UPDATES

ട്രെന്‍ഡിങ്ങ്

റോക്കറ്റ് ലോഞ്ചറും സ്ഫോടകവസ്തുക്കളുമായി ഐസിസ് ബന്ധമുള്ളവർ പിടിയിൽ; ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻഐഎ

ഒരു സിവിൽ എൻജിനീയറും മൗലവിയും ഓട്ടോ ഡ്രൈവറും അറസ്റ്റിലായവരിൽ‌ പെടുന്നു.

ഉത്തരേന്ത്യയില്‍ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കു വേണ്ടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ 10 പേർ പിടിയിലായതായി റിപ്പോർട്ട്. സ്ഫോടകവസ്തുക്കളും റോക്കറ്റ് ലോഞ്ചറും പിടിച്ചെടുത്തിട്ടുള്ളതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർ‌ട്ട് ചെയ്യുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് റെയ്ഡുകൾ‌ നടന്നത്. മീററ്റ്, ലഖ്നൗ, ഹാപൂർ‌, അമ്രോഹ, സീലാംപൂർ എന്നിങ്ങനെ 17 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. ഉത്തർപ്രദേശിലെ അരോംഗ ജില്ലയിൽ നിന്ന് 5 പേരെയും വടക്കുകിഴക്കൻ ഡൽഹിയിൽ നിന്ന് 5 പേരെയുമാണ് അറസ്റ്റ് ചെയ്തത്. യുപിയിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡുമായി ചേർന്നായിരുന്നു ഓപ്പറേഷൻ. ഡൽഹിയിൽ പൊലീസ് സ്പെഷ്യൽ സെല്ലും റെയ്ഡിനോട് സഹകരിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രൂപീകരിക്കപ്പെട്ട ഹർകാത് ഉൾ ഇ ഇസ്ലാം എന്ന സംഘടനയിലെ അംഗങ്ങളാണ് പിടിയിലായവരെല്ലാം. ഇവർ കുറച്ചുകാലമായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ആക്രമണങ്ങൾ നടത്താന്‍ ഇവർ സജ്ജമായിക്കഴിഞ്ഞിരുന്നെന്നും എൻഐഎ വ്യക്തമാക്കി. റിമോട്ട് കൺട്രോൾ ആക്രമണങ്ങളും ഫിദായീൻ ആക്രമണങ്ങളുമായിരുന്നു ലക്ഷ്യം.

രാജ്യതലസ്ഥാനത്ത് തിരക്കേറിയ സ്ഥലങ്ങളിലും സുപ്രധാന കെട്ടിടങ്ങളിലും ചാവേറാക്രമണം സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചതെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർ വിവിഐപികളെ കൊല ചെയ്യാനും പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബിരുദ വിദ്യാർത്ഥികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു സിവിൽ എൻജിനീയറും മൗലവിയും ഓട്ടോ ഡ്രൈവറും അറസ്റ്റിലായവരിൽ‌ പെടുന്നു.

അറസ്റ്റിലായവരിലെ മൗലവിയാണ് സംഘത്തലവന്‍. മുഫ്തി സൊഹൈൽ എന്ന ഇയാൾ അമന്രോഹ പള്ളിയിലെ മൗലവിയാണ്. വിദേശ ഭീകരവാദികളുമായി ഇവർ നിരന്ത്രമായി ഇടപെട്ടിരുന്നെന്ന് എൻഐഎ ആരോപിക്കുന്നു. പിടിച്ചെടുത്ത ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും വ്യക്തമാക്കുന്നത് ഇവർ ചാവേറാക്രമണത്തിന് പദ്ധതിയിടുകയായിരുന്നു എന്നാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉണ്ടാക്കാനും സംഘം ശ്രമം നടത്തിയിരുന്നു.

റെയ്ഡുകൾ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

ഫോട്ടോകൾക്ക് കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ്സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍