UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സര്‍ക്കാരിന് യുദ്ധക്കൊതിയോ?

Avatar

ജി.എല്‍. വര്‍ഗീസ്

യുദ്ധം ചെയ്യാതെ ഇന്ത്യന്‍ സൈന്യം ആകെ ബോറടിച്ചിരിക്കുകയാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞത് എങ്ങനെ നിര്‍വചിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബിജെപിയും സര്‍ക്കാരുമെല്ലാം. പറഞ്ഞതു ബോധമില്ലായ്മയാണെങ്കില്‍ തന്നെ അത് അങ്ങനെ തള്ളിക്കളയാവുന്ന ഒന്നാണോ എന്നും തോന്നുന്നില്ല.

രാവെളുക്കുവോളം കണ്ണിമ ചിമ്മാതെ ശത്രുവിന്റെ തോക്കിനു മുന്നില്‍ രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണവുമായി നില്‍ക്കുന്ന സൈനികനെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യണമെങ്കില്‍ അതു യുദ്ധം ഉണ്ടായാലേ കഴിയൂ എന്നു സൈന്യത്തിന്റെ മുഴുവനും സ്പന്ദനം അറിയേണ്ട ഒരു പ്രതിരോധ മന്ത്രിക്ക് എങ്ങനെ പറയാനാവും?

”രണ്ട് ദശകത്തില്‍ പെട്ട സൈനികര്‍ യുദ്ധം കാണാതെ വിരമിച്ചവരാണ്. അവര്‍ക്കാര്‍ക്കും ലഭിക്കേണ്ട ബഹുമാനം അവര്‍ക്കു ലഭിച്ചിട്ടില്ല. മുമ്പ് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നു ഐഎഎസ് ഓഫീസര്‍മാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഒരു കത്ത് ലഭിച്ചാല്‍ അതിനു പ്രഥമ പരിഗണന നല്‍കാറുണ്ട്. എന്നാല്‍ ഇന്ന് അതില്ല. 40-50 വര്‍ഷമായി രാജ്യത്ത് യുദ്ധമില്ലാത്തതാണ് അതിനു കാരണം,” ജയ്പൂരില്‍ നടത്തിയ ഒരു സെമിനാറില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവന ഇങ്ങനെ. ഒപ്പം ‘ഇത് ഒരു യുദ്ധത്തിനുള്ള ആഹ്വാനമല്ല’ എന്നൊരു ന്യായീകരണവും.

പരീക്കറിന്റെ പ്രസ്താവന രാജ്യദ്രോഹമാണോ സൈനികര്‍ക്ക് വില കല്‍പ്പിക്കാനുള്ള ആഹ്വാനമോ എന്താണെന്നു രാഷ്ട്രീയക്കാരും ജനങ്ങളും തീരുമാനിക്കട്ടെ. യുദ്ധമില്ലാത്തതു കൊണ്ടു സൈനികന്റെ ആവശ്യങ്ങളും പരാതികളും കേള്‍ക്കാത്ത പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇതുമൂലം മാനസാന്തരമുണ്ടായിക്കോട്ടെ. തീവ്രവാദത്തെ നേരിടാന്‍ തീവ്രവാദികളെ ഉപയോഗിക്കണമെന്നായിരുന്നു പരീക്കറിന്റെ ഒരു കണ്ടുപിടിത്തം. അതിനു സൈനികരെ ഉപയോഗിക്കേണ്ട കാര്യമില്ലത്രേ. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന തത്വം സൈന്യവും പോലീസ് സേനകളുമൊക്കെ പല സന്ദര്‍ഭത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണെങ്കിലും മന്ത്രി സര്‍ക്കാര്‍ തലത്തില്‍ പരീക്ഷിക്കാന്‍ പോയതിനെ ആരെങ്കിലും കണക്കിലെടുത്തോ എന്നറിയില്ല.

അതിനു പിന്നാലെയാണ് സൈന്യത്തിനു ബഹുമാനം കിട്ടാന്‍ വേണ്ടി (ബിജെപി വേര്‍ഷന്‍) ഉള്ള പരീക്കറിന്റെ യുദ്ധമില്ലായ്മ വാദം. ഇതും കാടടച്ചുള്ള വെടി തന്നെയാവുമെന്നാണ് ബിജെപി സമര്‍ഥിക്കുന്നത്. മനോഹര്‍ പരീക്കര്‍ ഇടയ്ക്കിടയ്ക്ക് പറഞ്ഞതു കൊണ്ട് രാജ്യത്തിനെതിരേ യുദ്ധം ഉണ്ടാകുമെന്നും ആരും കരുതുന്നില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ അയല്‍രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നതും അതിനു ശത്രു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പ്രതികരിക്കുന്നതും സൈന്യത്തിനും ജനങ്ങള്‍ക്കും ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ടെന്നു പറയാതിരിക്കാനാവില്ല.

വികട പ്രസ്താവനകള്‍ക്കിടയിലൂടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചില നീക്കങ്ങള്‍ ഈ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. ഗുജറാത്ത് തീരത്തു നിന്ന് 365 കിലോമീറ്ററിനപ്പുറത്ത് തീവ്രവാദികളുടെ ബോട്ട് കടലില്‍ തന്നെ സൈന്യം തകര്‍ത്തതു മുതല്‍ മ്യാന്‍മറിന്റെ അതിര്‍ത്തിയില്‍ കടന്നുള്ള തീവ്രവാദി ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയതു വരെ. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കെതിരേ മറുരാജ്യം തിരിച്ചടിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിനു പ്രതിരോധം സൃഷ്ടിക്കാനും അതിനു മറുപടി കൊടുക്കാനാവും എന്നുള്ള ആത്മവിശ്വാസം നല്ലതാണ്. എന്നാല്‍, അത്തരമൊരു തിരിച്ചടി താങ്ങാന്‍ ഇന്ത്യയിലെ ജനതയ്ക്കു കെല്‍പ്പുണ്ടോയെന്നു മന്ത്രിമാര്‍ക്കോ സര്‍ക്കാരിനോ നിജപ്പെടുത്താനാവുമോ…? കുറഞ്ഞത് നാല്‍പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്കു നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും.

മ്യാന്‍മറിലെ തീവ്രവാദി ആക്രമണത്തിനു പിന്നാലെ രാജ്യത്തെ പ്രതിരോധ മന്ത്രിയും മറ്റ് മന്ത്രിമാരും നടത്തിയ നിലപാട് മാറ്റ പ്രസ്താവനകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴും ഈ ആശങ്കകള്‍ വര്‍ധിക്കുന്നു. ബിജെപി സര്‍ക്കാരിനു യുദ്ധക്കൊതിയുണ്ടോ?

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍