UPDATES

മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്

മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 12 മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിക്കുക. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബറിലായിരിക്കും ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് എന്നാണ് സൂചന. അതേസമയം ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നവംബറിലായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള ബിജെപി – ശിവസേന സഖ്യവും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് – എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ സാന്നിധ്യമായി ഓംപ്രകാശ് ചൗത്താലയുടെ ഐഎന്‍എല്‍ഡിയും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും.

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമോ എന് കാര്യം വ്യക്തമല്ല. എംഎല്‍എമാര്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വച്ചതിലുണ്ടായ ഒഴിവുകളാണ് നാല് മണ്ഡലങ്ങളെ ഉപതിരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളില്‍.

മഞ്ചേശ്വരത്ത് സിറ്റിംഗ് എംഎല്‍എയായിരുന്ന മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നേരത്തെ പാലായില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോള്‍ ഇതിനൊപ്പം ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് (സെപ്റ്റംബര്‍ 23) പാലായില്‍ വോട്ടെടുപ്പ്. ചൊവ്വാഴ്ച (സെപ്റ്റംബര്‍ 24) ഫലം പുറത്തുവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍