UPDATES

ഇന്നും വിശ്വാസ വോട്ടില്ല, കര്‍ണാടക നിയമസഭ ഇനി തിങ്കളാഴ്ച

വിശ്വാസ വോട്ടിന്റെ കാര്യത്തില്‍ സ്പീക്കര്‍ ആണ് തീരുമാനമെടുക്കേണ്ടത് എന്നും വിശ്വാസ വോട്ട് നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ ഗവര്‍ണര്‍ക്ക് ഇതില്‍ അധികാരമില്ലെന്നും കാണിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

കര്‍ണാടക നിയമസഭയില്‍ ഇന്നും വിശ്വാസ വോട്ട് നടത്തില്ല. ഇനി സഭ ചേരുന്ന 22ന് (തിങ്കളാഴ്ച) വിശ്വാസ വോട്ട് നടന്നേക്കും. ബിജെപിയുടെ പരാതിയില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഇടപെട്ട് ഇന്ന് തന്നെ വിശ്വാസവോട്ട് നടത്തി ഭൂരിപക്ഷം തെളിയിക്കണം എന്ന് സര്‍ക്കാരിനും സ്പീക്കര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് തള്ളിക്കളഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.30നകം വിശ്വാസ വോട്ട് നടത്തണം എന്ന് ആദ്യം ആവശ്യപ്പെട്ട ഗവര്‍ണര്‍, പിന്നീട് ഇത് വൈകീട്ട് ആറ് മണിക്കകം എന്നാക്കി. സ്പീക്കറും ഭരണപക്ഷവും ഇത് രണ്ടും അവഗണിച്ചു.

തങ്ങള്‍ക്ക് തങ്ങളുടെ ണ്ഡലങ്ങളില്‍ പോകണമെന്നും ഇന്ന് വിശ്വാസ വോട്ടില്‍ പങ്കെടുക്കാനാവില്ല എന്നുമാണ് ഭരണപക്ഷ എംഎല്‍എമാര്‍ സ്പീക്കറെ അറിയിച്ചത്. വീട്ടില്‍ പോകണമെന്നും സഭ ഇന്ന് പിരിയണമെന്നും ചില എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഇക്കാര്യം സ്പീക്കറെ അറിയിച്ചു. സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ ഇത് അംഗീകരിച്ച് സഭ ഇന്നത്തേയ്ക്ക് നിര്‍ത്തുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിക്കേ ഇനി സഭ ചേരൂ.

വിശ്വാസ വോട്ടിന്റെ കാര്യത്തില്‍ സ്പീക്കര്‍ ആണ് തീരുമാനമെടുക്കേണ്ടത് എന്നും വിശ്വാസ വോട്ട് നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ ഗവര്‍ണര്‍ക്ക് ഇതില്‍ അധികാരമില്ലെന്നും കാണിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 15 വിമത എംഎല്‍എമാരെ വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന ജൂലായ് 17ന്റെ ഉത്തരവ് പുനപരിശോധിക്കണമെന്ന് കുമാരസ്വാമിയുടേയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവിന്റേയും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയുടെ ഈ ഉത്തരവ് വിപ്പ് നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശത്തിലുള്ള കടന്നുകയറ്റമാണ് എന്ന് ദിനേഷ് ഗുണ്ടുറാവു ഹര്‍ജിയില്‍ പറയുന്നു.

തങ്ങളുടെ രാജി അംഗീകരിക്കാത്ത സ്പീക്കര്‍ക്കെതിരെ 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയ സമീപിച്ചെങ്കിലും വിശ്വാസ വോട്ടിലും എംഎല്‍എമാരുടെ രാജിയിലും അയോഗ്യത സംബന്ധിച്ച പ്രശ്‌നത്തിലുമെല്ലാം തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്നായിരുന്നു സുപ്രീം കോടതി വിധി. അതേസമയം വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വിശ്വാസ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പായി വിശദമായ ചര്‍ച്ചകള്‍ വേണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. 20 എംഎല്‍എമാര്‍ കൂടി സംസാരിക്കാനുണ്ട് എന്നും ഇത് കഴിഞ്ഞ് മതി വിശ്വാസ വോട്ട് എന്നുമാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സഭയില്‍ പറഞ്ഞത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് ബിജെപി കോഴ വാഗ്ദാനം ചെയ്തത് സംബന്ധിച്ച ആരോപണങ്ങള്‍ ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ ഇന്ന് സഭയില്‍ ഉന്നയിച്ചു. തനിക്ക് 30 കോടി രൂപ വാഗ്ദാനം ലഭിച്ചെന്നും അഞ്ച് കോടി വീട്ടില്‍ കൊണ്ടുവന്നെന്നും ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍