UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു വെടിനിര്‍ത്തലിന് സമ്മതിച്ചില്ലായിരുന്നെങ്കില്‍ പാക് അധീന കാശ്മീര്‍ ഉണ്ടാകുമായിരുന്നില്ല: അമിത് ഷാ

കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രം കുറിച്ച ഒന്നാണ് എന്ന് മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ബിജെപി ദേശസ്‌നേഹം കാണുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കാണുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രം കുറിച്ച ഒന്നാണ് എന്ന് മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ അമിത് ഷാ പറഞ്ഞു. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നിവയ്ക്കായാണ് ബിജെപിയുടെ പോരാട്ടമെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ദേശസുരക്ഷയുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണ് എന്നും അമിത് ഷാ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ 370യെ വോട്ട് ബാങ്ക് രാഷ്ട്രീയമായാണ് കോണ്‍ഗ്രസ് കാണുന്നത് എന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരതയേയും മനക്കരുത്തിനേയും ഞാന്‍ അഭിനന്ദിക്കുന്നു. രണ്ടാം തവണ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ അദ്ദേഹം ഇത് കൊണ്ടുവന്നു. രാഹുല്‍ ഗാന്ധിയോട്
ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങളുടെ മൂന്ന് തലമുറകളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനായി പോരാടിയത്. ഇത് നിങ്ങള്‍ കരുതുന്നത് പോലെ ഒരു രാഷ്ട്രീയ പ്രശ്‌നമല്ല. എല്ലാ പൗരന്മാരും പറഞ്ഞുകൊണ്ടിരുന്നത് കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നാണ്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 ഇതിന് തടസമായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്ന് അഭിമാനത്തോടെ ഇപ്പോള്‍ പറയാം – അമിത് ഷാ അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ചരിത്രം പഠിക്കണമെന്നും ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കരുത് എന്നും അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 രാജ്യത്തിന്റെ ഐക്യത്തിന് തടസമായിരുന്നു. പിന്‍വലിച്ച ശേഷം കാശ്മീര്‍ താഴ്‌വരയില്‍ ഒരു ബുള്ളറ്റ് പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക്കിലും ഹരിയായിലെ റോഹ്തക്കിലും കാശ്മീര്‍ വിഷയം മോദി എടുത്തിട്ടിരുന്നു. കാശ്മീരിനെ വീണ്ടും പഴയപോലെ സ്വര്‍ഗമാക്കാനുള്ള നടപടിയാണ് തന്റെ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് മോദി അവകാശപ്പെട്ടത്.

പാക് അധീന കാശ്മീര്‍ ഉണ്ടാകാന്‍ കാരണം ജവഹര്‍ലാല്‍ നെഹ്രുവാണ് എന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് നെഹ്രു സമ്മതിച്ചില്ലായിരുന്നെങ്കില്‍ പാക് അധീന കാശ്മീര്‍ ഉണ്ടാകുമായിരുന്നില്ല. കാശ്മീരിന്റെ ഭാഗങ്ങള്‍ കയ്യേറാന്‍ പാകിസ്താനെ അനുവദിക്കുകയാണ് നെഹ്രു ചെയ്തത്. നെഹ്രുവിന് പകരം കാശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ചുമതല ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഏല്‍പ്പിക്കണമായിരുന്നു എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍