UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരിലെ ചന്തയില്‍ ചെമ്മരിയാടിനെ വാങ്ങാന്‍ അജിത് ഡോവല്‍

ബലി പെരുന്നാളിന് മുമ്പായി കാശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി നീക്കിയിരുന്നു.

പ്രത്യേക സ്വയംഭരണാധികാരവും സംസ്ഥാന പദവിയും പിന്‍വലിച്ച് കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനെതിരെ സംസ്ഥാനത്ത് ശക്തമായിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ അനന്ത്‌നാഗിലെ ചന്തയില്‍ ചെമ്മരിയാടിന്റെ വില അന്വേഷിക്കുകയായിരുന്നു കാശ്മീര്‍ വിഭജന തീരുമാനത്തില്‍ സുപ്രധാന പങ്കുള്ളതായി പറയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അജിത് ഡോവല്‍ കച്ചവടക്കാരനായ കാശ്മീരി യുവാവിനോട് ആടിന്റെ വില ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വില 10,000 രൂപയാണ് എന്നും 35-36 കിലോ ഭാരം വരുമെന്നും ഡോവലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാശ്മീരി യുവാവ് പറയുന്നു.

അജിത് ഡോവലിനെ യുവാവ് തിരിച്ചറിഞ്ഞില്ല. കാര്‍ഗിലില്‍ നിന്നുള്ള ആടാണ് ഇതെന്ന് പറഞ്ഞ യുവാവ് ദ്രാസ് എവിടെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ എന്ന് ചോദിക്കുന്നുണ്ട്. ഇത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് എന്ന് പറഞ്ഞ് അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ഖാലിദ് ജഹാംഗീര്‍ പരിചയപ്പെടുത്തി. യുവാവിന്റെ പുറത്തുതട്ടി ഡോവല്‍ സ്ഥലം വിടുകയും ചെയ്തു.

ബലി പെരുന്നാളിന് മുമ്പായി കാശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭാഗികമായി നീക്കിയിരുന്നു. സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികളുടെ ജീവിതം സാധാരണ നിലയിലാണ് എന്ന് ചിത്രീകരിക്കാനായാണ് ആടിന്റെ വില അന്വേഷിക്കുന്ന ഡോവലിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് എന്‍ഡിടിവി പറയുന്നു. ഷോപിയാന്‍ വാസികളില്‍ നിന്ന് കാശ്മീരി ഭക്ഷണം വാങ്ങിക്കഴിക്കുന്ന ഡോവലിന്റെ വീഡിയോ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു.

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരവും അവകാശങ്ങളും നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയ നടപടിക്കെതിരെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി ഇന്നലെ തെരുവിലിറങ്ങിയിരുന്നു. പൊലീസും സിആര്‍പിഎഫുകാരും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുകയും നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോയിട്ടേഴ്‌സ്, ദ വയര്‍, അല്‍ ജസീറ, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണുണ്ടായത്.

മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയും അമര്‍നാഥ് തീര്‍ത്ഥാടകരേയും ടൂറിസ്റ്റുകളേയും സംസ്ഥാനത്ത് നിന്ന് തിരിച്ചയച്ചും, അര്‍ദ്ധ സൈനികരടക്കം 50,000നടുത്ത് സുരക്ഷാസൈനികരെ കൂടുതലായി നിയോഗിച്ചും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയുമായി കേന്ദ്ര സര്‍ക്കാര്‍ വിവാദ തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ഇരു സഭകളും കാശ്മീര്‍ വിഭജന ബില്‍ പാസാക്കിയിരുന്നു. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് ഈ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍