UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തൊരാശ്വാസം! 2016 പരിചിതവഴികളിലൂടെ പൊയ്ക്കോളും

Avatar

ടീം അഴിമുഖം

എന്തൊരാശ്വാസം, വര്‍ഷാന്ത്യത്തിന്  എത്ര ഗംഭീരമായ വഴി! 2016 തികച്ചും ഇന്ത്യന്‍ വര്‍ഷം തന്നെയാകും, നമ്മുടെ പൊതുജീവിതത്തില്‍ നാം സുലഭമായി ശീലിച്ചപോലെ.

2014-ലും 2015-ലും കുറേക്കാലം ഇന്ത്യക്കാര്‍ക്ക് തോന്നിയത് ഒരു മുയല്‍ മാളത്തിലൂടെ തങ്ങള്‍ ആലീസിന്റെ അത്ഭുതലോകത്തേക്ക് വീണു എന്നാണ്. പുതിയ പ്രധാനമന്ത്രിക്ക് കീഴില്‍ അഴിമതിയും സ്വജനപക്ഷപാതവും അപ്രത്യക്ഷമായ പോലെ തോന്നിച്ചു. ആഗോളതലത്തില്‍ ഇന്ത്യ ഒരു പൌരുഷ പ്രതിച്ഛായ നേടി. ബാങ്ക് എക്കൌണ്ടുകള്‍ മുതല്‍ ഭിന്നശേഷി സൌഹൃദ ഭരണനിര്‍വഹണ പരിശകാരങ്ങള്‍ വരെ. ജനങ്ങള്‍ പാചകവാതക വിലയിലാവ് ഉപേക്ഷിക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മോദിയുടെ പ്രഖ്യാപനം കേട്ട് ഞെട്ടിവിറയ്ക്കുന്നു,“ന കഹൂങ്ക, ന കഹ്നേ  ദൂങ്ക.” എല്ലാ വഴിക്കും മോദി പൊതുജനങ്ങളോട് സംസാരിച്ചു- ട്വിറ്റര്‍, റേഡിയോ-അധികവും വിദേശത്തുനിന്നായിരുന്നു.

പൊടുന്നനെ, ആശ്രിത മുതലാളിത്ത രാഷ്ട്രം അഴിമതി, സ്വജനപക്ഷപാതം, അഴിമതിക്കാരായ നേതാക്കള്‍, വൃത്തികെട്ട കച്ചവടക്കാര്‍ എന്നിവരില്‍ നിന്നെല്ലാം വിമുക്തമായി. എന്തൊരു കാഴ്ച്ചയായിരുന്നു അത്! കോര്‍പ്പറേറ്റുകള്‍ ആയിരക്കണക്കിന് കോടി രൂപ രാഷ്ട്രീയത്തിലേക്ക് കുത്തിനിറയ്ക്കുന്ന, ഒരു ചെറുവിഭാഗത്തിനായി സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നും അധികാരവും പണവുമുള്ളവര്‍ കയ്യിട്ടുവാരുന്ന കാഴ്ച്ചകള്‍ കണ്ടുശീലിച്ച മിക്ക ഇന്ത്യക്കാര്‍ക്കും, ഇതെല്ലാം ഭ്രമാത്മകമായ എന്തിന്റെയോ തുടക്കമായിരുന്നു അതെല്ലാം. ടെലിവിഷനും റേഡിയോയും സര്‍ക്കാര്‍ പ്രചാരണങ്ങള്‍ വിളിച്ചുകൂവിക്കൊണ്ടിരുന്നു- ഭിന്നശേഷിക്കര്‍ക്ക് ബാങ്ക് ഇടപാടുകള്‍  എളുപ്പമാക്കുന്നതും, മെയ്ക് ഇന്‍ ഇന്ത്യയും, സ്വച്ഛ് ഭാരതും. ഒരിത്തിരി നികുതി കൂടിയാലും എല്ലാം മഹത്തായ വികസനത്തിനുവേണ്ടി.

രാഷ്ട്രീയക്കാരും വ്യാപാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെന്തുപറ്റി? കള്ളപ്പണമില്ലെങ്കില്‍ ബി ജെ പിയും കോണ്‍ഗ്രസും തങ്ങളുടെ കൂറ്റന്‍ സംഘടന സംവിധാനങ്ങള്‍ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്? മോദി ഭരണകൂടം കോര്‍പ്പറേറ്റ് സ്വാധീനം ഇല്ലാതാക്കിയെങ്കില്‍ അദാനിമാരും അംബാനിമാരും എങ്ങനെയാണ് കച്ചവടം നടത്തുന്നത്?

2015 ആശയക്കുഴപ്പങ്ങളുടെ വര്‍ഷമായിരുന്നു- പെട്ടന്നുള്ള ഒരു രൂപമാറ്റം. അഥവാ വടക്കന്‍ പ്രദേശങ്ങളില്‍ ശൈത്യകാലം വന്നപോലെ തോന്നിച്ചു.

പക്ഷേ, ദൈവത്തിനു നന്ദി, അതങ്ങനെ ആയിരുന്നില്ല. 2015 അതിന്റെ അവസാനപാദത്തില്‍ ഓടവേ, മിക്ക ഇന്ത്യക്കാര്‍ക്കും ആശ്വാസം പകര്‍ന്നുകൊണ്ട് പതിവ് ആഘോഷങ്ങള്‍ മടങ്ങിവന്നിരിക്കുന്നു. അഴിമതി നിറഞ്ഞ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തിരുന്ന കാലത്തെ അഴിമതിയാരോപണങ്ങള്‍ നേരിടുകയാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി.  അയാള്‍ സമിതിയംഗമായിരുന്ന ഹോക്കി ഇന്ത്യയില്‍ നിന്നും വക്കീല്‍ ഫീസിനത്തില്‍ കുറച്ചു കോടികള്‍ വാങ്ങി ജെറ്റ്ലിയുടെ മകള്‍ എന്നും ആരോപണമുണ്ട്.

മോദിയുടെ പാകിസ്ഥാനിലേക്കുള്ള അപ്രഖ്യാപിത ക്രിസ്മസ് നയതന്ത്രജ്ഞത ഒരുക്കിക്കൊടുത്തത് JSW സ്റ്റീല്‍ ഉടമ സജ്ജന്‍ ജീന്ദാലാണെന്ന് പറയുന്നു. തങ്ങളുടെ ഫെല്ലോഷിപ്പ് ലഭിക്കാന്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ദേശീയ തലസ്ഥാനത്ത് ലാത്തിച്ചാര്‍ജ് ചെയ്യുന്നു. മോദി വാചാലമായ മൌനം പുലര്‍ത്തിയ ആ സംഭവത്തില്‍,  ദാദ്രിയില്‍ കൊല്ലപ്പെട്ട മൊഹമ്മദ് അഖ്ലാക്കിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത് പശുവിറച്ചിയല്ല, ആട്ടിറച്ചിയാണെന്ന്  തെളിയുന്നു. ഫ്രിഡ്ജില്‍ പോത്തിറച്ചി സൂക്ഷിക്കുന്നത്  കുറ്റമാണോയെന്ന് നമുക്കിപ്പോഴും അറിയില്ല!

പശുവിറച്ചി  കൊഴുപ്പ് കയറ്റുമതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ അനുമതി കൊടുത്തിരിക്കുന്നു. മൃഗക്കൊഴുപ്പില്‍ വനസ്പതി കലര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 1983-ല്‍ പശുവിറച്ചി കൊഴുപ്പ് കയറ്റുമതി നിരോധിച്ചതിന് ശേഷം ആദ്യമായാണ് ഇത്. ഇറച്ചി കയറ്റുമതിക്കാര്‍ക്കെതിരെ ‘pink revolution’ എന്ന ആരോപണവുമായി തെരഞ്ഞെടുപ്പ് കാലത്ത് ആക്രോശിച്ച പ്രധാനമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു എന്നാണ് നമുക്കിപ്പോഴും പിടികിട്ടാത്തത്.

സംസ്കാര ശൂന്യവും നിലവാരമില്ലാത്തതുമായ- എ പി ജെ അബ്ദുല്‍കലാമിന് നല്കിയ സാക്ഷ്യപത്രമടക്കം- പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനായ മോദി മന്ത്രിസഭയിലെ സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ ഇപ്പോള്‍ മുന്‍ രാഷ്ട്രപതി ഡല്‍ഹിയില്‍ താമസിച്ച വീട്ടിലാണ് വാസം.

പാര്‍ലമെന്‍റാകട്ടെ സ്തംഭനാവസ്ഥയിലാണ്.

ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ, ഇരട്ട അക്ക കാറോട്ട നിയന്ത്രണ പരിപാടിയില്‍ ചിലര്‍ക്ക് മാത്രം ഒഴിവ് നല്കുന്നു എന്നു റോബര്‍ട് വാദ്ര ആരോപിക്കുന്നു. ദേശീയ തലസ്ഥാനത്തെ മലിനീകരണത്തിനെതിരായ പോരാട്ടത്തെ അട്ടിമറിക്കാന്‍ ആവുന്നതെല്ലാം ഡല്‍ഹി പോലീസ് ചെയ്യുന്നുണ്ട്.

ഹിന്ദു ഭീകര സംഘടനകള്‍ക്കെതിരായ എല്ലാ കേസുകളിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. എന്നാല്‍, ചമ്പല്‍ മേഖലയിലെ ഒരു ദരിദ്ര മുസ്ലീം പ്രദേശത്തുനിന്നും അവര്‍ അല്‍ക്വെയ്ദ ശാഖയെ പിടികൂടിയിരിക്കുന്നു.

ഇതെല്ലാം വലിയ ആശ്വാസമാണ് നല്‍കുന്നത്. അഴിമതിയുടെയും   ആശ്രിത മുതലാളിത്തത്തിന്റെയും  സ്വജന പക്ഷപാതിതത്തിന്റെയും നാറ്റം  തിരികെ വന്നിരിക്കുന്നു. ഈ ദുര്‍ഗന്ധം ഏറെ പരിചിതമാണ്. എല്ലാം പഴയ കാലത്തെപ്പോലെ. 2016 എല്ലാംകൊണ്ടും ഒരു ഇന്ത്യന്‍ വര്‍ഷം തന്നെ.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍