UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അത് എന്നെ ഉദ്ദേശിച്ചല്ല, പ്രധാനമന്ത്രി വിടുവായനെന്ന് വിളിച്ചത് എന്നെയല്ല: ഉദ്ധവ് താക്കറെ

“അത് പ്രസ്താവനകള്‍ നടത്തുന്നവരെക്കുറിച്ചാണ്. ഞാനത് ചെയ്യാറില്ല”.

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിടുവായന്‍ എന്ന് വിളിച്ചത് തന്നെ അല്ല എന്ന് ഉദ്ധവ് താക്കറെ. അത് പ്രസ്താവനകള്‍ നടത്തുന്നവരെക്കുറിച്ചാണ്. ഞാനത് ചെയ്യാറില്ല. ഹിന്ദുക്കളുടെ മനസിലെന്താണോ ഉള്ളത്, അത് പറയുക മാത്രമാണ് ഞാന്‍ ചെയ്യുന്നത് – ഉദ്ധവ് താക്കറെ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

നാസിക്കിലെ ബിജെപി റാലിയിലാണ് രാമക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന വിടുവായന്മാരെക്കുറിച്ച് മോദി പ്രസംഗിച്ചത്. ജുഡീഷ്യയറിയില്‍ വിശ്വസിക്കൂ എന്നാണ് എനിക്ക് ഇവരോട് പറയാനുള്ളത് എന്ന് മോദി പറഞ്ഞിരുന്നു. ഇത് ശിവസേനയേയും ഉദ്ധവ് താക്കറെയും കുറിച്ചാണ് എന്ന് വിലയിരുത്തപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മിക്കാന്‍ ബിജെപിയോടും മോദി സര്‍ക്കാരിനോടും ശിവസേനയും ഉദ്ധവ് താക്കറെയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഞങ്ങള്‍ കോടതി വിധിക്ക് കാത്തിരിക്കുന്നു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഈ കേസ് കുറേ കാലമായി നടക്കുന്നു. ഇതില്‍ ഒരു വിധിയുണ്ടാകുമെന്ന് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി – ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്ര നിയസഭ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോളും ബിജെപിയും ശിവസേനയും തമ്മില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലെത്തിയിട്ടില്ല. പകുതി സീറ്റ് വേണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിച്ചിട്ടില്ല. പകുതി സീറ്റ് കിട്ടിയില്ലെങ്കില്‍ സഖ്യത്തിനില്ല എന്നാണ് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. സീറ്റ് വിഭജനം സംബന്ധിച്ച ശിവസേനയുടെ ആവശ്യത്തെ ഒതുക്കാന്‍ കൂടിയാണ് മോദിയുടെ പ്രസ്താവന എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ അയോധ്യയില്‍ ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പിന് ഒരു തവണ കൂടി താന്‍ അവിടെ പോയേക്കാമെന്നും പറയുന്നുണ്ട്.

മോദി മുംബൈയില്‍ റാലിക്കെത്തിയപ്പോളും രാമക്ഷേത്ര വിഷയം ഉദ്ധവ് എടുത്തിട്ടിരുന്നു. രാമക്ഷേത്രത്തിനായി നിയമം നിര്‍മ്മിക്കാനുള്ള ധീരത കേന്ദ്ര സര്‍ക്കാര്‍ കാണിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. 1992 മുതല്‍ കാത്തിരിക്കുകയാണ്. ഇനിയും എത്രകാലം കാത്തിരിക്കണം. കോടതിയോട് ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെടാം. എന്നാല്‍ കേന്ദ്രം കോടതി തീരുമാനം വരാന്‍ കാത്തിരിക്കേണ്ടതില്ല. അതിന്റെ അധികാരം ഉപയോഗിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍