UPDATES

“ബോസിനെ ഒരു കുടുംബം ഒതുക്കി”: മോദി; ഐഎന്‍എ ബ്രിഗേഡുകളുടെ പേരറിയാമോ എന്ന് ‘ഫേസ്ബുക്കിലെ നെഹ്രു’

ഐഎന്‍എ ജവാന്മാര്‍ക്ക് വേണ്ടി വാദിക്കാനായി അഭിഭാഷകരായ നെഹ്രുവും തേജ് ബഹദൂര്‍ സപ്രുവും കൈലാഷ്‌നാഥ് കട്ജുവും ചെങ്കോട്ടയിലേയ്ക്ക് പോകുന്നതാണ് മറ്റൊരു പോസ്റ്റിലെ ഫോട്ടോ.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയെന്ന പോലെ തന്നെ സുഭാഷ് ചന്ദ്ര ബോസിനേയും രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അസാധാരണമായ വിധത്തില്‍ ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ഐഎന്‍എയുടെ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് നിലവില്‍ വന്നതിന്‍റെ 75ആം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് എന്ന് വേണം കാണാം. നെഹ്രു കുടുംബത്തിനെതിരെ പേരെടുത്ത് പറയാതെയുള്ള ആക്രമണം മോദിയുടെ ഇന്നത്തെ പ്രസംഗത്തിലുമുണ്ടായിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ഐഎന്‍എ തൊപ്പി ധരിച്ചാണ് മോദി പ്രസംഗിച്ചത്. നേതാജിയേയും സര്‍ദാര്‍ പട്ടേലിനേയും അംബേദ്‌കറെയും ഒരു കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് ഒതുക്കിയതായി മോദി ആരോപിച്ചു.

ബന്ധു കൃഷ്ണ ബോസ് അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരം 2015ല്‍ മോദി സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കിയത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രു നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയിലേയ്ക്ക് വരാതെ തടഞ്ഞു എന്നും അദ്ദേഹം വിദേശത്ത് തടവില്‍ കിടന്ന് മരിക്കുകയായിരുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഡീക്ലാസിഫൈ ചെയ്ത ഫയലുകള്‍, സുഭാഷ് ചന്ദ്ര ബോസ് 1945ല്‍ തായ് വാനിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു എന്ന ധാരണയെ തിരുത്തുന്നതോ അദ്ദേഹം പിന്നീടും ജീവിച്ചിരുന്നു എന്ന് സ്ഥാപിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കിയുമില്ല. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിക്ക് (ജെഎന്‍യു) സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്‌സിറ്റി എന്ന് പേരുമാറ്റം വേണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ നെഹ്രുവിനെതിരായ പ്രചാരണങ്ങള്‍ ബിജെപി – സംഘപരിവാര്‍ വൃത്തങ്ങള്‍ സജീവമായി തുടരുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി വേണം മോദി സര്‍ക്കാര്‍ ഇന്ന് സംഘടിപ്പിച്ച ആസാദ് ഹിന്ദ്‌ അനുസ്മരണത്തെ കാണാന്‍.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേയും സുഭാഷ് ചന്ദ്ര ബോസിന്റേയും ഡോ.ബിആര്‍ അംബേദ്കറുടേയും സംഭാവനകള്‍ ഒരു കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി തമസ്‌കരിച്ചു എന്ന് മോദി ആരോപിച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുകയാണെന്ന് മോദി അവകാശപ്പെട്ടു. ആസാദ് ഹിന്ദ് ഫൗജ് അംഗങ്ങള്‍ ബ്രിട്ടീഷ് കോടതിയുടെ വിചാരണ നേരിട്ട ചെങ്കോട്ടയിലെ ബാരക്കില്‍ ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം സ്ഥാപിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയെ നയിച്ചവര്‍ ബ്രിട്ടീഷ് നയങ്ങള്‍ തന്നെയാണ് പിന്തുടര്‍ന്നതെന്നും ബ്രിട്ടീഷ് കണ്ണടയിലൂടെയാണ് അവര്‍ കാര്യങ്ങളെ കണ്ടതെന്നും മോദി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ നയങ്ങളാണ് ഇതില്‍ പ്രധാനമെന്നും മോദി പറഞ്ഞു. സര്‍വകലാശാലകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിബറല്‍ ജനാധിപത്യ സ്വഭാവവും മറ്റും ഇല്ലാതാക്കുന്നു എന്ന ആരോപണം മോദി സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈയടുത്ത് കോളേജ് അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പെരുമാറ്റ ചട്ടമടക്കമുള്ളവ, സ്വതന്ത്രമായ രാഷ്ട്രീയ ചര്‍ച്ചകളേയും സംവാദങ്ങളേയും തടസപ്പെടുത്തുന്നതായിരുന്നു. ജെഎന്‍യുവിലുള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നിരന്തര പ്രക്ഷോഭത്തിലാണ്.

പട്ടേലും ബോസുമാണ് ഇന്ത്യക്ക് വഴികാട്ടികളാവേണ്ടിയിരുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു. ഇവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യക്ക് ഗുണമുണ്ടാക്കിയേനെ. ഏതായാലും തന്റെ സര്‍ക്കാര്‍ ഇത്തരമൊരു മാറ്റം കൊണ്ടുവരാനുദ്ദേശിക്കുകയാണ്. ബോസിന്റെ പ്രത്യയശാസ്ത്രം ദേശീയതയായിരുന്നു. അദ്ദേഹം ജീവിച്ചത് അതിനെ അടിസ്ഥാനമാക്കിയാണ് – മോദി പറഞ്ഞു. അതേസമയം മോദിക്ക് മറുപടിയെന്നോണം ഫേസ്ബുക്കിലെ നെഹ്രുവിയന്‍ പേജ് ഇന്ന് ചോദിച്ച ചോദ്യം ഐഎന്‍എയുടെ ബ്രിഗേഡുകളുടെ പേരുകള്‍ അറിയാമോ എന്നാണ് – അവയ്ക്ക് മഹാത്മ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്രുവിന്റേയും മൗലാന അബുള്‍ കലാം ആസാദിന്റേയും പേരുകളാണിവ.

1946ല്‍ ഐഎന്‍എ പുറത്തിറക്കിയ കലണ്ടറിന്റെ ചിത്രവും പേജിലുണ്ട്. ജയ് ഹിന്ദ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കലണ്ടറില്‍ ഒന്നാമത് കാണുന്ന ചിത്രം നെഹ്രുവിന്റേതാണ്. രണ്ടാമത് ബോസ്, മൂന്നാമത് ആസാദ്.

ഐഎന്‍എ ജവാന്മാര്‍ക്ക് വേണ്ടി വാദിക്കാനായി അഭിഭാഷകരായ നെഹ്രുവും തേജ് ബഹദൂര്‍ സപ്രുവും കൈലാഷ്‌നാഥ് കട്ജുവും ചെങ്കോട്ടയിലേയ്ക്ക് പോകുന്നതാണ് മറ്റൊരു പോസ്റ്റിലെ ഫോട്ടോ.

ഐഎന്‍എ ഡിഫന്‍സ് കമ്മിറ്റി രൂപീകരണത്തിനായി മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവുമടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത കൂടിയാലോചന യോഗത്തിന്റെ ഫോട്ടോയാണ് മറ്റൊന്ന്.

EXPLAINER: അലഹബാദ് – ആ പേര് ആരെയാണ് അസ്വസ്ഥരാക്കുന്നത്?

നെഹ്രു ഇപ്പോഴും സംഘപരിവാറിനോട് കലഹിച്ചു കൊണ്ടിരിക്കുന്നു: 54-ാം ചരമദിനത്തില്‍ നെഹ്രുവിനെ വായിക്കുമ്പോള്‍

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍