UPDATES

മോദിയ്‌ക്കെതിരായ പരാതികളില്‍ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യക്ക് ആദായനികുതി നോട്ടീസ്

മോദിക്കും അമിത് ഷായ്ക്കുമെതിരെ ഉള്ളതടക്കം 11 പരാതികളില്‍ ആരോപണവിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ചോദ്യം ചെയ്താണ് അശോക് ലവാസ എതിര്‍പ്പ് മുന്നോട്ടുവച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതികളില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യക്ക് ആദായനികുതി നോട്ടീസ്. വിവിധ കമ്പനികളുടെ ഡയറക്ടര്‍ എന്ന നിലയിലുള്ള വരുമാനവുമായി ബന്ധപ്പെട്ടാണ് അശോക് ലവാസയുടെ ഭാര്യയും മുന്‍ ബാങ്കറുമായ നോവല്‍ സിംഗാളിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

അശോക് ലവാസ കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറി ആയതിന് ശേഷമാണ് ഭാര്യ വിവിധ കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനത്തെത്തിയത് എന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ പറയുന്നു. 2005ല്‍ നോവല്‍ സിംഗാള്‍ എസ്ബിഐയില്‍ നിന്ന് വിരമിച്ചിരുന്നു. മോദിക്കും അമിത് ഷായ്ക്കുമെതിരെ ഉള്ളതടക്കം 11 പരാതികളില്‍ ആരോപണവിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ചോദ്യം ചെയ്താണ് അശോക് ലവാസ എതിര്‍പ്പ് മുന്നോട്ടുവച്ചത്.

തന്റെ വിയോജിപ്പ് പരിഗണിക്കാത്തതിനാല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മേയ് നാലിന് നല്‍കിയ കത്തില്‍ അശോക് ലവാസ വ്യക്തമാക്കിയിരുന്നു. സുതാര്യത വേണമെന്ന തന്റെ ആവശ്യത്തിന് പ്രതികരണം ലഭിക്കാത്തതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുകയാണ് എന്ന് അശോക് ലവാസ പറഞ്ഞിരുന്നു. അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും സമാനമായ നിലപാട് സ്വീകരിച്ചതിനാല്‍ ലവാസയുടെ എതിര്‍പ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു.

കൈക്കൂലി സംബന്ധിച്ച പരാതിയില്‍ ബിജെപി ജമ്മു കാശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയും മുന്‍ എംഎല്‍സി വിക്രം രണ്‍ധാവയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ അശോക് ലവാസയുടെ മകളും ലഡാക്കിലെ ലേ മുന്‍ ഡെപ്യൂട്ടി കമ്മീഷണറുമായ ആവ്‌നി ലവാസ കേസ് ഫയല്‍ ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ബിജെപി നേതാക്കള്‍ക്കെതിരായ പരാതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍