UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രം ‘മോദിക്കു മുമ്പും പിമ്പും’ എന്നായിത്തീരണം; ‘ഇടത് ചായ്‍വുള്ള’ ചരിത്രം മാറ്റിയെഴുതാൻ ബിജെപി

ബുദ്ധിജീവികൾക്കും മാധ്യമപ്രവർത്തകർക്കും ഇതൊരു ഒളിമ്പിക്സ് തന്നെയാണെന്ന് ചടങ്ങിൽ സംസാരിച്ച റാത്തോർ വ്യക്തമാക്കി.

‘ഇടത് ചായ്‍വ്’ പ്രകടിപ്പിക്കുന്ന രാജ്യത്തെ ചരിത്രം മാറ്റിയെഴുതാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ‘ഭാരതത്തെ സ്നേഹിക്കുന്ന’ മാധ്യമപ്രവർത്തകരെയും ബുദ്ധിജീവികളെയും സംഘടിപ്പിക്കുന്ന ജോലികൾ നടന്നു വരികയാണെന്ന് റിപ്പോർട്ടുണ്ട്. ആർഎസ്എസ്സാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

2019 പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഇതിൽ ഒരു അടിത്തറ തീർക്കുക എന്നതാണ് ലക്ഷ്യം. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുകയും ബുക്ക്‌ലെറ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത് ‘ശരിയായ’ ചരിത്രത്തിലേക്കും ഇന്ത്യൻ സംസ്കാരത്തിലേക്കും ജനശ്രദ്ധയെത്തിക്കാനാണ് മാധ്യമപ്രവർത്തകരോടും ബുദ്ധിജീവികളോടും നിർദ്ദേശിച്ചിരിക്കുന്നത്.

‘ഇടതുപക്ഷ ചരിത്രമെഴുത്തുകാർ എഴുതിക്കൂട്ടിയ അബദ്ധങ്ങളും’ ‘ഇടതുപക്ഷ മാധ്യമപ്രവർത്തകർ പടച്ചുവിടുന്ന അസത്യങ്ങളു’മാണ് നിലവിൽ മുഖ്യധാരയിലുള്ളത്. ഇതിൽ മാറ്റം വരുത്തുകയാണ് പ്രധാന ഉന്നം.

ഈ ലക്ഷ്യം വെച്ച് കഴിഞ്ഞമാസം സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ആർ‌ട്സിൽ വെച്ച് ഒരു വർക്‌ഷോപ്പ് നടത്തിയിരുന്നു. സ്വതന്ത്രബുദ്ധിജീവികൾക്കും കലാകാരന്മാർക്കും സ്കോളർഷിപ്പ് നൽകുന്ന ഭാരത് വിദ്യാ പ്രയോജന എന്ന സർക്കാർ ഫണ്ട് ബിജെപി ചരിത്രമെഴുത്തുകാരിലേക്കും മാധ്യമപ്രവർത്തകരിലേക്കും തിരിച്ചുവിടാനാണ് നീക്കം.

ബിജെപി ദളിത് വിരുദ്ധരാണെന്ന ‘മിത്തി’നെ പൊളിക്കണമെന്ന നിർദ്ദേശം വർക്‌ഷോപ്പിൽ പങ്കെടുത്തവർക്ക് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുമ്പു തന്നെ അംബേദ്കറിൽ വിശ്വസിച്ചിരുന്നു എന്ന ധാരണ സൃഷ്ടിച്ചെടുക്കണമെന്നും ഇവർക്ക് നിർദ്ദേശം കിട്ടിയിട്ടുണ്ട്.

മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ആർ‌ട്സ് ചെയർമാനുമായ റാം ബഹാദൂർ റായ്, വിവരവിനിമയ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരാണ് വർക്‌ഷോപ്പ് നയിച്ചത്.

ദില്ലി സാഹിത്യ അക്കാദമിയിലെ അസോസിയേറ്റ് എഡിറ്റർ റൂമി മാലിക്, ബ്ലോഗറായ ഹർഷവർധൻ ത്രിപാഠി, കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ അനിൽ പാണ്ഡെ, സ്വരാജ്യ മാസികയുടെ കോളമിസ്റ്റ് ഷെഫാലി വൈദ്യ തുടങ്ങി നാൽപ്പതോളം പേർ വർക്‌ഷോപ്പിൽ പങ്കാളികളായിരുന്നു.

ദാദാഭായ് നവറോജി ബ്രിട്ടീഷുകാർക്കെതിരെ സാധാരണക്കാരെ ഒരുമിപ്പിക്കാൻ ബുക്ക്‌ലെറ്റുകൾ ഇറക്കിയിരുന്ന കാലം ഓർമിപ്പിച്ചാണ് റാം ബഹാദൂർ റായ് സംസാരിച്ചത്. ഇതിനി സമാനമായ പ്രവർത്തനം നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ മോദിയുടെ ആശയങ്ങൾക്ക് പ്രചാരമുണ്ടാക്കിക്കൊടുക്കണം.

ബുദ്ധിജീവികൾക്കും മാധ്യമപ്രവർത്തകർക്കും ഇതൊരു ഒളിമ്പിക്സ് തന്നെയാണെന്ന് ചടങ്ങിൽ സംസാരിച്ച റാത്തോർ വ്യക്തമാക്കി. ഇതിനകം പ്രശസ്തരായിക്കഴിഞ്ഞ പ്രമുഖരെയാണ് വെല്ലുവിളിക്കാനുള്ളത്. വരും തലമുറയ്ക്ക് ചരിത്രമെന്നാൽ ‘മോദിക്ക് മുമ്പും മോദിക്ക് ശേഷവും’ എന്നാകണമെന്നും റാത്തോർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍