UPDATES

എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കുന്നത് ഇന്ത്യന്‍ ദേശീയതയല്ല: മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് എല്‍കെ അദ്വാനി

രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല, പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതല്‍ ബിജെപി കണ്ടിരുന്നത് എന്ന് അദ്വാനി പ്രസ്താവനയില്‍ പറയുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട് അതൃപ്തിയിലായിരുന്ന ബിജെപി സ്ഥാപക നേതാക്കളിലൊരാളായ എല്‍കെ അദ്വാനി, ഏപ്രില്‍ ആറിന് പാര്‍ട്ടി സ്ഥാപകം ദിനം ആഘോഷിക്കാനിരിക്കെ എഴുതിയിരിക്കുന്ന ബ്ലോഗ് ശ്രദ്ധേയമാവുകയാണ്. മോദി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്വാനി ബ്ലോഗിലെഴുതിയിരിക്കുന്നത്. രാജ്യമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും പാര്‍ട്ടി പിന്നെയാണെന്നും ഏറ്റവും അവസാനമാണ് താനെന്നും അദ്വാനി പറയുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്ത ബഹുസ്വരതയോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണെന്നും രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായല്ല, പ്രതിയോഗികളായി മാത്രമാണ് തുടക്കം മുതല്‍ ബിജെപി കണ്ടിരുന്നത് എന്ന് അദ്വാനി ബ്ലോഗില്‍ പറയുന്നു.

ഇത്തവണ എല്‍കെ അദ്വാനിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ഇ മെയില്‍ ലഭിച്ചിരിക്കുന്നത്. സാധാരണ അദ്വാനിയുടെ പ്രസ്താവനകള്‍ അടക്കമുള്ളവ ബിജെപി മീഡിയ സെല്ലില്‍ നിന്നാണ് വരുന്നത്. [email protected] എന്ന ഇ മെയിലില്‍ നിന്നാണ് ഇത്തവണ ഇത് വന്നിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്വാനി ബ്ലോഗെഴുതിയിരിക്കുന്നത്. ഇതിന് മുമ്പുള്ള അവസാനത്തെ ബ്ലോഗ് അദ്വാനി എഴുതിയത് 2014 ഏപ്രില്‍ 23നാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 2014 മേയ് 26നും. അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമടക്കമുള്ള സ്ഥാപക നേതാക്കളെ മോദി-അമിത് ഷാ നേതൃത്വം ഒതുക്കിയിരുന്നു. ജോഷിക്കും ഇത്തവണ ലോക്‌സഭ സീറ്റ് നിഷേധിക്കുകയാണുണ്ടായത്. ഇരുവരും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ദേശീയത സംബന്ധിച്ച ഇന്ത്യന്‍ തത്വമനുസരിച്ച് രാഷ്ട്രീയമായി വിയോജിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന രീതിയില്ല എന്ന് അദ്വാനി പറയുന്നു. വ്യക്തിപരമായും രാഷ്ട്രീയമായും ഓരോ വ്യക്തിയുടേയും തിരഞ്ഞെടുപ്പുകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യത്തെയും ജനാധിപത്യ പാരമ്പര്യങ്ങളേയും പാര്‍ട്ടിക്കകത്തും രാജ്യത്താകെയും പ്രതിരോധിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട് – അദ്വാനി പറയുന്നു.

മാധ്യമങ്ങളടക്കം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും സ്വതന്ത്രമായും കരുത്തോടെയും നീതിപൂര്‍വമായും പ്രവര്‍ത്തിക്കണമെന്നാണ് ബിജെപിയുടെ താല്‍പര്യം. ഇത് സംരക്ഷിക്കുന്നതിനായി ബിജെപി എക്കാലവും മുന്‍നിരയിലുണ്ടായിരുന്നതായും അദ്വാനി അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് പരിഷ്‌കരണം, തിരഞ്ഞെടുപ്പ് ഫണ്ടിംഗ് അടക്കമുള്ളവ സുതാര്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാഷ്ട്രീയത്തെ അഴിമതിമുക്തമാക്കുന്നതിന് ഇത് അനിവാര്യമാണ് – അദ്വാനി പറയുന്നു.

അതേസമയം അദ്വാനിയുടെ വിമര്‍ശനത്തെ പ്രശംസയെന്ന നിലയില്‍ വഴിതിരിച്ചുവിട്ടുകൊണ്ടുള്ള ട്വീറ്റാണ് മറുപടിയായി മോദി നല്‍കുന്നത്. അദ്വാനിജി ബിജെപിയുടെ അന്തസത്ത വളരെ പൂര്‍ണതയോടെ വ്യക്തമാക്കിയിരിക്കുന്നു. രാജ്യം ആദ്യം, പാര്‍ട്ടി രണ്ടാമത്, അവനവന്‍ ഒടുവില്‍ എന്നതാണ് ആ മാര്‍ഗനിര്‍ദ്ദേശക മന്ത്രമെന്നും മോദി പറയുന്നു. അദ്വാനിജിയെ പോലുള്ള മഹാന്മാര്‍ ശക്തിപ്പെടുത്തിയ ബിജെപിയുടെ പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നതായും മോദി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍