UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് വെമുല മുതല്‍ ജിഗ്നേഷ് മേവാനി വരെ നമ്മുടെ സ്വാതന്ത്ര്യത്തെ ഓര്‍മപ്പെടുത്തുന്നത്

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യ അതിന്റെ എഴുപതാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തില്‍, ഓരോ ഇന്ത്യക്കാരും അവരുടെ ആഹ്ലാദത്തിനൊപ്പം ചിന്തിക്കേണ്ടൊരു കാര്യമുണ്ട്; ആസാദി അഥവ സ്വാതന്ത്ര്യം ഓരോ ഇന്ത്യകാര്‍ക്കും തുല്യമായി അവകാശപ്പെടാന്‍ കഴിയുന്നുണ്ടോ എന്ന്. രോഹിത് വെമുലയും കനയ്യ കുമാറും സോണി സോറിയും പെരുമാള്‍ മുരുഗനും ഇറോം ശര്‍മിളയും കോവനും ജിഗ്നേഷ് മേവാനിയുമെല്ലാം എന്തിന്റെ പ്രതീകങ്ങളാണെന്ന്.

രോഹിത് വെമുല
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട സമരങ്ങളില്‍ ആഴവും ദൈര്‍ഘ്യമേറിയതുമായ ഒന്നായിരുന്നു രോഹിത് വെമുലയുടെ പേരില്‍ നടന്നത് (നടന്നുവരുന്നത്). കോളനിവാഴ്ചയില്‍ നിന്നും മുക്തിനേടിയ രാജ്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന പദവി സ്വന്തമായെങ്കിലും ഇന്ത്യ പൂര്‍ണമായ അര്‍ത്ഥത്തില്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലെന്നും ജാതിയും മതവും നിറവുമെല്ലാം അടിസ്ഥാനമാക്കി മനുഷ്യനെ തരംതിരിക്കുന്ന ഇരുണ്ടകാലത്തിന്റെ പിന്‍ഗാമികളാണ് ഇവിടെ ശക്തരെന്നും തെളിയിക്കുന്നതായിരുന്നു ഹൈദരബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും ദളിതനുമായ രോഹിത് വെമുലയുടെ ആത്മഹത്യ വ്യക്തമാക്കിയത്. രോഹിതിന്റെത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ തന്നെയായിരുന്നു. ദളിതന്റെ ശബ്ദത്തില്‍ അസഹിഷ്ണുത പൂണ്ട സവര്‍ണ അധികാരവര്‍ഗ പ്രമത്തത ബോധപൂര്‍വം നടപ്പിലാക്കിയ കൊലപാതകം. പക്ഷേ ഘാതകര്‍, വിചാരിച്ചതുപോലെ അവര്‍ക്ക് സുരക്ഷിതരായി കഴിയാന്‍ സാധിച്ചില്ല. ഭരണകൂടത്തിനെതിരെ, എത്രമാത്രം ഉറക്കെയോ അത്രയേറെ ശബ്ദമുയര്‍ത്തി ഈ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം പ്രക്ഷോഭം നടത്തി, നടത്തുന്നു… അവര്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല, പക്ഷേ അവരുടെ വിജയം ആസന്നമായിരിക്കുന്നു..

കനയ്യ കുമാര്‍
വേട്ടയാടല്‍, ജനാധിപത്യത്തെ അസംബന്ധമാക്കുമെന്നതിനാല്‍ നിലവിലെ ഭരണകൂടത്തിന്റെയും അതിന്റെ സാര്‍ത്ഥക സംഘത്തിന്റെയും നടപടികള്‍ ഈ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യ എന്ന മഹാരാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് എന്നതിന് മറ്റൊരു ഉദാഹരണമാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന ആരോപണമുയര്‍ത്തി വഴിയിലിട്ട് തല്ലിയും ജയിലില്‍ അടച്ചും കനയ്യ കുമാറിനെ ദേശദ്രോഹിയാക്കിയവര്‍, അയാള്‍ക്ക് അനുയായികള്‍ ഉണ്ടെന്നു കരുതി വേട്ടയാടല്‍ തുടരുമ്പോള്‍ വീണ്ടും സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പം ചോദ്യം ചെയ്യപ്പെടേണ്ടതാകുന്നു.

സോണി സോറി
‘എനിക്കെതിരെ നടക്കുന്ന അനീതിക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ എനിക്ക് അധികാരമില്ലേ? എനിക്ക് ജീവിക്കാന്‍ അധികാരമില്ലേ? എന്റെ കുട്ടികളെ ഒന്ന് കാണാനും അവരെ സ്‌നേഹിച്ചു അവരോടൊപ്പം ജീവിക്കുവാനും എനിക്ക് അധികാരമില്ലേ? ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു നക്‌സലൈറ്റുകള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന്. എന്നോട് കുറച്ചു ദയവു കാണിക്കൂ . ഇതിലും ഭേദം മരണശിക്ഷയാണ്.’ 

2012 ആഗസ്റ്റില്‍ റായ്പൂര്‍ ജയിലില്‍ നിന്നു സോണി സോറി സുപ്രീം കോടതിക്ക് അയച്ച കത്തുകളിലെ വരികളാണിത്. 

ജീവിക്കാന്‍ അവകാശമില്ലാതെ പോകുന്ന ഒരുപാടുപേരുടെ ഗതികെട്ട ശബ്ദമാണ് സാമൂഹ്യപ്രവര്‍ത്തക സോണി സോറിയുടെ ഈ വാക്കുകള്‍ പേറുന്നത്. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ ഈ ആദിവാസി സ്ത്രീ അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തിടത്തോളവും നമ്മുടെ സ്വാതന്ത്ര്യം വെറും മിഥ്യയാണെന്നു പറയേണ്ടി വരും.

പെരുമാള്‍ മുരുഗന്‍
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവാകശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ നമ്മള്‍ ഈ രാജ്യത്തെ എങ്ങനെയൊരു സ്വതന്ത്രരാജ്യം എന്നു വിളിക്കും. അതോ സ്വാതന്ത്ര്യം എന്നത് ഒരു വിഭാഗത്തിനു മാത്രം അനുഭവിക്കാനുള്ളതോ? എഴുതാനും പറയാനും മറ്റുള്ളവരുടെ അനുവാദം വേണ്ടിവന്നിരുന്നത് ചാതുര്‍വര്‍ണ്യത്തിന്റെ കാലഘട്ടത്തിലായിരുന്നു. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന് മേല്‍ ഉണ്ടായ ഭീഷണി അതേ ചാതുര്‍വര്‍ണ്യവ്യവസ്ഥതിയാണ് ഇന്ത്യ ഇപ്പോഴും പിന്തുടരുന്നതെന്നു തെളിയിക്കുന്നതായിരുന്നു. പെരുമാള്‍ മുരുഗന്‍ അയാളിലെ എഴുത്തുകാരന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. പാരതന്ത്ര്യത്തിന്റെ കൂട്ടില്‍ കഴിയേണ്ടി വരുന്ന എഴുത്തുകാര്‍ ഉള്ള നാട് എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക?

കോവന്‍
ജനാധിപത്യത്തില്‍ എങ്ങനെയാണ് അധികാരം ഒരാളിലേക്ക് ചുരുങ്ങുക? ഇന്ത്യ ഏതാനും ഏകാധിപതികളുടെ കീഴില്‍ അമരുകയാണ്. അതിനെതിരെ എഴുതിയാലോ പാടിയാലോ അതു ചെയ്യുന്നവന് കാരാഗൃഹവും മരണവും വിധിക്കുന്നു. തമിഴ്‌നാട്ടിലെ നാടന്‍പാട്ടുകലാകാരന്‍ കോവന്റെ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതതാണ്. മദ്യശാലകള്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ കോവന്‍ പാടിയപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചാണ് പ്രതികാരം തീര്‍ത്തത്. അധികാരവര്‍ഗ അഹങ്കാരത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഉണര്‍ത്തു പാട്ടുകളുമായി കോവനെ പോലുള്ളവര്‍ വരുമ്പോള്‍ അവരെ തടയുന്ന ശക്തികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കിട്ടുന്നതെങ്കില്‍, തീര്‍ച്ച ഇന്ത്യയുടേത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ല.

ഇറോം ശര്‍മിള
ഇന്ത്യ നേരിടുന്ന അസ്വാതന്ത്ര്യങ്ങളുടെ മൗനമായ പ്രതീകമായിരുന്നു ഇറോം ചാനു ശര്‍മിള എന്ന മണിപ്പൂര്‍ യുവതി. നീണ്ട 16 വര്‍ഷത്തെ ഉപവാസ സമരം അവര്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചെങ്കിലും സഹനസമരം കൊണ്ട് അവര്‍ നടത്തിയ പോരാട്ടം എന്തിനുവേണ്ടിയായിരുന്നുവെന്ന് നമ്മെ ചിന്തിപ്പിച്ചുകൊണ്ടേയിരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടാളത്തിനുള്ള പ്രത്യേകാധികാരം, ആരെയും അറസ്റ്റ് ചെയ്യാനും വേണ്ടി വന്നാല്‍ വെടിവച്ചുകൊല്ലാനുമുള്ള അധികാരം എടുത്തുമാറ്റണമെന്ന ഇറോമിന്റെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടില്ലെന്നിരിക്കെ, ആരുടെയോ തോക്കിന്‍ മുമ്പില്‍ ജീവഭയത്തോടെ കഴിയേണ്ടി വരുന്ന മനുഷ്യര്‍ ഈ രാജ്യത്തിന്റേതാണെന്നു തന്നെ വരികില്‍ നാമെങ്ങനെ പറയും നമ്മള്‍ സ്വതന്ത്രരാണെന്ന്?

ജിഗ്നേഷ് മേവാനി
ദളിതരും ന്യൂനപക്ഷവും അടച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന നാടാണ് ഇന്ത്യ. സ്വാതന്ത്ര്യപൂര്‍വ കാലത്തും നിന്നും സ്വാതന്ത്രാനന്തരകാലത്തും അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനെക്കാള്‍ മഹത്വം പശുവിന് കല്‍പ്പിക്കുന്നവര്‍ക്കിടയില്‍ പൊതുനിരത്തില്‍ നഗ്നരാക്കപ്പെടാനും മരക്കൊമ്പില്‍ കഴുത്തു മുറുകി ചത്തു തൂങ്ങാനും വിധിക്കപ്പെടുന്ന ഹതാശരുടെ ഇന്ത്യക്ക് സ്വാതന്ത്ര്യത്തിന്റെ ആഘോഷം എങ്ങനെ നടത്താനാകും? 

പക്ഷേ പ്രതീക്ഷകള്‍ ഉയരുകയാണ്. ദളിതന്റെ ശബ്ദം അധികാരവര്‍ഗത്തെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുകയാണ്. ജിഗ്നേഷ് മേല്‍വാനി എന്ന ഗുജറാത്തി ദളിത് യുവാവിന്റെ വാക്കുകള്‍ക്ക് ഡല്‍ഹിയിലെ അധികാരകോട്ടകളെ വരെ ഭയപ്പെടുത്താന്‍ തക്ക ശക്തിയുണ്ടായി എന്നത് പ്രതീക്ഷകള്‍ ഉയര്‍ത്തുക തന്നെയാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍