UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ; ഇന്ത്യ കാത്തിരുന്ന നേതാവ്

Avatar

അഴിമുഖം പ്രതിനിധി

വിശുദ്ധന്മാരെപോലെ വിപ്ലവകാരികള്‍ സൃഷ്ടിക്കപ്പെടുന്നവരല്ല. ഫാസിസത്തിന്റെ ഇന്ത്യയിലെ പ്രയോക്താക്കള്‍ക്കെതിരെ പടനയിക്കാന്‍ ആരൊരാള്‍ എന്ന ചോദ്യത്തിന് കനയ്യ ഉത്തരമാകുമ്പോഴും അയാള്‍  . ഒരുപക്ഷേ കനയ്യ നമ്മുടെ മുന്നില്‍ ചര്‍ച്ചയായിട്ട് വെറും 21 ദിവസങ്ങളായിട്ടേ ഉണ്ടാകൂ. എന്നാല്‍ ഈ ദിവസത്തിനുള്ളില്‍ തന്റെ മേല്‍വന്നുവീണ ഏതെങ്കിലും പരിവേഷത്തിന്റെ പുറത്താവില്ല ഇനി അയാളുടെ മുന്നോട്ടുള്ള യാത്ര…

കനയ്യ എന്തുകൊണ്ടു നമ്മുടെ നേതാവ് ആകുന്നൂവെന്നത് അയാളിലെ ചില പ്രത്യേകതകള്‍ പറഞ്ഞു തരുന്നുണ്ട്, ഒന്ന് ധൈര്യമാണ്, രണ്ടയാളുടെ സ്ഥൈര്യവും. രാജ്യത്തോടും രാജാവിനോടും യുദ്ധം ചെയ്യുന്നവര്‍ കൊല്ലപ്പെടേണ്ടവരാണ്. പുരാണങ്ങളും ചരിത്രങ്ങളും അതു ശരിവയ്ക്കുന്നുണ്ട്. ലോകത്തിലെ രക്തസാക്ഷികളെല്ലാം ഈപ്രകാരം കുറ്റവാളികളായി കൊലചെയ്യപ്പട്ടവരാണ്. ഇവിടെ കനയ്യ കൊലപ്പെട്ടില്ല. പകരം അയാളെ രാജ്യദ്രോഹിയാക്കി. രാജ്യദ്രോഹം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. വിചാരണ ജനങ്ങള്‍ നടത്തട്ടെ, ശിക്ഷ അവര്‍ വിധിക്കട്ടെയെന്ന് ഭരണകൂടം നിലപാടെടുത്തു. അവരുടെ ഉദ്ദേശ്യം ചിലര്‍ നടപ്പിലാക്കാന്‍ നോക്കി. ഇന്ത്യ എത്രയോ കുറ്റവാളികളെ കണ്ടിരിക്കുന്നു. രാജ്യത്തോട് യുദ്ധം ചെയ്യ്തവരുപോലും ഉണ്ടായിരുന്നു. അന്നൊന്നും രാജ്യസ്‌നേഹത്തിന്റെ അഡ്രിനാല്‍ ഉത്പാദിപ്പിക്കപ്പെടാതിരുന്നവര്‍ക്ക് ഒരു വിദ്യാര്‍ത്ഥിയെ നിലത്തിട്ടു ചവിട്ടാന്‍ കാലുയര്‍ന്നു. അയാളെ തല്ലി മൂത്രമൊഴിപ്പിച്ചെന്നു അവര്‍ വീമ്പിളക്കി. ഏകാധിപതിയുടെ കിങ്കരന്മാര്‍ പക്ഷേ ജയിച്ചോ? ഇല്ല അവര്‍ അപഹാസ്യരായി. അവര്‍ക്കാകെ സാധിച്ചതെന്താണ്. 21 ദിവസം കനയ്യയെ ജയില്‍ പാര്‍പ്പിക്കാന്‍ സാധിച്ചു. പുറത്ത് അതിഭീകരമാംവിധം നുണകള്‍ പറഞ്ഞു നടന്നു. പാര്‍ലമെന്റിനകത്തുപോലും എത്രമാത്രം കള്ളക്കഥകള്‍ പറഞ്ഞു.

ഇതായിപ്പോള്‍ മൂന്നാഴ്ച്ചത്തെ ജയില്‍വാസത്തിനു ശേഷം കനയ്യ പുറത്തുവന്നിരിക്കുന്നു. അയാള്‍ എത്തുന്നത് രാജ്യത്തിന് പുതിയൊരു ആവേശവുമായിട്ടാണ്. ആരാണോ ഈ വിദ്യാര്‍ത്ഥി നേതാവിനെ നിശബ്ദരാക്കാന്‍ നോക്കിയത്. അവരെ ഭയപ്പെടുത്തുന്ന തരത്തില്‍ ശബ്ദമുയര്‍ത്തി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ കനയ്യയെ സ്വീകരിക്കാനെത്തി. അതില്‍ കൂടുതല്‍ പേര്‍ കനയ്യ പകര്‍ന്നു നല്‍കിയ ഊര്‍ജത്തില്‍ അയാള്‍ക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഒരു തരത്തില്‍ നാം സംഘികളോട് നന്ദിയുള്ളവരായിരിക്കണം, അവര്‍ കൊടുങ്കാറ്റിന് അഗ്നിയുടെ ചിറകുകള്‍ നല്‍കി.

ഇന്ത്യ അതിന്റെ നേതാക്കന്മാരുടെ പ്രസംഗത്തിനായി കാത്തിരുന്നിട്ടുണ്ട്. കനയ്യയ്ക്ക് ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ മുതല്‍ ഈ രാജ്യം തുടിച്ചത് കനയ്യയുടെ വാക്കുകള്‍ക്കായിരുന്നു. നേരത്തെ പറഞ്ഞല്ലോ, ഈ ചെറുപ്പക്കാരന്‍ ആകസ്മികമായി രൂപാന്തരപ്പെട്ട നേതാവ് അല്ലെന്ന്. അതു തെളിയിക്കുന്നത് അയാളുടെ പ്രസംഗങ്ങള്‍ തന്നെയാണ്.

തന്റെ മോചനത്തിനുശേഷം സിപിഐയുടെ ഏതാനും ദേശീയ നേതാക്കന്മാരുമായി സംസാരിച്ചശേഷം കനയ്യ ജെഎന്‍യു കാമ്പസിലെത്തി. തുടര്‍ന്നു വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രസംഗം നടത്തി. നേരത്തോടുനേരം പോലുമായിട്ടില്ല, സമീപകാല ചരിത്രത്തില്‍ ഇത്രയേറെ ആവേശത്തോടെ രാജ്യം ചെവികൊടുത്ത ഒരു പ്രസംഗം വേറെയില്ലെന്നു തെളിയിച്ചുകൊണ്ട കനയ്യയുടെ വാക്കുകള്‍ നാമെല്ലാം കേട്ടുകഴിഞ്ഞു. വീണ്ടും വീണ്ടും അവ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

‘പലതവണ കനയ്യയുടെ പ്രസംഗം കേട്ടു കഴിഞ്ഞു. അയാള്‍ തന്റെ ചിന്തകള്‍ എത്രമാത്രം വ്യക്തതയോടെയാണ് പകര്‍ന്നു തരുന്നത്, മനോഹരം. ഈ രാജ്യത്തെ ഒട്ടെല്ലാ ജനങ്ങളും എന്താണോ ചിന്തിക്കുന്നത് അതുതന്നെയാണ് അദ്ദേഹം പറയുന്നതും’ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കനയ്യയെ പ്രകീര്‍ത്തിക്കുന്നതിപ്രകാരമാണ്. കെജ്രിവാളിനെപ്പോലെ, കനയ്യയുടെ മോചനത്തെ ആവേശത്തോടെ സ്വീകരിച്ച സീതാറാം യെച്ചൂരിയെപ്പോലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും അയാളെ പിന്തുണയ്ക്കുന്നവര്‍ നിരവധിയാണ്. കനയ്യയെ ഇന്ത്യയുടെ മകനായി വിശേഷിപ്പിക്കുന്നു, അയാളുടെ വാക്കുകള്‍, ചിന്തകള്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതായി ചൂണ്ടിക്കാണിക്കുന്നു. കനയ്യയുടെ പ്രസംഗം മറ്റു നേതാക്കള്‍ കേട്ടു പഠിക്കണമെന്നു പറയുന്നു.

സംഘ പരിവാറിനോട് പറയാനുള്ളത്, നിങ്ങളെപ്പോഴും എതിരാളികളോട് ശത്രുക്കളെന്നപോലെയാണ് പെരുമാറുന്നത്. വാക്കുകള്‍ക്ക് ബലമില്ലെന്നതു മറച്ചുവയ്ക്കാന്‍ ശരീരത്തിന്റെ ബലമുപയോഗിക്കുന്നു. പക്ഷേ കനയ്യ, അയാളുടെ പ്രസംഗം ശ്രദ്ധിക്കു, ആരാണ് എതിരാളി, ആരാണ് ശത്രു എന്ന് നിങ്ങള്‍ക്ക് വ്യക്തമാകും. എതിര്‍പ്പുകള്‍ പ്രതിപക്ഷബഹുമാനത്തോടെ ഉയര്‍ത്താനാണ് കനയ്യ നിങ്ങളോട് ആവശ്യപ്പെടുന്നത്. അതാണ് അയാള്‍ ചെയ്യുന്നത്, വാക്കുകള്‍ക്ക് കടുപ്പം ഉണ്ടെങ്കിലും അതിനൊപ്പം ലളിതമായ തമാശകള്‍ ചേര്‍ക്കുന്നു.

അയാളുടെ വാദങ്ങള്‍ എത്രമാത്രം കൃത്യതയുള്ളതാണ്. സൈനികന്റെ മരണമാണ് ദേശസ്‌നേഹത്തിന്റെ ഉ്ള്‍ത്തുടിപ്പുകള്‍ ഉയര്‍ത്തുന്നതെന്നു നിങ്ങള്‍ വാദിക്കുമ്പോള്‍, സൈനികനും എനിക്കും നിങ്ങള്‍ക്കുമെല്ലാം അന്നം തരുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നവെന്നാണ് അയാള്‍ ചോദിക്കുന്നത്. മന്‍ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും അതിന്റെ കേള്‍വിക്കാരനാകണമെന്നു പറയുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന പരിഹാസത്തിന്റെ ശക്തി തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എല്ലാം പെട്ടെന്നു മറക്കുന്നവരാണ് ഇന്ത്യക്കാരെന്നു ധരിച്ചുകൊണ്ട് ഓരോന്നും ചെയ്യാനും പറഞ്ഞതുപോയതെല്ലാം ഒളിപ്പിക്കാനും ശ്രമിച്ചവരെ കണക്കറ്റു കളിയാക്കുന്നുണ്ട് കനയ്യ. മോതിരം വാങ്ങിയാല്‍ എല്ലാ സൗഭാഗ്യങ്ങളും കൈവരുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന മായാജാലക്കാരന്റെ കപടതപോലെയാണ് കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പറഞ്ഞവരുടെ കാര്യം എന്നു പറയുമ്പോള്‍ ലളിതമായി എന്നാല്‍ ആഴമേറിയ വിമര്‍ശനത്തോടെ അയാള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നേരിടുന്നു.

പക്ഷേ ഒരുകാര്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കന്മാരെ, നിങ്ങളെ അനുമോദിക്കണം, ദീര്‍ഘദര്‍ശികളാണ് നിങ്ങള്‍. കനയ്യയുടെ യുവത്വത്തിന്റെ ശക്തി നിങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പക്ഷേ ജെഎന്‍യു എന്ന എക്കാലവും നിങ്ങളുടെ അസ്വസ്ഥതയായി നിലകൊള്ളുന്നൊരു കാമ്പസിലെ എല്ലാ സ്വാതന്ത്രദാഹികളായ വിദ്യാര്‍ത്ഥികളുമേലും വച്ചിരിക്കുന്ന സംശയം തന്നെയായിരിക്കാം കനയ്യയിലും നടത്തിയത്. അതുപക്ഷേ സത്യമായി. അതു നിങ്ങള്‍ക്ക് ഗുണം ചെയ്‌തോ? ഒരിക്കലുമില്ല. നിങ്ങളുടെ ഐഡിയോളജിയെ എതിര്‍ത്ത 69 ശതമാനം ഇന്ത്യക്കാര്‍ക്കുമാണ് അതു ഗുണം ചെയ്തത്. അവരിലേക്ക് കൂടുതല്‍ അടുക്കാന്‍ കനയ്യ കുമാറിനാണ് നിങ്ങള്‍ സഹായം ചെയ്തു കൊടുത്തത്.

സ്വാതന്ത്ര്യം എന്ന ഒറ്റവാക്കാണ് നിങ്ങള്‍ ആയുധമാക്കിയത്. അതേ വാക്കു തന്നെയാണ് ജെഎന്‍യുവിന്റെ കാമ്പസും കടന്ന് രാജ്യത്ത് കൊടുങ്കാറ്റായി മാറിയതും. അങ്ങനെയൊന്നു സംഭവിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചു കാണില്ല. സ്വാതന്ത്ര്യം വേണമെന്ന് കനയ്യ പറഞ്ഞപ്പോള്‍ അത് രാജ്യത്തിനെതിരെയുള്ള മുദ്രാവാക്യമെന്നു നിങ്ങള്‍ പ്രചരിപ്പിച്ചു. ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യക്ക് അകത്തു നിന്നാണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടതെന്നു കനയ്യ കൂടുതല്‍ വ്യക്തമായി പറയുന്നു. അതേ അയാള്‍ പറഞ്ഞ സ്വാതന്ത്ര്യം ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നതാണ്. ഇവിടെ നിലനില്‍ക്കുന്ന ബ്രാഹ്മണിസത്തില്‍ നിന്ന്, കാപ്പിറ്റലിസത്തില്‍ നിന്ന്, ജാതിയതയില്‍ നിന്ന് എല്ലാം സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അവര്‍ നിങ്ങളുടെ എതിരാളികളാണ്. ആ വലിയ വിഭാഗത്തിന് കനയ്യ മികച്ചൊരു നേതാവാണ്…അതിന് സന്ദര്‍ഭവശാല്‍ വഴിയൊരുക്കി കൊടുത്തു എന്നതുകൊണ്ട്, ആ സന്തോഷത്തില്‍ പറയുകയാണ്, തീര്‍ത്തും ദുര്‍ഘടമായിരിക്കുന്നു നിങ്ങളുടെ യാത്ര…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍