UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയെ കണ്ടെത്തിയ നെഹ്രുവും ഇന്ത്യ പുറന്തള്ളുന്ന നെഹ്രുവും

പുതിയ തലമുറ ചോദിക്കുമോ ആരായിരുന്നു നെഹ്രു എന്ന്?

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വന്‍ വിജയത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി നരേന്ദ്ര മോദിയെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തല്‍ വീണ്ടും ശക്തമായി. ഏകപക്ഷീയമായ തീരുമാനങ്ങളുടേയും ശക്തമായ നേതൃത്വത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ പ്രത്യയശാസ്ത്രം സംബന്ധിച്ച് മോദിയെ താരതമ്യപ്പെടുത്തേണ്ടത് നെഹ്രുവുമായാണ്. 1947 ഓഗസ്റ്റ് 15ന് വിധിയുമായുള്ള ഇന്ത്യയുടെ കൂടിക്കാഴ്ചയെ കുറിച്ച് പറയുമ്പോള്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആശയങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ ആശയങ്ങളുള്ള ഇത്തരമൊരാള്‍ തന്റെ സ്ഥാനത്തിരിക്കുമെന്നും തന്റെ ആശയങ്ങളെ പൂര്‍ണമായും അട്ടിമറിക്കുമെന്നും നെഹ്രു പ്രതീക്ഷിച്ചിരിക്കാനിടയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ആശയപരമായി പരസ്പരം എതിര്‍ദിശയില്‍ നില്‍ക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നെഹ്രുവും മോദിയും.

ആര്‍എസ്എസ് പശ്ചാത്തലമുള്ള ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി ആണ്. വാജ്‌പേയിയെ മതേതരവാദി എന്ന് വിളിക്കാനാവില്ലെങ്കിലും അദ്ദേഹം ജനാധിപത്യമൂല്യങ്ങളുമായി ചേര്‍ന്ന് പോകാന്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്രു ഇടതുപക്ഷ കാഴ്ചപ്പാടില്‍ മുന്നോട്ട് പോകുന്ന ഇന്ത്യയെ ആണ് ആഗ്രഹിച്ചത്. മോദിയാണെങ്കില്‍ തീര്‍ത്തും വലതുപക്ഷത്തേയ്ക്ക് രാജ്യത്തെ തിരിച്ചുവിടാന്‍ പ്രവര്‍ത്തിക്കുന്നു. 1930കളില്‍ തന്നെ തുല്യനീതിയുടേയും സമത്വത്തിന്റേയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സോഷ്യലിസം സ്വീകരിക്കണമെന്ന് നെഹ്രു വ്യക്തമാക്കിയിരുന്നു. പല കോണ്‍ഗ്രസ് നേതാക്കളേയും നെഹ്രുവിന്റെ ഈ നിലപാട് പ്രകോപിപ്പിച്ചു.

സി രാജഗോപാലാചാരി അടക്കമുള്ളവര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. രാജഗോപാലാചാരി കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ നെഹ്രു ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് വിലക്കാനും അദ്ദേഹം ശ്രമിച്ചു. 1927ല്‍ എംകെ ഗാന്ധി തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് രാജഗോപാലാചാരിയെ ആയിരുന്നു. എന്നാല്‍ 1942 ആയപ്പോഴേക്കും ഗാന്ധിജി നിലപാട് മാറ്റി. നെഹ്രുവാണ് തന്റെ പിന്‍ഗാമിയെന്ന് പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും രാജേന്ദ്ര പ്രസാദിനേയും പോലുള്ളവര്‍ക്ക് നെഹ്രുവിന്റെ ഈ സോഷ്യലിസ്റ്റ് പ്രേമത്തില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. അവര്‍ പല ഘട്ടങ്ങളിലും രാജിഭീഷണി മുഴക്കി.

2014 ഓഗസ്റ്റ് 15ന് ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കാന്‍ തീരുമാനിച്ചതായി മോദി പ്രഖ്യാപിച്ചു. ആസൂത്രണ കമ്മീഷനെ പോലൊരു സ്ഥാപനം അര്‍ഹിക്കുന്ന രീതിയിലുള്ള യാത്ര അയപ്പായിരുന്നില്ല ഇത്. അടച്ചു പൂട്ടിയപ്പോള്‍ മാത്രമല്ല, തുറന്നപ്പോളും വിവാദങ്ങളുണ്ടാക്കിയ സ്ഥാപനമാണ് ആസൂത്രണ കമ്മീഷന്‍. 1950കളില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നപ്പോള്‍ നെഹ്രു പുറംവാതിലിലൂടെ ഇന്ത്യയിലേയ്ക്ക് സോഷ്യലിസം ഒളിച്ചുകടത്തുകയാണെന്ന് എതിരാളികള്‍ ആക്ഷേപിച്ചു. ഔദ്യോഗികമായി നെഹ്രുവിയന്‍ സോഷ്യലിസം ഉപേക്ഷിക്കുന്നതായി ഇന്ത്യ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ഈ സ്ഥാപനം അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴി മാറിയിരുന്നു. മുന്‍ യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്തും നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് വഴിയൊരുക്കി മാറി നില്‍ക്കുകയായിരുന്നു ആസൂത്രണ കമ്മീഷന്‍. മോദി അതിന്റെ അന്ത്യം കുറിച്ചതിലൂടെ തന്റെ പ്രത്യയശാസ്ത്രം വ്യക്തമായി പ്രഖ്യാപിച്ചു എന്ന് മാത്രം.

മനുഷ്യാവകാശങ്ങളോടുള്ള നെഹ്രുവിന്റെ നിലപാടുകളും തീര്‍ത്തും വിരുദ്ധമായിരുന്നു. ഹിന്ദുത്വ വലതുപക്ഷത്തെ നെഹ്രു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അത് വര്‍ഗീയവും ദേശവിരുദ്ധവും പ്രതിവിപ്ലവകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്യകുമാര്‍ സഭയ്‌ക്കെതിരായ ഒരു പരാമര്‍ശത്തില്‍ മാത്രമാണ് നെഹ്രു ഖേദം പ്രകടിപ്പിച്ചത്. തന്റെ വിമര്‍ശനം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം 1930കളില്‍ തന്നെ ഇന്ത്യന്‍ വലതുപക്ഷത്തെ കുറിച്ച് നെഹ്രു ഇങ്ങനെ എഴുതി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാവിലെ ദിനപത്രങ്ങള്‍ എനിക്ക് നേരെയുള്ള ധാരാളം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. എല്ലാവര്‍ക്കും നന്ദി. എന്റെ വിദ്യാഭ്യാസത്തിലെ പാളിച്ചകള്‍, വളര്‍ത്തുദോഷം, പാരമ്പര്യം, സംസ്‌കാരം, ഇങ്ങനെ എന്റെ വ്യക്തിപരമായ കാര്യങ്ങളൊക്കെ പറയുന്നുണ്ട്. ഞാന്‍ ശാസനയില്‍ നിന്ന് പാഠം പഠിച്ച് നന്നാവേണ്ടതാണ്. എന്നാല്‍ ആ പ്രായം കഴിഞ്ഞു പോയെന്നാണ് തോന്നുന്നത്.

മുസ്ലീം മതമൗലികവാദികളോടും വിഘടനവാദികളോടും നെഹ്രു മൃദു സമീപനം പുലര്‍ത്തുന്നതായുള്ള വിമര്‍ശനം വലതുപക്ഷക്കാര്‍ ഉന്നയിച്ചിരുന്നു. മുസ്ലീംലീഗിനേയും മുസ്ലീം ഓള്‍ പാര്‍ട്ടീസ് കോണ്‍ഫറന്‍സിനേയും എക്കാലത്തും നെഹ്രു രൂക്ഷമായി വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്തിരുന്നെങ്കിലും. പാശ്ചാത്യവത്കൃത ജീവിതം നയിച്ചിരുന്ന മുസ്ലീങ്ങളെ, ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പറഞ്ഞ് നെഹ്രു വിമര്‍ശിച്ചിരുന്നു. 2014ല്‍ പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗത്തില്‍ മോദി നെഹ്രുവിനെ പരാമര്‍ശിച്ചതേയില്ല. 2015 ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ – ആഫ്രിക്ക ഫോറം ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രസംഗിച്ച ആഫ്രിക്കന്‍ നേതാക്കള്‍ നെഹ്രുവിന്റെ സംഭാവനകളെ പുകഴ്ത്തിയപ്പോള്‍ മോദി ഇതിനെ അവഗണിച്ചു. ഇത്തരത്തില്‍ നിരവധി അവസരങ്ങളിലും സന്ദര്‍ഭങ്ങളിലും മോദി നെഹ്രുവിനെ അവഗണിച്ചു.

പ്രത്യയശാസ്ത്ര യുദ്ധത്തില്‍ ഇത്തരത്തിലുള്ള അവഗണിക്കലുകളും പുറന്തള്ളലുകളും തെറ്റല്ലായിരിക്കാം. എന്നാല്‍ ഒരു ആധുനിക ജനാധിപത്യ സമൂഹം അതിന്റെ പഴ നേതാക്കളോട് ചില കടപ്പാടുകളൊക്കെ ആവശ്യപ്പെടുന്നുണ്ട്. നെഹ്രുവിന്റെ അവസാനകാലത്ത് ഉയര്‍ന്ന ചോദ്യം നെഹ്രുവിന് ശേഷം ആര് എന്നായിരുന്നു. ഇപ്പോള്‍ ഇപ്പോള്‍ വരും തലമുറകളില്‍ നിന്ന് നെഹ്രുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അപ്രസക്തമാക്കാനും നെഹ്രുവിനെ പൂര്‍ണമായും അകറ്റി നിര്‍ത്താനും വലതുപക്ഷം ശ്രമിക്കുകയാണ്. പുതിയ തലമുറ ചോദിക്കുമോ ആരായിരുന്നു നെഹ്രു എന്ന്?

(ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍