UPDATES

വിപണി/സാമ്പത്തികം

ഏറ്റവുമധികം നിരോധിക്കപ്പെട്ട നോട്ടുകൾ കൈമാറിയ പത്തില്‍ നാല് സഹകരണ ബാങ്കുകളും ബിജെപിയുടേത്

പത്ത് ജില്ലാതല സഹകരണ ബാങ്കുകളിൽ നാലെണ്ണം ഗുജറാത്തിലും നാലെണ്ണം മഹാരാഷ്ട്രയിലും

നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം തുക നിരോധിക്കപ്പെട്ട കറൻസി കൈമാറ്റം ചെയ്ത പത്ത് ബാങ്കുകളുടെ തലപ്പത്ത് ബിജെപി, കോൺഗ്രസ്, എൻസിപി, ശിവസേന തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യൻ എക്സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തത്. പത്ത് ജില്ലാതല സഹകരണ ബാങ്കുകളിൽ നാലെണ്ണം ഗുജറാത്തിലും നാലെണ്ണം മഹാരാഷ്ട്രയിലും ഒന്ന് ഹിമാചൽ പ്രദേശിലും ഒന്ന് കർണ്ണാടകയിലുമാണ്.

2016 നവംബർ 8ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ 370 ജില്ലാതല സഹകരണ ബാങ്കുകളിൽ നിന്നായി കൈമാറ്റം ചെയ്യപ്പെട്ടത് 22,270 കോടി രൂപയാണെന്നും ആർടിഐ രേഖ പറയുന്നു. പട്ടികയിൽ ആദ്യമെത്തിയ പത്ത് ജില്ലാതല സഹകരണ ബാങ്കുകളിലാണ് ഇതിന്റെ 19 ശതമാനവും നടന്നത്. 2016 നവംബർ 10നും ഡിസംബർ 31നും ഇടയിലായി 4,191.39 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ബാങ്ക് ഉൾപ്പെടെയുള്ളവയിൽ നിന്നായി കൈമാറ്റം ചെയ്യപ്പെട്ടത്.

മോദിയുടെ പ്രഖ്യാപനത്തിന് വെറും 5 ദിവസങ്ങൾക്ക് ശേഷം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.59 കോടി രൂപയുടെ നിരോധിച്ച കറൻസി കൈമാറ്റം ചെയ്തതായി മുമ്പ് ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. ഗുജറാത്ത് സർക്കാരിൽ അംഗമായ ജയേഷ്ഭായ് വിത്തൾഭായ് റഡാഡിയ ചെയർമാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. 693.19 കോടി രൂപയുടെ നിരോധിച്ച കറൻസിയാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടത്.

ഈ രണ്ട് ബാങ്കുകളിലും നിക്ഷേപിക്കപ്പെട്ട തുക ഗുജറാത്ത് സർക്കാരിന്റെ സഹകരണ ബാങ്കിൽ നിക്ഷേപിക്കപ്പെട്ട തുകയേക്കാൾ വളരെ കൂടുതലാണ്. 1.11 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ മാത്രമാണ് ഗുജറാത്ത് സർക്കാറിന്റെ സഹകരണ ബാങ്കിൽ എത്തിയത്. എൻസിപിയുടെ മുൻ എംഎൽഎയായ രമേശ് തോറാട്ട് തലപ്പത്ത് ഇരിക്കുന്ന പൂനെ ജില്ലാ സഹകരണ ബാങ്കാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 551.62 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് നിക്ഷേപിക്കപ്പെട്ടത്. ഈ ബാങ്കിന്റെ വൈസ് ചെയർപേഴ്സൺ കോൺഗ്രസ് നോതാവ് അർച്ചനാ ഗാരെയാണെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ മരുമകൻ‌ ഡയറക്ടർമാരിൽ ഒരാളെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തും മുന്നിലുള്ള ജില്ലാ തല സഹകരണ ബാങ്കുകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരാണെന്നും പ്രത്യേകിച്ച് അതാത് സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന പാർട്ടികളുടെ നേതാക്കളാണെെന്നും നബാർഡിൽ നിന്നും കിട്ടിയ രേഖകൾ കാണിക്കുന്നു.

കള്ളപ്പണവും വ്യാജനോട്ടുകളും പിടികൂടുക, വിനിമയത്തിലുള്ള കറൻസികളുടെ എണ്ണം പ്രത്രേകിച്ച് ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ എണ്ണം കുറക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെ രണ്ട് വർഷം മുമ്പ് നടപ്പാക്കിയ നോട്ട് നിരോധനം ഇക്കാര്യങ്ങളിൽ പരാജയപ്പെട്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ കാണിക്കുന്നത്.

“കണ്‍ഗ്രാജുലേഷന്‍സ് അമിത് ഷാ ജി, താങ്കളുടെ ബാങ്ക് എറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ മാറ്റിയതിന്”: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍