UPDATES

ട്രെന്‍ഡിങ്ങ്

രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രമന്ത്രിമാരുടെ പട്ടികയായി; രാത്രി ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള പേരുകളും ഉയരുന്നു

കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിനുള്ള ചര്‍ച്ചയിലുള്ളത്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ഭരണത്തിലേക്കുള്ള കേന്ദ്രമന്ത്രിമാരുടെ പട്ടികയായി. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. അതേ സമയം രാത്രി വൈകിയും തുടരുന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുമുള്ളവരുടെ പേരുകളും ഉയരുന്നുണ്ട്. അമിത് ഷാ മന്ത്രിസഭയിലേക്കില്ല. അതേസമയം മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ വീണ്ടും എത്തിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

നാളെ വൈകിട്ടാണ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍. 1500 ഓളം അതിഥികളും ബിംസ്‌ടെക് രാജ്യത്തലവന്‍മാരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ പുതിയ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഴയ അംഗങ്ങളായ പ്രകാശ് ജാവദേക്കര്‍, നിര്‍മ്മലാ സീതാരാമന്‍, അര്‍ജുന്‍ മേഘ്‌വാള്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പുതിയ മന്ത്രിസഭയിലും അംഗങ്ങളാകും എന്നാണ് സൂചന.

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ദോവല്‍ തുടരും. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും, നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായക പദവിയുണ്ടാകും. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിനുള്ള ചര്‍ച്ചയിലുള്ളത്.

അതേസമയം പുതിയ മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോദി, ജയ്റ്റ്‌ലിയെ കാണുകയാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയത്. ജയ്റ്റ്‌ലിക്ക് പകരം ധനമന്ത്രിസ്ഥാനത്തേക്ക് മുന്‍ ഊര്‍ജ, റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ എത്തുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, ജയ്റ്റ്‌ലി പുതിയ മന്ത്രിസഭയിലുണ്ടാകണം എന്ന് തന്നെയാണ് മോദിയുടെ താത്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read: എനിക്ക് മന്ത്രിസ്ഥാനം വേണ്ട: മോദിക്ക് അരുണ്‍ ജയ്റ്റ്‌ലിയുടെ കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍