UPDATES

പൗരത്വ പട്ടികയില്‍ പുറത്താകുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ; അസമില്‍ മാത്രമല്ല രാജ്യവ്യാപകമായി നടപ്പാക്കും

“നിങ്ങള്‍ ഇംഗ്ലണ്ടിലോ നെതര്‍ലാന്‍ഡ്‌സിലോ അമേരിക്കയിലോ പോയി കുടിയേറാന്‍ നോക്കൂ. നിങ്ങളെ അവര്‍ അകത്ത് കയറ്റില്ല”.

പൗരത്വപട്ടികയില്‍ നിന്ന് പുറത്താകുന്നവരെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിന് മാത്രമല്ല, രാജ്യത്തിനാകെ ബാധകമാണ് ദേശീയ പൗരത്വ പട്ടിക. രാജ്യത്തുടനീളം ഇത് നടപ്പാക്കും. അസം പൗരത്വ പട്ടിക എന്നല്ല ദേശീയ പൗരത്വ പട്ടിക എന്നാണ് പേര്. ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഹിന്ദി പത്രം ഹിന്ദുസ്ഥാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ ഇംഗ്ലണ്ടിലോ നെതര്‍ലാന്‍ഡ്‌സിലോ അമേരിക്കയിലോ പോയി കുടിയേറാന്‍ നോക്കൂ. നിങ്ങളെ അവര്‍ അകത്ത് കയറ്റില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയിലേയ്ക്ക് വെറുതെ വന്ന് ഇവിടെ താമസമാക്കാന്‍ കഴിയും? – അമിത് ഷാ ചോദിച്ചു. ഒരു രാജ്യവും ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ പട്ടികയുണ്ടാവുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അസമില്‍ മാത്രമല്ല, രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് രജിസ്റ്ററുണ്ടാകും. മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും – അമിത് ഷാ പറഞ്ഞു.

ഈ രാജ്യത്തെ ജനങ്ങള്‍ 2019ല്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഞങ്ങള്‍ എന്‍ആര്‍സിയുമായി മുന്നോട്ട് പോകും. പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ നിയമപരമായ നടപടികള്‍ക്ക് ശേഷം രാജ്യത്ത് നിന്ന് പുറത്താക്കും – അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാം. അഭിഭാഷകരെ വയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍