UPDATES

ദി ഹിന്ദുവിന്റെ റിപ്പോർട്ട് പക്ഷപാതപരമെന്ന് നിര്‍മല സീതാരാമൻ; പ്രതിപക്ഷം ചത്ത കുതിരയെ തല്ലുന്നു

സംഭവത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്സ് ലോകസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തു നിന്നുണ്ടായ സമാന്തര ഇടപെടൽ പ്രതിരോധ മന്ത്രാലയത്തിന്റെയും ഇടനില സംഘത്തിന്റെയും വിലപേശൽ ശേഷിയെ ഗുരുതരമായി ബാധിച്ചെന്ന് 2015 നവംബർ 24ന് പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കറിന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാർ റിപ്പോർട്ട് നൽകിയ സംഭവം പാർലമെന്റിന്റെ ഇരു സഭകളെയും ഇളക്കിമറിച്ചു. രാവിലെ പതിനൊന്നരയോടെ ബഹളം മൂലം ലോകസഭ നിറുത്തിവെച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. ദി ഹിന്ദു ദിനപത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹിതമായ ഇടപെടലുകൾ വെളിപ്പെടുത്തുന്ന തെളിവ് പുറത്തുവിട്ടത്. കടുത്ത ഭാഷയിൽ സംസാരിച്ച് പ്രതിപക്ഷത്തെ ഇരുത്തുവാനാണ് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ശ്രമിച്ചത്. പ്രതിപക്ഷം ചത്ത പശുവിനെ തല്ലുകയാണെന്ന് റാഫേൽ കരാർ വിവാദത്തിന് പ്രസക്തി നഷ്ടപ്പെട്ടെന്ന തന്റെ വാദത്തെ സ്ഥാപിക്കാൻ അവർ പറഞ്ഞു.

പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാറിന്റെ ഫയൽ നോട്ടിനോട് അന്നത്തെ മനോഹർ പരീക്കർ പ്രതികരിച്ചിരുന്നെന്നും അന്നത്തോടെ പ്രശ്നം തീർന്നെന്നും വരുത്തിത്തീർക്കാൻ നിർ]മല സീതാരാമൻ ശ്രമം നടത്തി. ‘എല്ലാം നന്നായിത്തന്നെ പോകുന്നു’വെന്ന് പരീക്കർ പ്രതിരോധ സെക്രട്ടറിയുടെ നോട്ടിന് മറുപടി നൽകിയിരുന്നതാണെന്ന് അവർ പറഞ്ഞു.

“ശാന്തമായിരിക്കൂ. ഒന്നും പേടിക്കാനില്ല. എല്ലാം നന്നായി പോകുന്നു” എന്നായിരുന്നു പ്രതിരോധ സെക്രട്ടറിയുടെ ആശങ്കയോടുള്ള പരീക്കറിന്റെ മറുപടിയെന്നും എന്നിട്ടും പ്രതിപക്ഷം ഇപ്പോൾ ഇതൊരു പ്രശ്നമാക്കിയെടുക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണെന്നും അവർ ആരോപിച്ചു. റാഫേൽ വിവാദം വീണ്ടും വീണ്ടും ഉന്നയിക്കുന്നത് ചത്ത കുതിരയെ തല്ലുന്നതു പോലെയാണെന്ന് അവർ പരിഹസിച്ചു.

മാധ്യമങ്ങൾക്കെതിരെയും പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആരോപണങ്ങളുന്നയിക്കുകയുണ്ടായി. പക്ഷപാതപരമായ റിപ്പോർട്ടിങ്ങാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് അവർ ആരോപിച്ചു. മാധ്യമ ധർമ്മത്തിന് എതിരാണിതെന്ന് അവർ പറഞ്ഞു. ‘ദി ഹിന്ദു’വിൽ ഡിഫൻസ് സെക്രട്ടറിയുടെ നോട്ട് മാത്രമാണ് വന്നിരിക്കുന്നതെന്ന് നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം ശരിയായി പോകുന്നുവെന്നും മനോഹർ പരീക്കർ പ്രസ്തുത കുറിപ്പിനോട് പ്രതികരിച്ചത് ‘ദി ഹിന്ദു’വിന്റെ റിപ്പോർട്ടിൽ കാണാനില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത് പക്ഷപാതപരമാണ്. 2015 ഡിസംബർ 1നാണ് പരീക്കർ പ്രതിരോധ സെക്രട്ടറിയുടെ നോട്ടിന് മറുപടി നൽകിയതെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ പ്രതിരോധമന്ത്രാലയത്തിന്റെ വിലപേശൽ ശേഷിയെ ബാധിക്കുന്നുവെന്ന പ്രതിരോധ സെക്രട്ടറിയുടെ ഫയൽ നോട്ടിനെ അമിതമായ പ്രതികരണമെന്ന് അന്നത്തെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തുകയാണുണ്ടായതെന്ന് പിന്നീട് എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ട രേഖകളിൽ കാണുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഓഫീസും തങ്ങളുടെ ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ തീരുമാനത്തിന്റെ പുരോഗതി നിരീക്ഷിക്കുകയാണെന്നും പ്രതിരോധ സെക്രട്ടറിക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പ്രധാനമന്ത്രിയുടെ പിൻസിപ്പൽ സെക്രട്ടറിയുമായി സംസാരിച്ച് തീർക്കാവുന്നതാണെന്നും പരീക്കർ എഴുതിയ മറുകുറിപ്പിൽ പറയുന്നു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ണായ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൊന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കരാറിലുണ്ടായിരുന്നെന്ന് പറയുന്നില്ല. ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരാർ പൂർത്തീകരിച്ചതെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതിനെ ഖണ്ഡിക്കുന്ന കാര്യങ്ങളാണ് ഇന്ന് ദി ഹിന്ദു പത്രം പുറത്തുകൊണ്ടു വന്നിരിക്കുന്നത്.

“മോദി-ഷാ കൂട്ടുകെട്ട് പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ല് തകർക്കുന്നു”

സംഭവത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്സ് ലോകസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതുവഴി മാത്രമേ സത്യം പുറത്തുവരികയുള്ളൂ. പ്രധാനമന്ത്രിയുടേതടക്കം നിരവധി വിശദീകരണങ്ങൾ തങ്ങൾ കേട്ടുകഴിഞ്ഞതായും ഇനിയും വിശദീകരണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയും ഷായും ചേർന്നുള്ള കൂട്ടുകെട്ട് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ല് തകർക്കുകയാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് ഫ്രഞ്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയെ കള്ളനെന്ന് വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

അതെസമയം ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരസ്യമാക്കി കോൺഗ്രസ്സ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്രമന്ത്രി എംഎ നഖ്‌വി പറഞ്ഞു. ദി ഹിന്ദുവും മറ്റ് മാധ്യമങ്ങളും കൊണ്ടു വരുന്ന വാർത്തകൾക്ക് റാഫേൽ വിലയിടലുമായി ബന്ധമൊന്നുമില്ലെന്ന് മുൻ പ്രതിരോധ സെക്രട്ടറി ജി മോഹൻ കുമാറും പ്രതികരിച്ചു.

റാഫേൽ കരാർ

മുൻ യുപിഎ സർക്കാർ ഫ്രാൻസുമായി ഏർപ്പെട്ട റാഫേൽ കരാറിൽ 2014ൽ അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ നിർണായകമായ മാറ്റങ്ങൾ വരുത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. 2015 ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഫ്രാൻസ് സന്ദർശനത്തോടെ കരാറിൽ ഗൗരവപ്പെട്ട മാറ്റങ്ങൾ വന്നു, 136 യുദ്ധവിമാനങ്ങൾ വാങ്ങാനായി യുപിഎ സർക്കാരുണ്ടാക്കിയ കരാർ മാറ്റിയ എൻഡിഎ സർക്കാർ, വിമാനങ്ങളുടെ എണ്ണം 36 ആയി കുറയ്ക്കുകയാണുണ്ടായത്. ഇതുവഴി സാമ്പത്തിനേട്ടമുണ്ടായില്ലെന്നു മാത്രമല്ല, വിമാനങ്ങളുടെ വില കുത്തനെ ഉയരുകയും മുൻ കരാറിനെക്കാൾ ഉയർന്ന തുകയിലെത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍