UPDATES

സിനിമാ വാര്‍ത്തകള്‍

അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം

2017ല്‍ നടന്‍ വിനോദ് ഖന്നയ്ക്കാണ് ഏറ്റവും ഒടുവില്‍ പുരസ്‌കാരം നല്‍കിയത്.

നടന്‍ അമിതാഭ് ബച്ചന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അമിതാബ് ബച്ചന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അറിയിച്ചത്. രണ്ട് തലമുറകള്‍ക്ക് പ്രചോദനമായ ബച്ചന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു എന്ന് പ്രകാശ് ജാവദേക്കര്‍ പറയുന്നു.

നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള (1990 – അഗ്നിപഥ്, 2005 – ബ്ലാക്ക്, 2009 – പാ, 2015 – പീക്കു) അമിതാഭ് ബച്ചന് നേരത്തെ പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെ എ അബ്ബാസ് സംവിധാനം ചെയ്ത്, 1969ല്‍ പുറത്തിറങ്ങിയ ‘സാത് ഹിന്ദുസ്ഥാനി’ ആണ് ആദ്യ സിനിമ.

1942 ഒക്ടോബര്‍ 11ന് പ്രശസ്ത ഹിന്ദി കവി ഹരിവംശറായ് ബച്ചന്റേയും തേജി ബച്ചന്റേയും മകനായാണ് അമിതാഭ് ബച്ചന്റെ ജനനം. നടി ജയ ബച്ചനാണ് (ജയ ബാദുരി) ഭാര്യ. നടന്‍
അഭിഷേക് ബച്ചനും ശ്വേത നന്ദയും മക്കളാണ്. നടി ഐശ്വര്യ റായ് മരുമകളും. 1973ല്‍ പുറത്തിറങ്ങിയ പ്രകാശ് മെഹ്രയുടെ ‘സഞ്ജീര്‍’ ആണ് അമിതാഭ് ബച്ചനെ സൂപ്പര്‍ താരമാക്കിയത്. ഷോലെ, ദീവാര്‍, കാല പഥര്‍, ഡോണ്‍, മുഖാദര്‍ കാ സിക്കന്ദര്‍, തൃശൂല്‍ തുടങ്ങി ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച നിരവധി സിനിമകളില്‍ ബച്ചന്‍ നായകനായി. 1970കളിലും 80കളിലും ‘ക്ഷുഭിത യൗവന’ങ്ങളുടെ ആവേശമായി മാറിയ അമിതാഭ് ബച്ചന്‍, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ‘പാന്‍ ഇന്ത്യന്‍’ സൂപ്പര്‍താരമായി വളര്‍ന്നു.

1982ല്‍ ‘കൂലി’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ പരിക്ക്, അമിതാഭ് ബച്ചന്‍ എന്ന ‘സിനിമാവിഗ്രഹ’ത്തിന്റെ സമാനതകളില്ലാത്ത ജനപ്രീതി എടുത്തുകാട്ടുന്നതിലേയ്ക്ക് നയിച്ചു. 1984 മുതല്‍ 87 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭ എംപിയായിരുന്നു. ഇന്ദിര ഗാന്ധിയുടെ വധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അലഹബാദില്‍ മുന്‍ മുഖ്യമന്ത്രി എച്ച്എന്‍ ബഹുഗുണയെ നാല് ലക്ഷത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ച് ലോക്‌സഭയിലെത്തിയ ബച്ചന്‍, 1987ല്‍ ബോഫോഴ്‌സ് അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ലോക്‌സഭാംഗത്വം രാജി വയ്ക്കുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയുമായിരുന്നു.

90കള്‍ മുതല്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണച്ചെങ്കിലും നിലവില്‍ സജീവരാഷ്ട്രീയവുമായി അകന്നുനില്‍ക്കുകയാണ് ബച്ചന്‍. 90കളുടെ പകുതിയോടെ തുടര്‍ച്ചയായി, സിനിമാ പരാജയങ്ങളെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് പിന്‍വാങ്ങിയ ബച്ചന്‍ കോന്‍ ബനേഗ ക്രോര്‍പതി എന്ന ജനപ്രിയ ടെലിവിഷന്‍ ക്വിസ് പ്രോഗ്രാമിലൂടെയാണ് തിരിച്ചുവന്നത്. പിന്നീട് സിനിമയില്‍ വീണ്ടും സജീവമാവുകയായിരുന്നു. ബോഫോഴ്സിന് ശേഷം പനാമ പേപ്പ്ഴ്സ് വിവാദങ്ങളും മറ്റ് ബച്ചനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.

2017ല്‍ നടന്‍ വിനോദ് ഖന്നയ്ക്കാണ് ഏറ്റവും ഒടുവില്‍ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയത്. 1969ല്‍ ആദ്യ പുരസ്‌കാരം നേടിയത് ആദ്യകാല നടി ദേവിക റാണി ആയിരുന്നു. അഭിനേതാക്കള്‍, സംവിധായകര്‍, രചയിതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ പിന്നണി ഗായകര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന, ആദ്യ ഇന്ത്യന്‍ സിനിമ ‘രാജഹരിശ്ചന്ദ്ര’ ഒരുക്കിയ ദാദാസാഹെബ് ഫാല്‍ക്കെയുടെ പേരിലുള്ളതാണ് പുരസ്‌കാരം. കേരളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം നേടിയിട്ടുള്ളത് – 2004ല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍