UPDATES

ഹിന്ദു മതം ഒരു പശയല്ല, മോദി നായകനുമല്ല; തകരുന്ന ഇന്ത്യ-നേപ്പാള്‍ ബന്ധം

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

ഒരു കാര്യം ഉറപ്പാണ്. രാഷ്ട്രങ്ങളെ തമ്മില്‍ ഒട്ടിച്ചു നിര്‍ത്താന്‍ ശേഷിയുള്ള പശയല്ല മതം. യൂറോപ്പ് മുതല്‍ മധ്യപൂര്‍വ്വേഷ്യ വരെയുള്ള ചരിത്രം ഇതിനു സാക്ഷിയാണ്. ‘ഹിന്ദു ബന്ധം’ ഉപയോഗപ്പെടുത്തി ഇന്ത്യ-നേപ്പാള്‍ സൗഹൃദം വളര്‍ത്താമെന്ന് കരുതുന്ന ഇന്ത്യയിലെ നയരൂപകര്‍ത്താക്കള്‍ക്ക് മാരകമായൊരു പിഴവ് സംഭവിച്ചിരിക്കുന്നു. രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ നയതന്ത്രവും ബന്ധങ്ങളും പൊതുവായ ഒരു വിശ്വാസ സംഹിതയ്ക്ക് ഉണ്ടാക്കാവുന്ന അടുപ്പങ്ങള്‍ക്കും അപ്പുറമാണ്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-നേപ്പാള്‍ ബന്ധം വിശദീകരിക്കുന്നതും ഇതാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനവും ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യ നല്‍കിയ വലിയ പിന്തുണയും കണക്കിലെടുക്കുമ്പോള്‍ ഇത്ര വേഗത്തില്‍ കാര്യങ്ങള്‍ കലങ്ങി മറിയുമെന്ന് ആരും പ്രതീക്ഷിക്കാനിടയില്ല.

ബിഹാറുമായി മുന്‍കാല ബന്ധമുള്ളവരും എന്നാല്‍ നേപ്പാള്‍ പൗരന്‍മാരുമായ മധേശി വിഭാഗത്തോട് അനീതി കാട്ടുന്നുവെന്ന് ഇന്ത്യ കരുതുന്ന നേപ്പാളിന്റെ പുതിയ ഭരണഘടനയാണ് കല്ലുകടിയായിരിക്കുന്നത്. ‘ദസ്ഗജ’യില്‍ (ഇരുരാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കഭൂമി) മധേശികള്‍ ചരക്കു നീക്കം തടയുന്നതിനാല്‍ നേപ്പാളികള്‍ രോഷാകുലരാണ്. ‘നേപ്പാളിനുമേലുള്ള ഇന്ത്യയുടെ അപ്രഖ്യാപിത ഉപരോധ’മെന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ ഹീറോ ആയി സ്വീകരിച്ചാനയിച്ച മോദിയുടെ കോലം കത്തിക്കുകയും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിവരികയും ചെയ്യുകയാണ് ഇവരിപ്പോള്‍.

ഇത് (വെള്ളിയാഴ്ച രാജിവച്ച) നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാലയ്ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേപ്പാളി കോണ്‍ഗ്രസിനെ പലപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയുടെ പാദപൂജകരായാണ്’. മോദിയുടെ കോലം കത്തിക്കുന്നതില്‍ നിന്നും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭം നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വ്യാഴാഴ്ച സുശീല്‍ കൊയ്‌രാല നേപ്പാള്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. പ്രവിശ്യകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികള്‍ തമ്മില്‍ കലഹം നടന്നു വരികയാണ്. ഇതിനിടെ സീതയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ജനക്പൂരിലെ തറായ് സന്ദര്‍ശിക്കാനുള്ള മോദിയുടെ ആഗ്രഹമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ മധേശികളുടെ ആവശ്യത്തിനുള്ള അംഗീകാരമായി വ്യഖ്യാനിക്കപ്പെടുമായിരുന്ന ഈ യാത്ര ഇന്ത്യന്‍ പ്രധാനമന്ത്രി വേണ്ടെന്നു വച്ചു.

നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), യുനൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) എന്നീ പാര്‍ട്ടികള്‍ തറായ് കേന്ദ്രീകൃത പാര്‍ട്ടികളുടെ പങ്കാളിത്തമില്ലാത്ത ഒരു ഭരണഘടനയ്ക്കായി നിലകൊണ്ടതോടെയാണ് മലമ്പ്രദേശങ്ങളിലെ നേപ്പാളികളും മധേശികളും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമായത്. ഇതിനു പുറമെ ഒരു മധേശി കൂടിയായ നേപ്പാള്‍ പ്രസിഡന്റ് രാംബരണ്‍ യാദവ് അവതരിപ്പിച്ച ഭരണഘടനയ്ക്ക് അനുകൂലമായി മൂന്ന് ദേശീയ പാര്‍ട്ടികളിലേയും മധേശി പ്രതിനിധികള്‍ വോട്ടു ചെയ്യുകയും ചെയ്തു. മധേശികളുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ നീക്കത്തെ മലയോര നേതാക്കള്‍ ശക്തമായി എതിര്‍ത്തു. ‘ആരുടേയും റാന്‍ മൂളികളാകാന്‍ നമുക്കാവില്ല’ എന്നായിരുന്നു പുഷ്പ കമല്‍ ദഹലിന്റെ ചുട്ടമറുപടി. കൊയ്‌രാലയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രിയാകാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് കെ പി ഒലിയും ഇന്ത്യയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ‘ലോകം മുഴുവന്‍ തങ്ങളുടെ ഭരണഘടന മാറ്റത്തെ സ്വാഗതം ചെയ്തപ്പോള്‍ അയല്‍രാജ്യം മാത്രം അത് അംഗീകരിക്കാതിരുന്നത് വിചിത്രമായി തോന്നുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ രാജ്യം ഒരു ഹിന്ദു രാജ്യമാക്കിമാറ്റുന്നതിനെ കുറിച്ചുള്ള ചില ഇന്ത്യന്‍ ഹിന്ദുത്വ നേതാക്കളുടെ സംസാരം നേപ്പാളില്‍ പലരും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഹിന്ദു ചായ്‌വുള്ള പാര്‍ട്ടിയാണ് ബിജെപി എന്നതിനാല്‍ വലിയൊരു ശതമാനം നേപ്പാളികളും പ്രതീക്ഷിച്ചത് കോണ്‍ഗ്രസിനേക്കാള്‍ അലിവുള്ളവരായിരിക്കും ഇവരുടെ സര്‍ക്കാരെന്നാണ്. വ്യാപാര, ഗതാഗത കരാറുകളെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ 1989-ല്‍ 22 പ്രവേശന കവാടങ്ങളില്‍ 20 എണ്ണം അടച്ചവരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ചൈനയില്‍ നിന്നും ആയുധം ഇറക്കുമതി ചെയ്യാനുള്ള നേപ്പാളിന്റെ ശ്രമത്തെ ഇന്ത്യ എതിര്‍ക്കുകയും പ്രോട്ടോകോള്‍ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇസ്ലാമബാദിലെ വിരുന്നിലേക്കുള്ള ക്ഷണം ബിരേന്ദ്ര രാജാവ് സ്വീകരിക്കാതിരിക്കുകയും ചെയ്തതിനു തൊട്ടു പിറകെ ആയിരുന്നു ഇത്.

മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യാ-നേപ്പാള്‍ ബന്ധത്തില്‍ ചില ഉടക്കുകള്‍ നേരത്തെ ഉണ്ടായത്. 1999-ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാഥിതിയായി ബിരേന്ദ്ര രാജാവിനെ ക്ഷണിക്കാന്‍ വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിച്ചിട്ടു പോലും ഇതായിരുന്നു അവസ്ഥ. 1999-ല്‍ കാഠ്മണ്ഡുവില്‍ നിന്ന് കാണ്ഡഹാറിലേക്ക് എയര്‍ ഇന്ത്യ വിമാനം റാഞ്ചിക്കൊണ്ടു പോയപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചെറിയ വിള്ളലുകളുണ്ടായി. ഏതാനും മാസങ്ങള്‍ക്കു ശേഷം ‘നേപ്പാള്‍ ഗെയിം പ്ലാന്‍’ എന്ന പേരില്‍ ദല്‍ഹിയിലെ ഒരു ഇംഗ്ലീഷ് മാസിക ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറാക്കിയ ഒരു രേഖയില്‍ ഒരു പറ്റം നേപ്പാളി രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും ഉന്നതരും ഐഎസ്‌ഐ സഹായികളാണെന്ന് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് നേപ്പാളിന്റെ രോഷത്തെ ഏറെ കാലം കത്തിച്ചു നിര്‍ത്തി. 2000 അവസാനമായപ്പോഴേക്കും നേപ്പാളിനെ കുറിച്ച് ബോളിവുഡ് താരം ഋതിക് റോഷന്‍ മോശമായി പ്രതികരിച്ചുവെന്ന കിംവദന്തിയും നേപ്പാളില്‍ വ്യാപക ഇന്ത്യാ വിരുദ്ധ കലാപങ്ങള്‍ക്കിടയാക്കി. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ നേപ്പാളും ഇന്ത്യയും ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളായതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കലും വഷളാകില്ലെന്ന് വിശ്വസിക്കുന്നത് ഒരു അബദ്ധം തന്നെയായിരിക്കും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍