UPDATES

ട്രെന്‍ഡിങ്ങ്

സാങ്കേതികത്വം പറഞ്ഞ് പ്ലാന്റ് അടച്ചിടാനാകില്ല; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ ദേശീയ ഹരിത ട്ര്യൂണലിന്റെ ഉത്തരവ്

തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചിടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർ‍ഡിന്റെ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണൽ റദ്ദാക്കി. പ്ലാന്റിന്റെ ശുദ്ധീകരണ കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപക്കണമെന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചിടാൻ തമിഴ്നാട് സർക്കാർ മെയ് മാസം അവസാനത്തിലാണ് ഉത്തരവിട്ടത്. മെയ് 22ന് പ്ലാന്റിനെതിരെ സമരം ചെയ്തവർക്കു നേരെയുണ്ടായ പൊലീസിന്റെ നിഷ്ഠൂരമായ വെടിവെപ്പിൽ സ്ത്രീകൾ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.

പ്ലാന്റ് അടച്ചിടണമെന്ന തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുന്നതോ ന്യായീകരിക്കത്തക്കതോ അല്ലെന്ന് ഹരിത ട്രിബ്യൂണൽ പറഞ്ഞു.

തൂത്തുക്കുടി ജില്ലയിലെ താമസക്കാർക്കു വേണ്ടി 100 കോടി രൂപ ചെലവിടാനും ട്രിബ്യൂണൽ ഉത്തരവായിട്ടുണ്ട്. ഈ പണം ചെലവിടുന്നത് പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു.

1974ലെ തമിഴ്നാട് മലിനീകരണ നിയന്ത്രണ നിയമത്തിലെ 33A, 31A, എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. ജലം, വായു എന്നിവ മലിനീകരിക്കുന്നതിനെതിരായ വകുപ്പുകളാണിവ. ഈ ഉത്തരവിനെതിരെ വേദാന്ത ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഇതെത്തുടർന്ന് ഹരിത ട്രിബ്യൂണൽ ഒരു സമിതിയെ പഠനത്തിനായി നിയോഗിച്ചു. മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തരുൺ അഗർവാളിന്റെ നേതൃത്വത്തിലായിരുന്നു സമിതി. സ്റ്റെർലൈറ്റ് പ്ലാന്റ് പൂട്ടാൻ‌ തമിഴ്നാട് സർക്കാർ പറഞ്ഞ അഞ്ച് കാരണങ്ങൾ ഈ സമിതി വിശകലന വിധേയമാക്കി.

സർക്കാരിന് ഭൂഗർഭജല പരിശോധനാ റിപ്പോർട്ട് നൽകിയില്ല എന്നതാണ് സ്റ്റെർലൈറ്റ് പ്ലാന്റ് പൂട്ടാനുണ്ടായ കാരണങ്ങളിലൊന്നായി തമിഴ്നാട് സർക്കാർ പറഞ്ഞിരുന്നത്. പുഴയിലേക്ക് ചെമ്പ് കലരുന്ന വിധത്തിൽ കുഴിച്ചിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്തില്ല, പുഴയിലേക്ക് ഈ മാലിന്യം കലരുന്നത് തടയാൻ അണ കെട്ടിയില്ല, മാരകമായ മാലിന്യങ്ങൾ സൃഷ്ടിക്കാന്‍ സ്ഥാപനത്തിന് അനുമതിയില്ല, ഘനദ്രവ്യങ്ങൾ വായുമലിനീകരണം വരാതെ കൈകാര്യം ചെയ്യാനുള്ള സന്നാഹങ്ങളില്ല, തമിഴ്നാട് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ നിർദ്ദേശപ്രകാരം ജിപ്സം സൂക്ഷിക്കാനുള്ള സജ്ജീകരണമുണ്ടാക്കിയില്ല എന്നിവയാണ് മറ്റ് ആരോപണങ്ങൾ. എന്നാൽ ഈ കാര്യങ്ങൾ മുൻനിർത്തി പ്ലാന്റ് അടച്ചിടാൻ കഴിയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ പറഞ്ഞു. ഇവയെല്ലാം സാങ്കേതികതകൾ മാത്രമാണെന്നും അവയെപ്രതി പ്ലാന്റ് അടച്ചിടാൻ പറ്റില്ലെന്നുമായിരുന്നു സമിതിയുടെ വാദം.

സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേദാന്ത ഏത് കുടില തന്ത്രവും പ്രയോഗിക്കും; നിയാംഗിരി കുന്നുകളിൽ നമ്മളത് കണ്ടതാണ്

ദിനംദിനം ചത്തുകൊണ്ടിരുന്ന ഒരു സമൂഹമാണ് ഞങ്ങളുടേത്; തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രവർത്തകൻ കൃഷ്ണമൂർത്തി കിട്ടു/അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍