UPDATES

വിപണി/സാമ്പത്തികം

നിക്ഷേപം കുറയുമ്പോൾ ജിഡിപി വളരുന്ന മാജിക്ക്; കേന്ദ്രത്തിന്റെ സാമ്പത്തിക വളർച്ചാ കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

ഇന്ത്യയുടെ ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടത് രണ്ടുദിവസം മുമ്പാണ്. 2019 പൊതുതെരഞ്ഞെടുപ്പിലേക്ക് നാലുമാസം മാത്രം ബാക്കിയിരിക്കെയാണ് ഈ വിവരങ്ങൾ പുറത്തുവിടുന്നത്. മുൻ സർക്കാരിന്റെ കാലത്തുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ കണക്കുകളിൽ‌ ഗൗരവമേറിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ കണക്കുകൾ എത്തിയിരിക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത.

പുതിയ ഡാറ്റ പറയുന്നതു പ്രകാരം ജിഡിപിയിലെ മൊത്ത നിക്ഷേപ വളർച്ച യുപിഎ കാലത്ത് 38% ആയിരുന്നു. 2014 മുതലുള്ള മോദിയുടെ ഭരണകാലത്ത് ഇത് 30.3 ശതമാനവും. എന്നാൽ, സർക്കാർ ഇപ്പോൾ പറയുന്ന കണക്കുകൾ പ്രകാരം ഉയർന്ന ജിഡിപി കൈവരിച്ചെന്നാണ് കാണുന്നത്. സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ ഉയർന്ന നിക്ഷേപം ഉയർന്ന ജിഡിപിയിലേക്ക് നയിക്കും എന്നാണ് പറയുന്നത്. എന്നാൽ നിക്ഷേപം വൻതോതിൽ കുറഞ്ഞിട്ടും ഇപ്പോഴത്തെ സർക്കാരിന്റെ ജിഡിപി ഉയർവന്ന വളർച്ച കാണിക്കുന്നത് എങ്ങനെയാണ്?

സാങ്കേതികമായി ഇങ്ങനെ സംഭവിക്കുക നിക്ഷേപത്തിന് തത്തുല്യമായ ഉൽപാദനം ഒരു സാമ്പത്തികവ്യവസ്ഥയിൽ നടക്കുമ്പോഴാണ്. എന്നാൽ അത്തരമൊന്ന് നിലവിലെ എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ നാലുവർഷത്തെ ഭരണത്തിനിടയിൽ ഉണ്ടായിട്ടുമില്ല. യഥാർത്ഥത്തിൽ ഉൽപാദനക്ഷമത എതിർദിശയിലേക്ക് സഞ്ചരിക്കുന്നതാണ് നമ്മൾ കണ്ടത്. നോട്ടുനിരോധനം, ജിഎസ്‌ടി നടപ്പാക്കൽ എന്നീ ഇരട്ട ഷോക്കുകൾ സാമ്പത്തികവ്യവസ്ഥയെയും ഉൽപാദനക്ഷമതയെയും പിന്നോട്ടടിച്ചു. ഇതിനെല്ലാം പുറമെ, ഈ സർക്കാരിന്റെ കാലത്ത് ഉൽപാദനക്ഷമതയില്ലാതെ ആസ്തികൾ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തികളായി കുന്നുകൂടിക്കിടക്കുകയും ചെയ്തു. കിട്ടാക്കടങ്ങളിൽ പരിഹാരം കാണാനാകാത്ത സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞതിനാൽ ബാങ്കുകൾ ഇപ്പോൾ വായ്പകൾ നൽകുന്നതിൽ വൻ നിയന്ത്രണം വരുത്തിയിരിക്കുകയാണ്. എങ്ങനെയാണ് ഇത്തരമൊരു സാഹചര്യത്തിൽ ഉൽപാദനക്ഷമത വർധിക്കുക?

വിഖ്യാതമായ ഡാറ്റ റിസർച്ച് ഏജൻസി ‘മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി’യുടെ സിഇഒ മഹേഷ് വ്യാസ് പറയുന്നത് കേൾക്കുക: “പുതിയ ജിഡിപി കണക്കുകൾ കാണിക്കുന്നത് ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയിൽ ഒരു ഇന്ദ്രജാലം നടക്കുന്നുവെന്നാണ്. നിക്ഷേപം സൂചികകൾ കുത്തനെ താഴേക്ക് വീഴുമ്പോൾ സാമ്പത്തികവ്യവസ്ഥ മുകളിലേക്ക് ഉയരുന്ന അത്ഭുതമാണവിടെ നടക്കുന്നത്. 2007-08 മുതൽ 2010-11 വരെയുള്ള കാലയളവിൽ ജിഡിപിയിലെ നിക്ഷേപത്തിന്റെ തോത് ശരാശരി 37.4% ആയിരുന്നു. അന്നത്തെ ജിഡിപി 6.7 ശതമാനവും. എന്നാൽ ഇക്കഴിഞ്ഞ നാലു കൊല്ലത്തെ നിക്ഷേപ റേഷ്യോ 30.3 ശതമാനത്തിലേക്ക് ഇടിഞ്ഞപ്പോൾ ജിഡിപി 7.2 ശതമാനത്തിലേക്ക് ഉയർന്നുവെന്ന് പുതിയ കണക്കുകൾ കാണിക്കുന്നു. ഇതൊരു ഇന്ദ്രജാലം തന്നെയല്ലേ?” ഈ അടിസ്ഥാനപരമായ ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല.

ദി വയറിൽ എംകെ വേണു എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍