UPDATES

വാര്‍ത്തകള്‍

സൈന്യത്തേയും മതത്തേയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് മോദിയും യോഗിയും

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സീറ്റിൽ മത്സരിക്കാൻ രാഹുലിന് ധൈര്യമില്ലെന്ന് മഹാരാഷ്ട്രയിലെ വാർധയിൽ സംസാരിക്കവെ മോദി പറഞ്ഞു. ഇക്കാരണത്താലാണ് ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള ഒരു മണ്ഡലത്തിലേക്ക് രാഹുൽ പോയിരിക്കുന്നത്.

സൈന്യത്തേയും മതത്തേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിന് വില കല്‍പ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യോഗി ആദിത്യനാഥിന്റേയും നിയമലംഘനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാര്‍ധയില്‍ വര്‍ഗീയ പ്രസംഗമാണ് ഇന്ന് നടത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഹിന്ദു ഭൂരിപക്ഷ മേഖലയായ ഉത്തര്‍പ്രദേശിലെ അമേഥിയില്‍ നിന്ന് ഒളിച്ചോടി കേരളത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വയനാട്ടിലേയ്ക്ക് പോയത് ഹിന്ദുക്കളെ പേടിച്ചാണ് എന്നാണ്.

ഹിന്ദു മേഖലയിൽ നിന്നും രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും മോദി പരിഹസിച്ചു. വയനാട് മുസ്ലിം മണ്ഡലമാണെന്നും പാകിസ്താൻ അനുകൂലികളാണ് അവിടെയുള്ളതെന്നുമുള്ള സംഘപരിവാര്‍
പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഇതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന.

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സീറ്റിൽ മത്സരിക്കാൻ രാഹുലിന് ധൈര്യമില്ലെന്ന് മഹാരാഷ്ട്രയിലെ വാർധയിൽ സംസാരിക്കവെ മോദി പറഞ്ഞു. ഇക്കാരണത്താലാണ് ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള ഒരു മണ്ഡലത്തിലേക്ക് രാഹുൽ പോയിരിക്കുന്നത്. ‘ഹിന്ദു ഭീകരത’ എന്ന വാക്ക് സൃഷ്ടിച്ചത് കോൺഗ്രസ് ആണെന്ന് മോദി ആരോപിച്ചു. 5000 വർഷം പഴക്കമുള്ള ഹിന്ദു സംസ്കാരത്തെ അപമാനിക്കുകയാണ് ഇതുവഴി കോൺഗ്രസ് ചെയ്തതെന്നും മോദി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ഭീകരവാദികള്‍ക്കൊപ്പം ബിരിയാണി കഴിക്കുമ്പോള്‍ മോദിജിയുടെ സേന ഭീകരരെ വെടി കൊണ്ട് മൂടുകയായിരുന്നു എന്നാണ് യുപിയിലെ ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ യോഗി പറഞ്ഞത്. കോണ്‍ഗ്രസുകാര്‍ മസൂദ് അസ്ഹറിനെ പോലുള്ളവരെ പേരിനൊപ്പം ജി ചേര്‍ത്ത് വിളിച്ച് പ്രോത്സാഹിപ്പിക്കുന്നു. ഇതാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ശബരിമല അടക്കമുള്ള മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ സേനകളുമായി ബന്ധപ്പെട്ടതും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങളാക്കരുത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനേയും ഇന്ത്യന്‍ സൈനികരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് വ്യാപകമായി പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ താക്കീത് നല്‍കിയത്.

പുല്‍വാമ ഭീകരാക്രമണത്തിനും ബലാകോട്ട് വ്യോമാക്രമണത്തിനും ശേഷം വ്യാപകമായി സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരിക്കുന്നു. ബലാകോട്ട് വ്യോമാക്രമണം പ്രധാനമന്ത്രി മോദിയുടേയും സര്‍ക്കാരിന്റേയും വലിയ നേട്ടമായി അവതരിപ്പിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ 250 ഭീകരര്‍ ബലാകോട്ട് ബോംബിംഗില്‍ കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നു. ബലാകോട്ട് വ്യോമാക്രമണം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും മോദി തരംഗമുണ്ടാകുമെന്നും കര്‍ണാടകയില്‍ 22 സീറ്റെങ്കിലും ബിജെപി നേടുമെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദിയൂരപ്പ പറഞ്ഞത് വലിയ വിവാദമായിരുന്നു.

ഡിആര്‍ഡിഒയുടേയും ഐഎസ്ആര്‍ഒയുടേയും നേട്ടമായ ആന്റി സാറ്റലൈറ്റ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതും ഉപഗ്രഹം തകര്‍ത്തതും പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് വിവാദമായിരുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അതേസമയം മോദിയുടെ നടപടിയില്‍ പെരുമാറ്റച്ചട്ട ലംഘനം ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനത്തെ വിമര്‍ശിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍