UPDATES

ട്രെന്‍ഡിങ്ങ്

ഒമ്പതാംക്ലാസിലെ ചരിത്രപുസ്തകത്തിൽ നിന്നും ‘മാറുമറയ്ക്കൽ സമരം’ എൻസിഇആർടി നീക്കം ചെയ്തു; പഠനഭാരം കുറയ്ക്കാനെന്ന് വിശദീകരണം

നീക്കം ചെയ്ത മറ്റു രണ്ട് പാഠങ്ങളിലൊന്ന് രാജ്യത്തെ കർഷകരെക്കുറിച്ചുള്ളതാണ്. ഇതിൽ മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയും അത് രാജ്യത്തെ കർഷകരെ ബാധിച്ച വിധവും വിവരിക്കുന്നു.

ഒമ്പതാം ക്ലാസ്സിലെ ചരിത്ര പുസ്തകത്തിൽ നിന്നും എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) മൂന്ന് പാഠങ്ങൾ നീക്കം ചെയ്തു. തിരുവിതാംകൂറിലെ നാടാർ സ്ത്രീകൾ മാറ് മറയ്ക്കാനായി നടത്തിയ സമരത്തെക്കുറിച്ചുള്ള പാഠമാണ് നീക്കം ചെയ്തവയിലൊന്ന്. ‘ചാന്നാർ ലഹള’ എന്നാണ് ഈ സമരം അറിയപ്പെടുന്നത്. പാഠപുസ്തകത്തിൽ നിന്നും ആകെ 70 പേജുകൾ നീക്കം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര മാനവവിഭവ മന്ത്രാലയം ഈ പാഠങ്ങൾ നീക്കിയത്.

നീക്കം ചെയ്ത മറ്റു രണ്ട് പാഠങ്ങളിലൊന്ന് രാജ്യത്തെ കർഷകരെക്കുറിച്ചുള്ളതാണ്. ഇതിൽ മുതലാളിത്ത വ്യവസ്ഥയുടെ വളർച്ചയും അത് രാജ്യത്തെ കർഷകരെ ബാധിച്ച വിധവും വിവരിക്കുന്നു. മറ്റൊരു പാഠം ക്രിക്കറ്റിന്റെ സാമൂഹ്യചരിത്രമാണ്. ക്രിക്കറ്റിന്റെ വളർച്ചയും അതിന് രാജ്യത്തെ രാഷ്ട്രീയത്തോടും ജാതിവ്യവസ്ഥയോടുമുള്ള ബന്ധങ്ങളുമെല്ലാം ഈ പാഠത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നു.

‘വസ്ത്രധാരണം’ എന്ന പ്രധാന തലക്കെട്ടിൻ കീഴിലാണ് ചാന്നാർ ലഹളയുടെ വിവരണമുണ്ടായിരുന്നത്. എങ്ങനെയാണ് നവോത്ഥാന സമരങ്ങൾ നമ്മുടെ ഇന്നത്തെ വസ്ത്രധാരണ ശൈലിയെ സ്വാധീനിച്ചത് എന്ന വിഷയമാണ് ഇതിൽ ചർച്ച ചെയ്യുന്നത്. ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും നവോത്ഥാന സമരങ്ങൾ എങ്ങനെയാണ് വസ്ത്രധാരണ രീതികളെ രൂപപ്പെടുത്തിയതെന്നതിനൊപ്പം ‘ജാതിസമരവും വസ്ത്രധാരണാ ശൈലിയിലെ വ്യതിയാനങ്ങളും’ എന്നൊരു പ്രത്യേക ഭാഗം ഇതിലുണ്ട്. മുൻകാലങ്ങളിൽ വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും നിലവിലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഈ ഭാഗത്ത് ചർച്ച ചെയ്യുന്നു.

മാറുമറയ്ക്കൽ സമരം നേരത്തെയും കേന്ദ്ര സർക്കാരിന്റെ വെട്ടിനിരത്തലിന് വിധ്യേമായിട്ടുണ്ട്. സിബിഎസ്ഇ പാഠപുസ്തകങ്ങളിൽ നിന്ന് ഈ പാഠഭാഗം 2016 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. സംഘപരിവാർ സംഘടനകളിൽ നിന്നും ഈ ചരിത്രം പഠിപ്പിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്നാണ് ഈ നീക്കമുണ്ടായത്.

ചാന്നാർ (നാടാർ) വിഭാഗക്കാരായ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കുട ചൂടാനും മേൽവസ്ത്രം ധരിക്കാനും ചെരുപ്പിടാനുമെല്ലാം വിലക്കുണ്ടായിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ കടന്നുവരവോടെ സാമൂഹിക പരിഷ്കാരത്തിലേക്ക് കടന്നുചെന്ന ചാന്നാർ വിഭാഗം ഈ അനീതികൾക്കെതിരെ സമരം ചെയ്യാനുള്ള സാമൂഹ്യ ബലം നേടിയെടുത്തു. സ്ത്രീകൾ മാറ് മറയ്ക്കാൻ തുടങ്ങി. 1822ൽ തിരുവിതാംകൂറിൽ മാറ് മറച്ച ഒരു ചാന്നാർ സ്ത്രീയെ നായന്മാർ ആക്രമിച്ചു. പൊതുസ്ഥലത്തു വെച്ചായിരുന്നു ആക്രമണം. ഈ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറുകയുമുണ്ടായി. ഇതിനെതിരെ ചാന്നാർ വിഭാഗക്കാർ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങി. രാജ്യത്തെ തന്നെ ജാതിവിരുദ്ധ സമരങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സംഭവമാണിത്.

മഹാത്മാഗാന്ധി ആരംഭിച്ച സ്വദേശി പ്രസ്ഥാനം എങ്ങനെ രാജ്യത്തെ വസ്ത്രധാരണ രീതിയെ സ്വാധീനിച്ചുവെന്നതും നീക്കം ചെയ്ത പാഠഭാഗങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് എൻസിഇആർടി പറയുന്നത്. ഇങ്ങനെ ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കവിത എട്ടാംക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍