UPDATES

കാര്‍ഷിക, തൊഴിലാളി പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക്; മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് സമര പരമ്പരകള്‍

ആര്‍എസ്എസ്-ബിജെപി ഒരുക്കുന്ന ഹിന്ദുത്വ പ്രചരണത്തെ ഒരു പരിധി വരെ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ മൂന്നു നിര്‍ണായക സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായ നരേന്ദ്ര മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് കര്‍ഷക, ട്രേഡ് യൂണിയന്‍, വിദ്യാര്‍ത്ഥി സമരങ്ങളുടെ പരമ്പര. ജനുവരി എട്ടിനും ഒമ്പതിനും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കാണ് ഇതില്‍ ആദ്യത്തേത്. അന്നു തന്നെ സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ ‘ഗ്രാമീണ ബന്ദും’ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തില്‍ രാജ്യവ്യാപകമായി രണ്ടു ദിവസം പൂര്‍ണ പണിമുടക്കാണ് ട്രേഡ് യൂണിയന്‍, കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി പത്തൊമ്പതിനാണ് വിവിധ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ‘സേവ് ക്യാമ്പസ്, സേവ് എഡ്യൂക്കേഷന്‍, സേവ് നേഷന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, സന്നദ്ധസംഘടനകള്‍ എന്നിവരെ ഒരുമിപ്പിച്ചുള്ള വമ്പന്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖല മോദി സര്‍ക്കാര്‍ വര്‍ഗീയവത്ക്കരിക്കുകയും ഒപ്പം സ്വകാര്യ മേഖലയ്ക്ക് പൂര്‍ണമായി തീറെഴുതുകയാണെന്നും ആരോപിച്ചാണ് മാര്‍ച്ച്.

തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെയാണ് ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ രണ്ടു ദിവസത്തെ പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന് ഇന്നലെ കിസാന്‍ സഭ പിന്തുണ പ്രഖ്യാപിച്ചു. ആ ദിവസം രാജ്യത്തെ ഗ്രാമീണ മേഖലകളെക്കൂടി പൂര്‍ണമായി സ്തംഭിപ്പിക്കാനാണ് തീരുമാനം. ട്രേഡ് യൂണിയന്‍ പണിമുടക്ക് നഗര മേഖലകളെയാണ് പ്രധാനമായും ബാധിക്കുക എന്നതിനാല്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ അടക്കമുള്ളവയ്ക്ക് ശ്രദ്ധ കിട്ടണമെങ്കില്‍ ഗ്രാമീണ മേലഖകളും പ്രതിഷേധിക്കുക എന്നതിന്റെ ഭാഗമായാണ് അന്ന് ഗ്രാമീണ ബന്ദ് നടത്തുന്നത്തെന്ന് കിസാന്‍ സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകരെ ഒരു വിധത്തിലും പരിഗണിക്കാത്ത സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ നവംബര്‍ 29-30 തീയതികളില്‍ ഡല്‍ഹിയിലേക്ക് ഒരുലക്ഷത്തിലധികം കര്‍ഷകരുടെ മാര്‍ച്ച് നടന്നിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (AIKSCC)യെന്ന 208 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായിരുന്നു ഇത് സംഘടിപ്പിച്ചത്. ഇതിന്റെ പ്രധാന നേതൃത്വങ്ങളിലൊന്നും കിസാന്‍ സഭയ്ക്കാണ്. ഇതിനു മുമ്പ് സെപ്റ്റംബര്‍ അഞ്ചിനും കിസാന്‍ സഭ, സിഐടിയു, അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലും വമ്പന്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ പത്തിന് ഇന്ധനവില വര്‍ധനവിനെതിരെ ഭാരത് ബന്ദ് നടന്നത്. നവംബര്‍ മൂന്നിന് വിവിധ പാര്‍ട്ടികളുടെ യുവജന സംഘടനകളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയിരുന്നു.

ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന പണിമുടക്കിനും കിസാന്‍ സഭയുടെ ഗ്രാമീണ ബന്ദിനും വിവിധ സന്നദ്ധ സംഘടനകള്‍ കൂടി ഉള്‍പ്പെടുന്ന 106 സംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാര്‍ ആന്ദോളനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷകരുടെ ശബ്ദം കേള്‍ക്കൂ: മോദി സര്‍ക്കാരിനോട് എംഎസ് സ്വാമിനാഥന്‍

ജനുവരി 27-ന് വിരമിച്ച സൈനികരുടെ സംഘടന ‘വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിന് കിസാന്‍ സഭ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകളില്‍ വിരമിച്ച സൈനികരുടെ സംഘടനകളും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഓരോ വീടുകളിലും ഒരു സൈനികനും ഒരു കര്‍ഷകനുമെങ്കിലും ഉണ്ടാവും, ഇരു കൂട്ടരോടും നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരേ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ഡോ. ധാവ്‌ലെ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

AIKSCC- ന്റെ നേതൃത്വത്തില്‍ കൂടുതല്‍ സമര പ്രക്ഷോഭങ്ങള്‍ ആലോചനയിലാണെന്നാണ് സംഘാടകര്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വിവിധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കിസാന്‍ സഭ നേതാക്കള്‍ ഇന്നലെ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന കര്‍ഷക പോരാട്ടങ്ങളുടെ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകരെ മുന്‍ നിര്‍ത്തി പ്രകടന പത്രിക തയാറാക്കുന്നതും അധികാരത്തിലെത്തിയ മധ്യ പ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കടമെഴുതിത്തള്ളല്‍ പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഞങ്ങളുടെ ശബ്ദം കേള്‍ക്കൂ’; പാര്‍ലമെന്റിലേക്ക് ഇരച്ചെത്തി കര്‍ഷക രോഷം/ ചിത്രങ്ങളിലൂടെ

കാര്‍ഷിക പ്രശ്‌നങ്ങള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയമാകുന്നതു തന്നെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിനെ തുടര്‍ന്നാണ്. ഇതിനു പിന്നാലെ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം വേദിയാവുകയും ചെയതു. രാജസ്ഥാനിലെ സിക്കാറില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലും മധ്യപ്രദേശിലെ മാന്ദ്‌സൗറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും മോദി സര്‍ക്കാരിനെതിരെ തുടങ്ങി വച്ച കര്‍ഷക പ്രക്ഷോഭങ്ങളാണ് ഇന്ന് വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. സിപിഎമ്മിന് ഇത്തവണ രാജസ്ഥാനില്‍ നിന്ന് വിജയിക്കാന്‍ കഴിഞ്ഞ രണ്ടു ശ്രീ ദുംഗാര്‍ഗഡ്, ഭദ്ര മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചത് കിസാന്‍ സഭയുടെ ബിക്കാനീര്‍ ജില്ല പ്രസിഡന്റ്റ് ഗിരിധര്‍ലാല്‍ മഹിയ, ഭദ്ര ഉള്‍പ്പെടുന്ന ഹനുമാന്‍ഗഡിലെ കിസാന്‍ സഭ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ബല്‍വാന്‍ പൂനിയ എന്നിവരുമാണ്. ഇതില്‍ പൂനിയ 23,153 വോട്ടുകള്‍ക്കാണ് നിലവിലെ എംഎല്‍എ ആയിരുന്ന ബിജെപിയുടെ സഞ്ജീവ് കുമാറിനെ തോല്‍പ്പിച്ചത്. മഹിയ ഇവിടെ 72,376 വോട്ടുകള്‍ നേടി കോണ്‍ഗ്രസിന്റെ മംഗല്‍റാമിനെ 23,896 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി ഇവിടെ ആകെ നേടിയത് 2,500 വോട്ടുകള്‍ ആയിരുന്നു എന്നിടത്തു നിന്നാണ് കാര്‍ഷക പ്രക്ഷോഭങ്ങള്‍ സിപിഎമ്മിന് ഇത്തവണ വിജയം സമ്മാനിച്ചതും.

കാര്‍ഷിക പ്രശ്നങ്ങള്‍ക്കൊപ്പം റാഫേല്‍ അടക്കമുള്ള അഴിമതികളായിരുന്നു മോദി സര്‍ക്കാരിനെതിരെ മധ്യ പ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉന്നയിച്ചത് എങ്കില്‍ കാര്‍ഷിക, തൊഴിലാളി പ്രശ്നങ്ങള്‍ തന്നെയായിരിക്കും ലോക് സഭ തെരഞ്ഞെടുപ്പിലും പ്രധാന ആയുധമാക്കുക എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഇന്നലെ സൂചന നല്‍കുകയും ചെയ്തു. കര്‍ഷകരെ യാതൊരു വിധത്തിലും സഹായിക്കാത്ത കര്‍ഷക വിരോധി സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. കോണ്‍ഗ്രസ് കടമെഴുതിത്തള്ളല്‍ പ്രഖ്യാപിച്ചത് നടപ്പാക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം കര്‍ഷകരാണ് രാജ്യത്തിന്‍റെ അവകാശികളെന്നും അല്ലാതെ മോദിയുടെ 15  വ്യവസായ സുഹൃത്തുക്കള്‍ അല്ലെന്നും പറയുകയും ചെയ്തതിലൂടെ ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗൌരവകരമായി ഏറ്റെടുക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. AIKSCC നടത്തിയ കര്‍ഷക മാര്‍ച്ചിലും സീതാറാം യെച്ചൂരി, ശരത് പവാര്‍, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും വേദി പങ്കിട്ടിരുന്നു.

കര്‍ഷക മാര്‍ച്ച് Live: അവര്‍ യാചകരല്ല; കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയത് അവകാശത്തിനായി: കെജ്രിവാള്‍

ആര്‍എസ്എസ്-ബിജെപി ഒരുക്കുന്ന ഹിന്ദുത്വ പ്രചരണത്തെ ഒരു പരിധി വരെ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറയുന്നത്. AIKSCC-ന്റെ പാര്‍ലമെന്റ് മാര്‍ച്ചിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് ‘വേണ്ടത് അയോധ്യയല്ല, കടമെഴുതിത്തള്ളല്‍’ എന്നായിരുന്നു. അയോധ്യയില്‍ 2019-ന് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള കോലാഹലങ്ങള്‍ക്ക് അധികം പിന്തുണ ലഭിക്കാത്തതും ജനകീയ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് ഉയരുന്നു എന്നതിന്റെ സൂചനയാണ്.

അതേസമയം, കടമെഴുതിത്തള്ളല്‍ കൊണ്ട് മാത്രം രാജ്യത്തെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കിസാന്‍ സഭ ചൂണ്ടിക്കാട്ടുന്നു. ഒരു തവണ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതി തള്ളുകയും മിനിമം താങ്ങുവില വര്‍ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് ഭൂവധികാരം നല്‍കുകയും ചെയ്‌താല്‍ പിന്നീട് കടമെഴുതി തള്ളല്‍ പോലുള്ള നടപടികള്‍ വേണ്ടി വരില്ലെന്നും അവര്‍ പറയുന്നു.

വിശുദ്ധ പശുക്കളെ ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യന്‍ കര്‍ഷകരും കാലിക്കച്ചവടത്തിലെ സംഘപരിവാര്‍ അജണ്ടകളും

“യേ സര്‍ക്കാര്‍ ചോര്‍ ഹേ”: കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ച് യുപിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച്‌; ലാത്തിചാര്‍ജ്ജും വെടിവയ്പും

കാലിച്ചന്തയിലായാലും കശാപ്പുശാലയിലായാലും നോട്ടിഫൈഡ് കലപ്പ കർഷകന്റെ തോളിലിരിക്കും, ശബ്ദിക്കാൻ പറ്റില്ല

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

രാത്രി മുഴുവന്‍ അവര്‍ നടക്കുകയായിരുന്നു, നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍; ചെങ്കടലായി മുംബൈ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍