UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിർമല സീതാരാമന്റെ പ്രസ്താവന റാഫേൽ ഒരു കുംഭകോണമായിരുന്നെന്ന് ഉറപ്പിക്കുന്നു: സീതാറാം യെച്ചൂരി

റാഫേൽ കരാർ ഒരു കുംഭകോണമായിരുന്നെന്ന് ഉറപ്പായതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കരാറിൽ പ്രധാനമന്ത്രി സമാന്തരമായി ഇടപെടുന്നതു സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രതിരോധ സെക്രട്ടറിക്ക് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ ആശങ്കപ്പെടേണ്ടതില്ലെന്ന് മറുപടി നൽകിയിരുന്നെന്ന് നിർമല സീതാരാമൻ ലോകസഭയിൽ പ്രസ്താവിച്ചത് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഇതു പറഞ്ഞത്. ദി ഹിന്ദു പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ലെന്നും പക്ഷപാതപരമായ റിപ്പോർട്ടാണ് ഹിന്ദു നൽകിയതെന്നും സ്ഥാപിക്കാനായിരുന്നു നിർമല സീതാരാമന്റെ ശ്രമം.

ഈ കുംഭകോണത്തിന്റെ വേരുകൾ പ്രധാനമന്ത്രിയിലേക്കാണ് നീങ്ങുന്നതെന്നതും വ്യക്തമായിരിക്കുകയാണ്. രാജ്യത്തിന്റെ ഖജനാവിനുണ്ടായ വലിയ നഷ്ടത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ സിൽബന്ധികളെ സഹായിക്കാൻ‌ വേണ്ടിയാണ് പ്രധാനമന്ത്രി ഈ നീക്കങ്ങളെല്ലാം നടത്തിയതെന്ന് യെച്ചൂരി പറഞ്ഞു. പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാർ പ്രതിരോധമന്ത്രാലയത്തിലെ ഫയലിലെഴുതിയ നോട്ട് ദി ഹിന്ദു പത്രം പുറത്തു കൊണ്ടു വന്നതിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തു നിന്നുണ്ടായ സമാന്തര ഇടപെടൽ പ്രതിരോധ മന്ത്രാലയത്തിന്റെയും ഇടനില സംഘത്തിന്റെയും വിലപേശൽ ശേഷിയെ ഗുരുതരമായി ബാധിച്ചെന്ന് 2015 നവംബർ 24നാണ് ജി മോഹൻ കുമാർ നോട്ടെഴുതിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ റാഫേൽ യുദ്ധവിമാനക്കരാറിൽ യാതൊരു ബന്ധവുമില്ലെന്നും ഇടപെടലുകളൊന്നും ഉണ്ടായില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഇതുവരെയെടുത്ത നിലപാട്. കോടതിയിലും ഇതേ നിലപാടാണ് സർക്കാർ ആവർത്തിച്ചിരുന്നത്. ഇതിനെ ഖണ്ഡിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. അനിൽ അംബാനിക്ക് കരാറിന്റെ അനുബന്ധ കരാറുകൾ ലഭിക്കാനായി പ്രധാനമന്ത്രി അവിഹിതമായ രീതിയിൽ ഇടപെട്ടെന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍