UPDATES

വിദേശം

മൂന്ന് ആന്‍ഡമാൻ ദ്വീപുകള്‍ക്ക് മോദി പുതിയ പേരിടും; ജപ്പാൻ അധിനിവേശത്തെ സ്മരിച്ച് 150 മീറ്റർ ഉയരത്തിൽ പതാകയുയര്‍ത്തും

സുഭാഷ് ചന്ദ്രബോസ് ‘ആസാദ് ഹിന്ദ് സർക്കാർ’ രൂപീകരിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദർശനവും പേരിടലും.

ഡിസബംർ 30ന് പോർട്ട് ബ്ലെയർ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദ്വീപുകളുടെ പേര് മാറ്റും. മോദി തന്നെയാണ് പേരിടൽ നടത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റോസ്, നെയ്ൽ, ഹാവ്‌ലോക്ക് എന്നീ ദ്വീപുകളുടെ പേരാണ് മാറ്റുക. റോസ് ദ്വീപിന് സുഭാഷ് ചന്ദ്രബോസ് എന്ന് പേരിടും. നെയ്ൽ ദ്വീപിന് ഷഹീദ് എന്ന പേരാണിടുക. ഹാവി‌ലോക്ക് ദ്വീപിന് സ്വരാജ് ദ്വീപ് എന്നും പേരിടും. ജപ്പാൻ ലോകയുദ്ധകാലത്ത് ആൻഡമാൻ ദ്വീപിൽ നടത്തിയ അധിനിവേശത്തെ സ്മരിച്ച് മോദി 150 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തും.

‘ആസാദ് ഹിന്ദ് സർക്കാർ’

സുഭാഷ് ചന്ദ്രബോസ് ‘ആസാദ് ഹിന്ദ് സർക്കാർ’ രൂപീകരിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദർശനവും പേരിടലും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പോർട്ട് ബ്ലെയർ സന്ദർശിക്കുന്നുണ്ട്.

ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെയും ജപ്പാൻ ചക്രവർത്തിയുടെയും പിന്തുണയോടെ സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ചതാണ് ആസാദ് ഹിന്ദ് സർക്കാർ. 1943ൽ ജപ്പാൻ അധിനിവേശ പ്രദേശമായിരുന്ന സിംഗപ്പൂരിൽ വെച്ചായിരുന്നു ഇത്. രണ്ടാംലോകയുദ്ധകാലത്ത് ഹിറ്റ്‌ലറുടെ ജർമനി നിരവധി ലോകരാഷ്ട്രങ്ങളിൽ പാവ സർക്കാരുകളെ രൂപീകരിച്ചിരുന്നു. ഇതിനു സമാനമായ രീതിയിലാണ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിക്കപ്പെട്ടത്. ലോകയുദ്ധകാലത്ത് ജപ്പാൻ ആൻഡമാൻ ദ്വീപുകളിൽ അധിനിവേശം നടത്തുകയുണ്ടായി. അന്ന് ബോസ് ദ്വീപിൽ പതാക ഉയർത്തുകയും ചെയ്തിരുന്നു. ഷഹീദ്, സ്വരാജ് എന്നീ പേരുകൾ അന്ന് നിർദ്ദേശിച്ചതും സുഭാഷ് ചന്ദ്രബോസ്സാണ്. ജപ്പാന്റെ അധീനതയിലായിരുന്നുവെങ്കിലും ചില ചരിത്രമെഴുത്തുകാർ ഇതിനെ ഒരു ‘സ്വതന്ത്രരാജ്യ’മെന്നാണ് വിശേഷിപ്പിക്കുന്നത്.

ഹിറ്റ്‌ലറുടെയും ജപ്പാൻ ചക്രവര്‍ത്തിയുടെയും പിന്തുണയോടെ ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ച സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ്സ് അവഗണിച്ചെന്ന് നരേന്ദ്രമോദി നിരന്തരമായി ഉന്നയിക്കുന്ന വിമർശനമാണ്.

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സർ‌ ഹെൻറി ഹാവ്‍ലോക്കിന്റെ പേരാണ് ദ്വീപുകളിലൊന്നിനുള്ളത്. ഈ ദ്വീപിനെയാണ് സ്വരാജ് എന്ന് പേരിടുക.

ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് സംസ്ഥാന സർക്കാർ ആർഎസ്എസ് ദീർഘകാലമായി നിർദ്ദേശിക്കുന്ന പേരുകളിട്ടിരുന്നു. മുഗൾ സരായ്, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹബാദ്, പ്രയാഗ്‍രാജ് എന്നും ഫൈസാബാദ് മാറ്റി അയോധ്യ എന്നുമാക്കി മാറ്റി. ഹൈദരാബാദ് നഗരത്തിന്റെ പേരും ഇതേ രീതിയിൽ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഉന്നയിക്കുന്നുണ്ട്. ‘ഭാഗ്യ നഗർ’ എന്നാണ് കണ്ടുവെച്ചിട്ടുള്ള പേര്. പൂന്തോട്ടങ്ങളുടെ നഗരമെന്ന അർത്ഥത്തിൽ ‘ഭാഗേ നഗർ’ എന്ന വിശേഷണം ഹൈദരാബാദിനുണ്ട്. ഇതിനെ ദേവതാനാമവുമായി ബന്ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍