UPDATES

ട്രെന്‍ഡിങ്ങ്

അനീതികളാണ് ആ സ്ത്രീകളെ ആയുധമെടുപ്പിച്ചത്; നക്സൽബാരി ഒരു പേര് മാത്രമായിരുന്നുമില്ല

കുര്യാക്കോസിനും വാസുവിനും ദാനമ്മയ്ക്കും ശാന്തി മുണ്ടയ്ക്കും ഒക്കെ തൊട്ടടുത്ത് നില്‍ക്കുന്ന മനുഷ്യരായിരുന്നു പ്രശ്‌നം.

വിമോചനത്തിന്റെ പ്രത്യയശാസ്ത്രത്തിലായിരുന്നു കുര്യാക്കോസിന് വിശ്വാസം. നീതിയും നിയമവും സാര്‍വലൗകികമാണെന്നും മറ്റുള്ളവരുടെ ശബ്ദം സംഗീതമാണെന്നും അയാള്‍ വിശ്വസിച്ചു. അങ്ങനെ ഒരു കാലം സൃഷ്ടിക്കുന്നതിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു ആ ജീവിതം. ഏതെങ്കിലും അധികാരസ്ഥാനങ്ങളില്‍ എത്തണം എന്ന് കുര്യാക്കോസിനെ പോലെയുള്ളവര്‍ ആഗ്രഹിച്ചില്ല. ആത്യന്തികമായി സൃഷ്ടിക്കപ്പെടുന്ന സമത്വത്തിന്റെ ലോകത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു അവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അതുകൊണ്ട് തന്നെ പേരും പ്രശസ്തിയും അവരെ ബാധിച്ചില്ല. അധികാരസ്ഥാപനങ്ങള്‍ക്ക് എതിരായി സമരം ചെയ്തതിന്റെ കേസുകള്‍ ധാരാളമായിരുന്നു. ഉപജീവനാര്‍ത്ഥം കോട്ടിട്ട വക്കീലന്മാരെ അവര്‍ കോടതികളില്‍ അടുപ്പിച്ചില്ല. പകരം സ്വന്തം കേസുകള്‍ സ്വയം വാദിച്ചു. കോടതികളും തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള വേദികളാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു.

കുര്യാക്കോസ് ഇന്ന് ജീവിച്ചിരിക്കുന്നില്ല. മരണം സ്വയം തിരഞ്ഞെടുത്തതാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് ആര്‍ക്കും തീര്‍ച്ചയില്ല. പക്ഷെ കുര്യാക്കോസിന്റെ ജീവിതം ഒരു പ്രഖ്യാപനമായിരുന്നു. സഹജീവികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നതാണ് ജീവനം എന്ന് തിരച്ചറിഞ്ഞ ഒരു യുവത്വത്തിന്റെ പ്രതിപുരുഷനായിരുന്നു കുര്യാക്കോസ്. കേരള ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ അനവധി പേരുകളില്‍ ഒരാളും. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടുതാഴെ ചിറക്കുളം കോളനിയില്‍ ആരാലും ശ്രദ്ധിക്കാതെ ജീവിച്ച് മരിച്ച വാസു അത്തരത്തില്‍ ഒരാളായിരുന്നു. പേരും പ്രശസ്തിയുമായിരുന്നില്ല പ്രത്യയശാസ്ത്രത്തിലുള്ള പിടിവാശിയായിരുന്നു അവരുടെ പടവാള്‍.

ജീവിതം തന്നെ ഹോമിക്കപ്പെടുന്ന ഇത്തരം ഒരു സമരരൂപത്തിലേക്ക് ഇറങ്ങി പുറപ്പെട്ട മകനെ തടഞ്ഞില്ലേ എന്ന് കുര്യാക്കോസിന്റെ അമ്മച്ചിയോട് ചോദിച്ചു. ‘എന്തിന്? നല്ല കാര്യത്തിനല്ലേ’ എന്നായിരുന്നു മറുപടി. കുഞ്ഞമ്മ മാത്യുവിന് അങ്ങനെയേ പറയാന്‍ കഴിയൂ. കാരണം അവര്‍ ജീവിതം പങ്കുവച്ചത് ടികെ മാത്യുവിനൊപ്പമായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് എന്ന് മാത്രമല്ല ടികെ മാത്യുവിന്റെ പ്രസക്തി. മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ ആദ്യമായി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു. മാക്‌സിം ഗോര്‍ക്കിയുടെ അമ്മ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ജീവിതം പങ്കുവച്ച കുഞ്ഞമ്മ മാത്യുവിന് കുര്യോക്കോസിന്റെ തീരുമാനം ശരിയായിട്ട് മാത്രമേ കാണാന്‍ പറ്റു. ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കുമ്പോഴും.

ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയല്ലായിരുന്നു. കേരളത്തില്‍ മാത്രം പടര്‍ന്നുപിടിച്ച ഒരു രോഗവുമല്ലായിരുന്നു അത്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ പടര്‍ന്ന ഈ മാനവികതയെ കുറിച്ച് അന്വേഷിച്ച് എം സുചിത്ര മാതൃഭൂമി വാരികയില്‍ ചില ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ മറ്റുള്ളവര്‍ക്കായി കത്തിയെരിഞ്ഞ ചില സ്ത്രീകളിലാണ് സുചിത്ര ശ്രദ്ധയൂന്നുന്നത്. ജീവിതം തന്നെ ജനകീയ വിപ്ലവത്തിനായി മാറ്റി വച്ച ചന്ദ്രമ്മയിലൂടെയാണ് സുചിത്രയുടെ അന്വേഷണം നീളുന്നത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലിനും അനീതിക്കും എതിരെ ചന്ദ്രമ്മയോടൊപ്പം നിരവധി സ്ത്രീകള്‍ അണിചേര്‍ന്നിരുന്നു.

സുചിത്ര ഇങ്ങനെ എഴുതുന്നു: ‘പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ കോനാരു മഹാലക്ഷ്മി ഗര്‍ഭിണിയായിരുന്നു. തിരിച്ചുവന്നത് രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയെയും എടുത്താണ്. അവള്‍ക്ക് പഞ്ചാദി നിര്‍മ്മല എന്നാണ് പേര് കൊടുത്തത്. രാപാക ദാനമ്മയുടെ കൂടെ അവരുടെ ചെറിയ രണ്ടു കുട്ടികളുമുണ്ടായിരുന്നു. ജയിലില്‍, കുട്ടികള്‍ക്കും ഏല്‍ക്കേണ്ടി വന്നു പൊലീസ് മര്‍ദ്ദനം. ആഴ്ചയില്‍ ഒന്നോരണ്ടോ തവണ മാത്രം ഭക്ഷണം കിട്ടുന്നത് കുട്ടികള്‍ക്ക് കൊടുത്ത് ദാനമ്മ പട്ടിണി കിടക്കും. പൊലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ ഉടുത്തിരുന്ന കീറിയ സാരിയല്ലാതെ മറ്റൊരു തുണിയും ആരുടെ കൈയിലുമില്ലായിരുന്നു. ആര്‍ത്തവസമയത്ത് പുരുഷന്മാരായ പൊലീസുകാര്‍ക്ക് മുന്നില്‍ തുണിയില്ലാതെ ചോരയൊലിപ്പിച്ച് നില്‍ക്കുന്നത് ദാനമ്മയുടെ ഓര്‍മ്മയിലുണ്ട്. പ്രകൃതിയുടെ ചോര പ്രവാഹത്തെ നമ്മുക്ക് തടയാനാവില്ലല്ലോ എന്നാണ് ദാനമ്മ പറഞ്ഞത്.’

കുര്യാക്കോസും വാസുവും ദാനമ്മയും ചന്ദ്രമ്മയുമൊന്നും സ്വന്തം ജീവിതസൗഖ്യങ്ങള്‍ തേടിയുള്ള പാച്ചിലിലായിരുന്നില്ല. ഒരു വ്യവസ്ഥിതി സഹജീവികളോട് ചെയ്യുന്ന അനീതിയാണ് അവരെ രോഷം കൊള്ളിച്ചത്. ആ അനീതികള്‍ക്ക് മൗനസമ്മതം നല്‍കുന്ന സര്‍ക്കാരിനോടും നിയമസംവിധാനങ്ങളോടുമുള്ള രോഷമായിരുന്നു അവരുടെ കൈമുതലും ആവേശവും. ആ ആവേശവും ആവേഗവും പൊട്ടിപ്പുറപ്പെട്ടത് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പശ്ചിമബംഗാളിലെ ഒരു കുഗ്രാമത്തിലായിരുന്നു. ശാന്തി മുണ്ട എന്ന എഴുപത്തിനാലുകാരി അതിന് സാക്ഷിയായിരുന്നു. വെറുമൊരു സാക്ഷി മാത്രമായിരുന്നില്ല അവര്‍. ജന്മിമാര്‍ കുടിയാന്മാരോട് കാണിക്കുന്ന കൊടിയ അനീതിക്കെതിരെ അവര്‍ ആയുധമെടുത്തു. ചാരും മജുംദാറും കനു സന്യാലും ജംഗള്‍ സന്താളും അവര്‍ക്ക് പ്രത്യയശാസ്ത്ര പാഠങ്ങള്‍ പകര്‍ന്നുനല്‍കി.

ആ പ്രക്ഷോഭവും പ്രതിഷേധവും ഒരു നിശ്ചിത തീയതിയില്‍ തുടങ്ങിയതല്ലായിരുന്നു. പക്ഷെ 1967 മേയ് 24, 25 തീയതികള്‍ക്ക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ചില പ്രത്യേക പ്രധാന്യങ്ങളുണ്ട്. പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന ആ പ്രക്ഷോഭത്തിന് പ്രത്യക്ഷരൂപം കൈവരിച്ചത് ആ ദിവസങ്ങളിലായിരുന്നു. ഭൂസ്വാമിമാരില്‍ നിന്നും കൃഷിഭൂമിയും ധാന്യങ്ങളും പിടിച്ചെടുത്തുകൊണ്ടാണ് നക്‌സല്‍ബാരിയിലെ ദരിദ്രര്‍, ദാരിദ്ര്യത്തിനും പട്ടിണിക്കും കഷ്ടതകള്‍ക്കുമെതിരെ പ്രതികരിച്ചത്. അതോടെ ഭരണകൂടവും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ക്രൂരമായ അതിക്രമത്തിലൂടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താനായിരുന്നു ഭരണകൂടം തീരുമാനിച്ചത്. പുരുഷന്മാരെല്ലാം ഒളിവില്‍ പോകേണ്ടി വന്നു. പിന്നീട് സമരം നയിച്ചത് സ്ത്രീകളായിരുന്നു. അതില്‍ മുമ്പിലായിരുന്നു ശാന്തി മുണ്ട.

പൊലീസ് അതിക്രമത്തിന്റെ ഭാഗമായി 1967 മേയ് 24ന് സോനം വാങ്ടി എന്ന ഉദ്യോഗസ്ഥന്‍ സ്ത്രീകളെ ആക്രമിച്ചത് അവര്‍ക്ക് പൊറുക്കാന്‍ കഴിയുമായിരുന്നില്ല. ആ ദിവസത്തെ കുറിച്ച് ശാന്തി മുണ്ട തന്റെ ഓര്‍മകള്‍ സുചിത്രയോട് പങ്കുവെക്കുന്നത് ഇങ്ങനെ: ‘മേയ് 24ന് കനുദാ ഇവിടെ അടുത്ത ഒരു ഗ്രാമത്തിലുണ്ടെന്ന് ആരോ പൊലീസിന് വിവരം കൊടുത്തു. കുറെ പൊലീസുകാര്‍ ഇന്‍സ്‌പെക്ടര്‍ സോനം വാങ്ഡിയുടെ നേതൃത്വത്തില്‍ അവിടേക്കുവന്നു. സത്യത്തില്‍ അത് തെറ്റായ വിവരമായിരുന്നു. കനുദാ അവിടെ ഉണ്ടായിരുന്നില്ല. പൊലീസുകാര്‍ വന്ന വിവരം പൊടുന്നനെ പരന്നു. ഞങ്ങളൊക്കെ അങ്ങോട്ടുപോയി. എല്ലാ ഗ്രാമങ്ങളില്‍നിന്നും സഖാക്കള്‍ അങ്ങോട്ട് ഓടിയെത്തി. ആണുങ്ങളും പെണ്ണുങ്ങളും. എല്ലാവരുടെയും കൈയില്‍ അമ്പും വില്ലും ഉണ്ടായിരുന്നു. പല സ്ത്രീകളുടെയും പുറത്ത് തുണിക്കെട്ടില്‍ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഞാന്‍ എന്റെ ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് പോയത്. ഞങ്ങള്‍ ഗ്രാമം എല്ലാ ഭാഗത്ത് നിന്നും വളഞ്ഞു. പൊലീസുകാര്‍ക്ക് രക്ഷപ്പെടാന്‍ ഇടകൊടുത്തില്ല. കുടുങ്ങി എന്ന് മനസിലായപ്പോള്‍ അവര്‍ അവരെ ഉപദ്രവിക്കരുത് എന്ന് കെഞ്ചി. പക്ഷെ, ദിവസങ്ങളായി ഞങ്ങള്‍ അവരുടെ കൊടും ക്രൂരതകള്‍ സഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആര്‍ക്കും ഒരു ദയയും തോന്നിയില്ല, ഞങ്ങള്‍ അമ്പെയ്തുകൊണ്ടേയിരുന്നു. ബഹളത്തിനിടയില്‍ വാങ്ഡിയുടെ മേല്‍ അമ്പുകൊണ്ടു. അപ്പോള്‍ തന്നെ അയാള്‍ മരിച്ചു.’

പൊലീസ് നോക്കി നിന്നില്ല. പിറ്റെ ദിവസം, അതായത് മേയ് 25ന് അവര്‍ തിരിച്ചടിച്ചു. അതിനെ കുറിച്ച് ശാന്തി മുണ്ട ഓര്‍ക്കുന്നത് ഇങ്ങനെ; ‘പ്രസാദുജോയ് എന്ന ഗ്രാമത്തിലാണ് പിറ്റെദിവസം വെടിവെപ്പുണ്ടായത്. നക്‌സല്‍ബാരി മാര്‍ക്കറ്റില്‍ നിന്ന് അധികം ദൂരമില്ല ഗ്രാമത്തിലേക്ക്. ഞങ്ങള്‍ ഇരുന്നൂറോളം സ്ത്രീകള്‍ അവിടെ കൂടിയിരുന്നു. പലരുടെയും കൂടെ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. കൈയില്‍ അമ്പും വില്ലും. പുരുഷന്മാരുമുണ്ടായിരുന്നു. ഞങ്ങള്‍ അങ്ങനെ കാവല്‍ നില്‍ക്കുമ്പോള്‍ ആ വഴി ഒരു പൊലീസ് ജീപ്പ് വന്നു. അതില്‍ ഒരു കൂട്ടം പൊലീസുകാരുണ്ടായിരുന്നു. ഞങ്ങള്‍ ഉടന്‍ പൊലീസ് ജീപ്പ് വളഞ്ഞു. ചിലര്‍ പൊലീസുകാരുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. സ്ത്രീകളുടെ ഇത്രയും വലിയ ഒരു കൂട്ടം അമ്പും വില്ലുമായി ചുറ്റും നില്‍ക്കുന്നത് കണ്ടപ്പോള്‍ അവര്‍ വിരണ്ടു. അവരുടെ കൂടെ ഉണ്ടായിരുന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു, എന്ത് ചെയ്യുന്നു എന്ന് നോക്കാന്‍ വന്നതാണ്, ഞങ്ങളെ ഒരു തരത്തിലും ഉപദ്രവിക്കില്ല എന്നും, പോകാന്‍ അനുവദിക്കണമെന്നും. ഞങ്ങള്‍ അവരെ പോകാന്‍ സമ്മതിച്ചു. പക്ഷെ കുറച്ച് ദൂരെ ചെന്നപ്പോള്‍ പൊലീസ് ഓഫീസര്‍ വെടിവെക്കാന്‍ ഓര്‍ഡര്‍ കൊടുത്തു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന എട്ട് സ്ത്രീകള്‍ അവിടെത്തന്നെ മരിച്ചു. രണ്ടുകുഞ്ഞുങ്ങളും വേറൊരു സഖാവും കൊല്ലപ്പെട്ടു.

അതൊരു തുടക്കമായിരുന്നു. ചൂഷണരഹിതമായ നല്ല നാളെയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഇന്ത്യയില്‍ എമ്പാടും വ്യാപിച്ചു. അതിന്റെ അനുരണനങ്ങള്‍ പല രീതിയില്‍ രാജ്യത്ത് ഇപ്പോഴും വ്യാപകമാണ്. ഇതൊരു ക്രമസമാധാന പ്രശ്‌നം മാത്രമാണെന്നാണ് ആദ്യം ഭരണകൂടങ്ങള്‍ നിര്‍വചിച്ചത്. പിന്നീട് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രശ്‌നമാണ് മാവോയിസം എന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായിരുന്നു. പക്ഷെ അവര്‍ ഉയര്‍ത്തുന്ന ജീവല്‍പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഒരു ഭരണകൂടവും തയ്യാറാവുന്നില്ല. മര്യാദയ്ക്ക് റോഡിലൂടെ നടന്നുപോകുന്നവരെ ‘പിടികിട്ടാപ്പുള്ളി’ ആക്കി പൊലീസ് സ്റ്റേഷനുകളില്‍ നോട്ടീസ് ഒട്ടിക്കാന്‍ കേരളത്തില്‍ ആഭ്യന്തരം ഭരിച്ച ഒന്നര വര്‍ഷം കൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് പറ്റുന്നു. കല്‍ക്കട്ട തീസിസില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായിരുക്കുമ്പോള്‍ മനുഷ്യന്മാരെ പൊലീസ് വെറുതെ വെടിവച്ച് കൊല്ലുന്നു. പുതിയ ആയുധങ്ങളും ധനസഹായവുമാണ് എല്ലാവര്‍ക്കും താല്‍പര്യം.

മുഖവൂര്‍ രതീഷ് പ്രതിജ്ഞാബദ്ധനാണ്. ചുറ്റുപാടുമുള്ള ചില മനുഷ്യര്‍ ജീവിച്ചിരിക്കേണ്ടതില്ല എന്നാണ് സിദ്ധാന്തം. താൻ സംഘിയാണെന്ന് ആവര്‍ത്തിച്ച് പറയും. അവിടെ ജാതി, നിറം, ഭാഷ, ഭക്ഷണം ഒക്കെ രതീഷിനെപ്പോലുള്ളവർക്ക് പ്രശ്‌നമാണ്. പക്ഷെ കുര്യാക്കോസിനും വാസുവിനും ദാനമ്മയ്ക്കും ശാന്തി മുണ്ടയ്ക്കും ഒക്കെ തൊട്ടടുത്ത് നില്‍ക്കുന്ന മനുഷ്യരായിരുന്നു, അവർ നേരിടുന്ന അനീതികളും അവരുടെ വേദനകളുമായിരുന്നു പ്രശ്‌നം. അക്ഷരാര്‍ത്ഥത്തില്‍ ഉന്മൂലനത്തിന് പല അര്‍ത്ഥങ്ങളുണ്ട്.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍