UPDATES

കായികം

ലോധ കമ്മിറ്റി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇന്ത്യ-കിവീസ് സീരീസ് റദ്ദാക്കാനൊരുങ്ങി ബിസിസിഐ

Avatar

അഴിമുഖം പ്രതിനിധി

ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ജസ്റ്റീസ് ആര്‍ എം ലോധ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യ-ന്യൂസിലാന്‍ഡ് സീരീസ് റദ്ദാക്കാനൊരുങ്ങുകയാണ് ബിസിസിഐ. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയതിനാല്‍ രണ്ട് കരങ്ങളും ബന്ധിച്ച അവസ്ഥയിലാണ് ബോര്‍ഡെന്നും, ഇന്ത്യ-കിവീസ് സീരീസ് റദ്ദാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ പണം ഇല്ലാത്തതിനാല്‍ സീരീസ് റദ്ദാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌.

എന്നാല്‍ സീരീസ് റദ്ദാക്കി ലോധ കമ്മിറ്റിക്കുനേരെ ആരാധകരെ തിരിച്ചുവിട്ട് സമ്മര്‍ദം സൃഷ്ടിക്കാനാണ് ബിസിസിഐയുടെ നടപടി എന്നു കരുതുന്നു. കഴിഞ്ഞ ദിവസം ലോധ കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ പാലിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ ബിസിസിഐയുടെ ധാര്‍ഷ്ട്യത്തിന് മറുപടികൊടുക്കുവാനാണ് കമ്മിറ്റിയുടെ ഈ നടപടി. ബോര്‍ഡിനെ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് ലോധ കമ്മറ്റി അറിയിച്ചിട്ടുണ്ട്.

സീരീസിലെ ബാക്കിയുള്ള ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളും നടത്താന്‍ ബിസിസിഐ എന്തുചെയ്യും,എങ്ങനെയാണ് ബിസിസിഐ പ്രവര്‍ത്തിക്കുക, എങ്ങനെയാണ് മാച്ചുകള്‍ സംഘടിപ്പിക്കുന്നത്, ആരാണ് ഇതിന് പണം നല്‍കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയെന്നത് ചെറിയകാര്യമല്ലെന്നും ഒരു ഇന്റര്‍നാഷണല്‍ ടീമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്നും ബിസിസിഐ വക്താവ് പറയുന്നു.

ഐപിഎല്‍ വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ച് വാര്‍ക്കുന്നതിനായി 2013 ലാണ് സുപ്രീം കോടതി ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍ പുറപ്പെടുവിച്ച പല നിര്‍ദേശങ്ങളും ബിസിസിഐ നിരന്തരം ലംഘിച്ചിരുന്നു. ബിസിസിഐയുടെ തുടര്‍ച്ചയായ ധാര്‍ഷ്ട്യം കണ്ട് ബിസിസിഐയെ നിലക്കുനിര്‍ത്താന്‍ അറിയാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍