UPDATES

ട്രെന്‍ഡിങ്ങ്

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ സൈനിക മേധാവി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കും

ദേശസുരക്ഷയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് ഹൂഡ നേതൃത്വം നല്‍കും.

2016ല്‍ ഉറി ഭീകരാക്രണത്തിന് മറുപടിയായി പാക് അധീന കാശ്മീരില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് (മിന്നലാക്രമണം) നേതൃത്വം നല്‍കിയ ലെഫ്.ജനറല്‍ ഡിഎസ് ഹൂഡ (ദീപേന്ദ്ര സിംഗ് ഹൂഡ) ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് ലെഫ്.ജനറല്‍ ഹൂഡയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ടാസ്‌ക് ഫോഴ്‌സ് ഒരു വിഷന്‍ പേപ്പര്‍ തയ്യാറാക്കും. പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷന്‍ പേപ്പര്‍ തയ്യാറാക്കുന്നത്. അതിര്‍ത്തി സുരക്ഷയടക്കമുള്ള മെച്ചപ്പെടുത്തുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ടാസ്‌ക് ഫോഴ്‌സ് മുന്നോട്ടുവയ്ക്കും. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുമ്പാള്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡിനെ നയിച്ചിരുന്നത് ഡിഎസ് ഹൂഡയാണ്.

മുന്‍ നയതന്ത്രപ്രതിനിധികള്‍, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍, മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ടാസ്‌ക് ഫോഴിസിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഹൂഡ ന്യൂസ് 18നോട് പറഞ്ഞു. മുന്‍ കരസേന മേധാവിയായ വികെ സിംഗ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേരുകയും മോദി മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയാവുകയും ചെയ്തിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരെ നേരത്തെ വിമര്‍ശനവുമായി ഹൂഡ രംഗത്തെത്തിയിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുല്‍വാമ ഭീകരാക്രണവും ദേശസുരക്ഷയും മാത്രം ചര്‍ച്ചാവിഷയമാക്കുകയും മറ്റ് വിഷയങ്ങളെ ശ്രദ്ധയില്‍ നിന്ന് മാറ്റുകയുമെന്ന ബിജെപി തന്ത്രത്തിന് സുരക്ഷയിലെ ഗുരുതരമായ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി തന്നെ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഭീകരവിരുദ്ധ നടപികളില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സമയമല്ല ഇതെന്ന് പറഞ്ഞുകൊണ്ടും രാഹുല്‍ ഗാന്ധി പിന്മാറിയെങ്കിലും ദേശീയ സുരക്ഷയെ മോദി സര്‍ക്കാര്‍ അപകടത്തിലാക്കുന്നു എന്ന പ്രചാരണം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നേക്കാം. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കരുത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം ഇതിന് വിരുദ്ധമായിരുന്നു. സിആര്‍പിഎഫ് ജവാന്മാരുടെ ത്യാഗം വെറുതെയാവില്ലെന്നും കാരണം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ല, കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

സര്‍ക്കാരിനെ ആക്രമിക്കാതെ സംയമനം പാലിച്ച നിലയില്‍ നിന്നും മാറുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഗുരുതരമായ സുരക്ഷാ വീഴ്ച അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തു. ഒരാഴ്ച മുമ്പ് തന്നെ ആക്രമണ സൂചനയുമായി പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും രണ്ട് ദിവസം മുമ്പ് ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിട്ടും യാതൊരു മുന്‍കരുതലുമില്ലാതെ ഇത്ര വലിയ വാഹനവ്യൂഹത്തെ കൊണ്ടുപോയത് ഗുരുതരമായ പിഴവാണ് എന്ന അഭിപ്രായം ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍