UPDATES

മോദിയുടെ ആസ്തി 52% വർധിച്ചു; ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് എംഎ ബിരുദം; യശോദാബെൻ ഭാര്യ

മോദിക്ക് നാല് സ്വർണവളകള്‍ സ്വന്തമായുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നതിനെ അപേക്ഷിച്ച് 52% വർധിച്ചു. വാരാണസിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. 2.5 കോടി രൂപയുടെ മൂല്യമുള്ള ആസ്തികളാണ് മോദിക്കുള്ളത്. ഇതിൽ ഗാന്ധിനഗറിലെ പ്ലോട്ടും ഉൾപ്പെടും. സ്ഥിരനിക്ഷേപമായി 1.27 കോടി രൂപയാണുള്ളത്. കൈയിൽ പണമായി 38,750 രൂപയുണ്ട്.

യശോദാബെൻ ആണ് ഭാര്യയെന്ന് മോദി തന്റെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. തനിക്ക് എംഎ ബിരുദമുണ്ടെന്നും മോദി പറയുന്നു. ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് 1983ലാണ് താൻ ബിരുദാനന്തരബിരുദം നേടിയതെന്നും പറയുന്നുണ്ട്. ബിരുദം നേടിയത് ഡൽഹി സർവ്വകലാശാലയിൽ നിന്നാണ്. 1978ൽ. ആർട്സ് ബിരുദമാണിത്. എസ്എസ്‌സി പരീക്ഷ ജയിച്ചതായും പറയുന്നുണ്ട്.

ആകെ ആസ്തികളിൽ ജംഗമമായിട്ടുള്ളവയ്ക്ക് 1.41 കോടിയുടെ മൂല്യമുണ്ട്. സ്ഥാവര ആസ്തി 1.1 കോടിയുടേതാണ്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിൽ 20,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. നാഷണൽ സേവിങ് സര്‍ട്ടിഫിക്കറ്റിൽ 7.61 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. 1.9 ലക്ഷം രൂപ എൽഐസി പോളിസി നിക്ഷേപമുണ്ട്.

മോദിക്ക് നാല് സ്വർണവളകള്‍ സ്വന്തമായുണ്ട്. 45 ഗ്രാം തൂക്കമുള്ള ഇവയുടെ വില 1.13 ലക്ഷം രൂപയാണ്. സേവിങ്സ് അക്കൗണ്ടിൽ 4,143 രൂപയാണുള്ളത്.

വിവാദ പ്ലോട്ട്

ഈയിടെ വിവാദമായ ഗാന്ധിനഗറിലെ പ്ലോട്ടിനെക്കുറിച്ചും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സെക്ടർ 1ൽ 3,531 സ്ക്വയർഫീറ്റ് പ്ലോട്ടുണ്ടെന്നാണ് പറയുന്നത്. 2002 മുതലുള്ള സത്യവാങ്മൂലങ്ങളിലെ വിവരങ്ങൾ പ്രകാരം ഈ പ്ലോട്ടിന്റെ കാര്യത്തിൽ ദുരൂഹതകളുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഈ ഭൂമി സർക്കാരിൽ നിന്നും കിട്ടിയതാണ്. മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഈ മേഖലയിൽ രാഷ്ട്രീയ നേതാക്കൾക്ക് ഭൂമി നൽകുന്ന സ്കീം സർക്കാർ കൊണ്ടു വന്നത്.

2007ലെ സത്യവാങ്മൂലത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ സെക്ടർ 1, പ്ലോട്ട് 411ന്റെ ഉടമ താനാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള സത്യവാങ്മൂലങ്ങളിൽ ഈ പ്ലോട്ടിനെക്കുറിച്ച് പരാമർശമില്ല. 2012ലെയും 2014ലെയും സത്യവാങ്മൂലങ്ങളിൽ ഈ പ്ലോട്ട് മോദിയുടെ ഉടമസ്ഥതയിലുള്ളതായി പറയുന്നില്ല. ഓരോ വർഷവും പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ നൽകിയിരുന്ന സ്വത്തുവിവരങ്ങളിലും ഈ പ്ലോട്ടിനെക്കുറിച്ച് പറയുന്നില്ല. ലഭ്യമായ രേഖകൾ പറയുന്നതു പ്രകാരം ഈ ഭൂമി ഇപ്പോഴും മോദിയുടെ കൈവശമാണുള്ളതെന്ന് കാണിച്ച് ഹരജി സമർപ്പിക്കപ്പെട്ടിരുന്നു. 2012 മുതലുള്ള മോദിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ പ്ലോട്ട് 401/A-യുടെ നാലിലൊന്നിന്റെ ഉടമ താനെന്ന് മോദി പറയുന്നുണ്ട്. എന്നാൽ ഗാന്ധിനഗറില്‍ ഇത്തരമൊരു പ്ലോട്ട് ഉള്ളതായി ഗുജറാത്ത് റെവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ഭൂരേഖകളിൽ പറയുന്നില്ല.

2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷമാണ് ഈ ഭൂമി മോദി വാങ്ങിയിരിക്കുന്നത്. എന്നാൽ, ഏതുവിധേനയാണ് ഈ ഭൂമി താൻ സ്വന്തമാക്കിയതെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍