UPDATES

ട്രെന്‍ഡിങ്ങ്

രോഹിത് തിവാരിയുടെ കൊലപാതകം: ഭാര്യ കുറ്റം സമ്മതിച്ചെന്ന് പ്രത്യേകാന്വേഷണ സംഘം

പിറ്റേദിവസം രോഹിത്തിന്റെ അമ്മ മകനെ വിളിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അപൂർവ്വ തടഞ്ഞിരുന്നു. തിവാരി ഉറങ്ങുകയാണെന്നാണ് അപൂർവ്വ പറഞ്ഞു കൊണ്ടിരുന്നത്.

രോഹിത് ശേഖർ തിവാരിയുടെ മരണത്തിൽ തനിക്കുള്ള പങ്ക് സംബന്ധിച്ച് ഭാര്യ അപൂർവ്വ ശുക്ല കുറ്റസമ്മതം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. ഡൽഹിയിലെ ഒരു കോടതി അപൂർവ്വയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രോഹിത് തിവാരിയുടെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് നീക്കിയെന്ന് ക്രൈംബ്രാഞ്ച് എസിപി രാജീവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അപൂർവ്വ ഈ കുറ്റകൃത്യം ചെയ്തത് ആസൂത്രണം ചെയ്തിട്ടായിരുന്നില്ലെന്നാണ് അന്വേഷകർ പറയുന്നത്. പെട്ടെന്നുണ്ടായ വികാരാവേശത്താൽ ചെയ്തതാണ്. എങ്കിലും ഇതിന് ഇരുവരും തമ്മിൽ നേരത്തെ തന്നെ നിലനിന്നിരുന്ന പ്രശ്നങ്ങളും കാരണമായിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

“ഏപ്രിൽ പത്താംതിയ്യതി തിവാരിയും അദ്ദേഹത്തിന്റെ അമ്മയും ചില ബന്ധുക്കളും ഡ്രൈവറുമൊത്തം ഉത്തരാഖണ്ഡിലേക്ക് വോട്ട് ചെയ്യാനായി പോയിരുന്നു. ഏപ്രിൽ 15ന് ഇവർ തിരിച്ചെത്തി. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലെത്തും വരും ബന്ധുവായ ഒരു സ്ത്രീയുമൊത്തം തിവാരി മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. രാത്രി 11 മണിയോടെ തിവാരി അത്താഴം കഴിച്ചു. പിന്നീട് അപൂർവ്വയുമൊത്ത് മുറിയിലേക്ക് പോയി. അമ്മ എത്തിയപ്പോൾ ഇരുവരും തിരിച്ചിറങ്ങി കുറച്ചുനേരം സംസാരിച്ചിരിക്കുകയും മദ്യലഹരി അധികരിച്ചപ്പോൾ തിവാരി മുകളിലെ തന്റെ മുറിയിലേക്ക് പോകുകയും ചെയ്തു. അപൂർവ്വയും കൂടെ പോയി. ഇത് ഏതാണ്ട് 12.30നായിരുന്നു.”

ഇതിനു ശേഷമാണ് കൊലപാതകം നടന്നത്. കുറ്റം ചെയ്തതായി അപൂർവ്വ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാൽ താനിതു ചെയ്തത് ആസൂത്രിതമായല്ലെന്ന് അപൂർവ്വ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി. ഇരുവരും ബന്ധം വേർപെടുത്താനുള്ള ആലോചനകളിലായിരുന്നു. കൊലപാതകം നടന്ന രാത്രിയിലും ഇരുവരും തർക്കമുണ്ടായി. കാറിൽ വെച്ച് തന്റെ ബന്ധുവായ സ്ത്രീയുമൊത്ത് തിവാരി മദ്യപിച്ചതിനെക്കുറിച്ച് പറഞ്ഞ് അപൂർവ്വ വഴക്കിട്ടിരുന്നു. ഇതിനു ശേഷമാണ് തിവാരിയെ തള്ളിയിടുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തത്.

പിറ്റേദിവസം രോഹിത്തിന്റെ അമ്മ മകനെ വിളിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അപൂർവ്വ തടഞ്ഞിരുന്നു. തിവാരി ഉറങ്ങുകയാണെന്നാണ് അപൂർവ്വ പറഞ്ഞു കൊണ്ടിരുന്നത്.

തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം അപൂർവ്വ ശുക്ലയെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വീട്ടുവേലയ്ക്ക് നിൽക്കുന്നയാളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്യുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍