നു. ഹുന്‍സൂര്‍ മേഖലയിലെ ആദിവാസികളില്‍ പകുതിയോളം പേരും ജലക്ഷാമം കാരണം കക്കൂസ് ഉപയോഗിക്കാന്‍ മടിക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ഗ്രാമ, പ്രാന്ത പ്രദേശങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും പദ്ധതിയുടെ ഉപയോഗം എത്തണമെങ്കില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും, കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നുള്ളതാണ്ഏക മാര്‍ഗം.

ഈ പശ്ചാലത്തില്‍ തീര്‍ച്ചയായും ഓര്‍മിക്കേണ്ട ഒരു മലയാളി ഐഎഎസ് ഓഫീസര്‍ ഉണ്ട്. മൂവാറ്റുപുഴ സ്വദേശി ഡോ. പി.ബി സലീം. ഏറ്റവും കൂടുതല്‍ കാലം കോഴിക്കോട് കലക്ടറുടെ കസേരയിലിരുന്ന ഉദ്യോഗസ്ഥന്‍. മൂന്നു വര്‍ഷത്തിലേറെ കോഴിക്കോട്ടെ കലക്റ്റര്‍ ആയി ജനഹൃദയം കീഴടക്കിയ അദ്ദേഹത്തിന്റെ പിന്നീടുള്ള സേവനം ലഭ്യമായത് പശ്ചിമബംഗാളിലെ നദിയ (Nadia) എന്ന ജില്ലയിലായിരുന്നു. 2013-15 കാലത്ത് പി.ബി. സലീം നടപ്പിലാക്കിയ സബര്‍ ശൗചാഗര്‍ (Sabar Shouchagar) എന്ന പദ്ധതി 52 ലക്ഷത്തോളം ജനസംഖ്യയുള്ള നദിയയെ തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനത്തില്‍ നിന്നും പൂര്‍ണമായി വിമുക്തമാക്കി. സ്വച്ച് ഭാരത് പദ്ധതിക്ക് കൃത്യം ഒരു വര്‍ഷം മുന്‍പാണ് സബര്‍ ശൗചാഘറിന്റെ വരവ്. ഒന്നര വര്‍ഷം കൊണ്ട് തന്നെ മൂന്നു ലക്ഷത്തിയമ്പതിനായിരത്തിലധികം കക്കൂസുകള്‍ നിര്‍മ്മിച്ച് രാജ്യത്തിനു മാതൃകയായി. എല്ലാ ജനവിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും വിവിധ ഏജന്‍സികളും ഈ മുന്നേറ്റത്തില്‍ അണിനിരന്നു.

സാധാരണ സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്യുന്ന രീതിക്കു വിഭിന്നമായിട്ടായിരുന്നു പദ്ധതി ആസൂത്രണവും നടത്തിപ്പും. കേവലം കക്കൂസുകളുടെ നിര്‍മ്മാണത്തിനു പകരം യുവജനങ്ങളെ സ്വാധീനിക്കാന്‍ യുവജന സംഘടനയുടെയും, സ്ത്രീകളെ സ്വാധീനിക്കാന്‍ സ്വയം സഹായ സംഘടനകളെയും, ആശാ പ്രവര്‍ത്തകരുടെയും, ഡോക്ടര്‍മാരുടെ സംഘത്തിന്റെയും, മത-രാഷ്ട്രീയ മേഖലയിലുള്ളവരെ ഉണര്‍ത്താന്‍ അതാതു സംഘടനകളുടെയും സഹായം തേടി. കൂടാതെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു. സ്‌കൂളുകളില്‍ ആഴ്ച തോറും പ്രാര്‍ത്ഥനക്കു പകരം പ്രതിജ്ഞയടക്കമുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു. വിഭവ സമാഹരണത്തിനായി ജനപങ്കാളിത്തം ഉറപ്പു വരുത്തി. തൊഴിലുറപ്പ് പദ്ധതിയും സ്വയം സഹായ സംഘങ്ങളുടെ സേവനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. ജനങ്ങള്‍ തന്നെ പദ്ധതി നടത്തിപ്പിനു ചുക്കാന്‍ പിടിച്ചു.

2015 മാര്‍ച്ചില്‍ യൂണിസെഫ് (UNICEF) പദ്ധതി പ്രദേശത്ത് പഠനം നടത്തുകയും, ജില്ലയിലെ 99.8 ശതമാനം ആളുകളും കക്കൂസ് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പദ്ധതിക്ക് മുമ്പുള്ള വെറും 60 ശതമാനത്തില്‍ നിന്നും ആയിരുന്നു ഈ വളര്ച്ച. 2015 ഏപ്രില്‍ 13ന് ഇന്ത്യയിലെ ആദ്യ തുറസ്സായ മല വിസര്‍ജ്ജന മുക്ത (ഛഉഎ) ജില്ലയായി നദിയ പ്രഖ്യാപിക്കുകപ്പെട്ടു. തുടര്‍ന്ന്, ഈ പദ്ധതി ലോകത്തെ മികച്ച പദ്ധതിയായി ഐക്യ രാഷ്ട്ര സംഘടന (UNO) തിരഞ്ഞെടുക്കുകയും യു.എന്‍.എന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് പി.ബി. സലീമിനു സമ്മാനിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ പദ്ധതികള്‍ വിജയകരമായി നടത്തിയ പി.ബി.സലീമിനെ പോലുള്ള ഉദ്ധ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തും വിധം കൃത്യമായ ആസൂത്രണം ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമാണ്. വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കല്‍ എന്നാല്‍ കക്കൂസ് നിര്‍മാണം എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. പര്യാപ്തമായ ജലവിതരണം സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ കക്കൂസുകള്‍ നിര്‍മിക്കുന്നതിനു മുമ്പ് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. ആളുകളുടെ സ്വഭാവങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതും ആവശ്യമാണ്. ജനങ്ങള്‍ക്കിടയിലെക്ക് ഇറങ്ങിച്ചെന്നു വേണം ജനങ്ങളിലെ സ്വഭാവ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത്. ഭൗതികസൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവയോടുള്ള മാനസികമായ പൊരുത്തം ജനങ്ങളില്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആദ്യം ഊന്നല്‍ നല്‍കേണ്ടത്. സാംസ്‌കാരികമായി അടിവേരുകളുള്ള പ്രശ്‌നമാണ് തുറസ്സായ മലമൂത്ര വിസര്‍ജ്ജനം. മിക്ക ഗ്രാമ പ്രദേശങ്ങളിലും ഇത് സാമൂഹിക അംഗീകാരമുള്ള പെരുംമാറ്റച്ചട്ടമാണ് (Socially Accepted Norm). അതിനെതിരെ പൊരുതാന്‍ തീര്‍ത്തും വികേന്ദ്രീകൃതവും എല്ലാ മേഖലയില്‍ നിന്നുമുള്ള ജനപങ്കാളിത്തം ഉറപ്പാക്കുന്നതുമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടണം.

ജിജിന്‍ പി കുമാര്‍

ജിജിന്‍ പി കുമാര്‍

എകണോമിക്സില്‍ ഗവേഷണ വിദ്യാര്‍ഥി, മദ്രാസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് (MIDS), ചെന്നൈ.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍