UPDATES

ട്രെന്‍ഡിങ്ങ്

ബിഹാറില്‍ എന്‍ഡിഎയില്‍ പൊട്ടിത്തെറി? ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് തേജസ്വി യാദവ്

പാറ്റ്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിന്ന് ഉപേന്ദ്ര കുശ്വാഹ വിട്ടുനിന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. മുന്നണിയില്‍ നിതീഷ് കുമാറിന്റെ ജെഡിയു ‘വല്യേട്ടന്‍’ കളിക്കുകയാണ് എന്ന പരാതി അവര്‍ക്കുണ്ട്.

ബിഹാറില്‍ അധികാരത്തിലിരിക്കുന്ന എന്‍ഡിഎ സഖ്യം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്ന സൂചനകള്‍. രാഷ്ട്രീയ ലോക് സമത പാര്‍ട്ടി ഒരുക്കിയ ഇഫ്താര്‍ വിരുന്നിന് മുഖ്യമന്ത്രിയും ജെഡിയും അധ്യക്ഷനുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയും ലോക് ജനശക്തി പാര്‍ട്ടി പ്രതിനിധികളും ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയതാണ് ഈ അഭ്യൂഹം ശക്തമാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായ് അടക്കമുള്ളവരുണ്ടായിരുന്നെങ്കിലും എല്‍ജെപിയില്‍ നിന്നും ജെഡിയുവില്‍ നിന്നും എല്‍ജെപിയില്‍ നിന്നും ആരും എത്തിയില്ല. എന്‍ഡിഎയിലെ എല്ലാ പ്രധാന നേതാക്കളേയും ക്ഷണിച്ചിരുന്നതായി ആര്‍ എല്‍ എസ് പി വക്താവ് പറയുന്നു.

ഇതോടെ ആര്‍ എല്‍ എസ് പി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി സംഖ്യത്തിലേയ്ക്ക് ക്ഷണിച്ച് പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തെത്തി. നേരത്തെ വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടുന്ന തരത്തിലുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറും എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാനും മറ്റും രംഗത്തെത്തിയിരുന്നു.

പിന്നോക്ക സമുദായക്കാരനായ ഉപേന്ദ്ര കുശ്വാഹ, കഴിഞ്ഞ നാല് വര്‍ഷമായി എന്‍ഡിഎയില്‍ കടുത്ത അവഗണന നേരിടുകയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപിയും ജെഡിയുവും ശ്രമിക്കുകയാണെന്നും തേജസ്വി യാദവ് ആരോപിച്ചിരുന്നു. അതേസമയം കുശ്വാഹ ഈ ആവശ്യം തള്ളിക്കളഞ്ഞു. 2019ലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും കുശ്വാഹ പറഞ്ഞു. പാറ്റ്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിന്ന് ഉപേന്ദ്ര കുശ്വാഹ വിട്ടുനിന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് കുശ്വാഹ പറയുന്നുണ്ടെങ്കിലും അസ്വാരസ്യങ്ങള്‍ ശക്തമാണ്.

മുന്നണിയില്‍ നിതീഷ് കുമാറിന്റെ ജെഡിയു ‘വല്യേട്ടന്‍’ കളിക്കുകയാണ് എന്ന പരാതി അവര്‍ക്കുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം മുന്നണിയെ സംബന്ധിച്ച് കൂടുതല്‍ തലവേദനയുണ്ടാക്കും. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നത ശക്തമാക്കുന്നത് ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കും.  2014ല്‍ ബിഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 22ഉം ബിജെപി നേടിയിരുന്നു. ഈ നേട്ടം ആവര്‍ത്തിക്കുക അവരെ സംബന്ധിച്ച് 2019ല്‍ ബുദ്ധിമുട്ടായിരിക്കും. എല്‍ജെപിയുടെ ആറ് സീറ്റും ആര്‍എല്‍എസ്പിയുടെ മൂന്നും അടക്കം 31 സീറ്റാണ് എന്‍ഡിഎ നേടിയത്. 2014ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ച ആര്‍ എല്‍ എസ് പി കുശ്വാഹയുടെ കരാകട്ട് അടക്കം മൂന്നും ജയിച്ചു. എന്നാല്‍ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് മഹാസഖ്യത്തിന് മുന്നില്‍ ബിജെപിയും എന്‍ഡിഎയും തകര്‍ന്നടിഞ്ഞപ്പോള്‍ മത്സരിച്ച 23 സീറ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ക്ക് ജയിക്കാനായുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍