UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ കന്നുകാലി കടത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരൂഖ് ഖാന്‍ എന്ന 22കാരനെയാണ് എരുമയെ കടത്തി എന്ന് ആരോപിച്ച് ഗോരക്ഷ ഗുണ്ടകള്‍ തല്ലിക്കൊന്നത്.

ഉത്തര്‍പ്രദേശില്‍ കന്നുകാലിക്കടത്ത് ആരോപിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബറെയ്‌ലി ജില്ലയിലെ ഭോലാപ്പൂര്‍ ഹിന്ദോളിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരൂഖ് ഖാന്‍ എന്ന 22കാരനെയാണ് എരുമയെ കടത്തി എന്ന് ആരോപിച്ച് ഗോരക്ഷ ഗുണ്ടകള്‍ തല്ലിക്കൊന്നത്. ഷാരൂഖ് ഖാനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് എരുമയെ കടത്താന്‍ ശ്രമിച്ചു എന്നാണ് നാട്ടുകാരായ ഗുണ്ടകള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോളേക്കും ഇയാള്‍ മരിച്ചു.

അതേസമയം ഈ ചെറുപ്പക്കാരന്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും ഡോസ് കൂടിയതാണ് പ്രശ്‌നമായതുമെന്നും സിറ്റി സൂപ്രണ്ട് പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കരളിനേയും വൃക്കയേയും ബാധിച്ചുള്ള ആന്തരിക പരിക്കുകളാണ് മരണകാരണം എന്നാണ് ഷാരൂഖ് ഖാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മയക്കുമരുന്നോ അമിത അളവില്‍ മറ്റെന്തെങ്കിലും മരുന്നോ ഉപയോഗിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടില്ല. കന്നുകാലികളെ മോഷ്ടിക്കാനാണ് യുവാക്കള്‍ പോയതെന്നും പിടികൂടിയപ്പോള്‍ മൂന്ന് പേര്‍ കുളത്തില്‍ ചാടി നീന്തി അപ്പുറത്തെത്തി രക്ഷപ്പെട്ടെന്നും എന്നാല്‍ നീന്തലറിയാത്ത ഷാരൂഖ് ഖാന്‍ ഇറങ്ങിയില്ലെന്നുമാണ് പൊലീസ് പറഞ്ഞത്.

ദുബായില്‍ ഒരു എംബ്രോയ്ഡറി യൂണിറ്റില്‍ ജോലി ചെയ്യുന്ന ഷാരൂഖ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഷാരൂഖിന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിക്കുകയായിരുന്നു എന്നാണ് സഹോദരന്‍ ഫിറോസ് പറയുന്നത്. രാത്രിയായിട്ടും തിരിച്ചുവരാതിരുന്നപ്പോളും സ്വാഭാവികമായും വീട്ടുകാര്‍ പേടിച്ചു. എന്നാല്‍ പിറ്റേ ദിവസം രാവിലെ മടങ്ങിയെത്തുമെന്ന് വിചാരിച്ചു. ഷാരൂഖ് ഹോസ്പിറ്റലിലാണ് എന്ന് പറഞ്ഞ് പൊലീസാണ് വിളിച്ചത്. നാട്ടുകാരുടേയും പൊലീസിന്റെ മോഷണ ആരോപണം ഫിറോസ് തള്ളിക്കളയുകയാണ്. അതേസമയം ആള്‍ക്കൂട്ട കൊലയുടെ പേരില്‍ 25 പേര്‍ക്കെതിരെ കേസെടുത്തതിന് പുറമെ ഷാരൂഖ് ഖാന്റെ സുഹൃത്തുക്കള്‍ക്കെതിരെ കന്നുകാലി കടത്ത് ആരോപിച്ച് കേസെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍