UPDATES

ട്രെന്‍ഡിങ്ങ്

നിതിന്‍ ഗഡ്കരിക്ക് പിന്നില്‍ ആര്‍എസ്എസോ? ബിജെപിയില്‍ മോദി-അമിത് ഷായ്ക്കെതിരെ കലാപക്കൊടി?

ബാങ്കുകളെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയ ഗഡ്കരി ഇന്നലെ ഐബി യോഗത്തിലെ പ്രസംഗവും രാഷ്ട്രീയ ഉദാഹരണങ്ങളിലേക്ക് തിരിച്ചു വിട്ടത് യാദൃശ്ചികമല്ലെന്ന വിലയിരുത്തലും ഉണ്ട്

അടുത്തിടെ നടന്ന മധ്യ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അധികാരം നഷ്ടമായതും തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ മോശം പ്രകടനം കാഴചവച്ചതിനും പിന്നാലെ പാര്‍ട്ടിക്കുള്ളിലും ആര്‍എസ്എസ് നേതൃത്വത്തിനും നിലവിലെ ബിജെപി നേതൃത്വത്തോട് അസംതൃപ്തിയേറുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി മുന്‍ പ്രസിഡന്റും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ മുന്നില്‍ നിര്‍ത്തി ആര്‍എസ്എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയതിന്റെ ഭാഗമാണ് ഗഡ്കരിയുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ‘നേതൃത്വം’ സംബന്ധിച്ച പ്രസ്താവനകള്‍ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്ന വിധത്തില്‍ ഗഡ്കരി കഴിഞ്ഞ ശനിയാഴ്ച  നടത്തിയ പ്രസ്തവന വിവാദമായിരുന്നു. പൂനെ ഡിസ്ട്രിക്ട് അര്‍ബന്‍ കോപറേറ്റീവ് ബാങ്ക്‌സ് അസോസിയേഷന്‍ ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഗഡ്കരി പറഞ്ഞത് ഇങ്ങനെയായിരുന്നു: “ബാങ്കുകള്‍ ചിലപ്പോള്‍ വിജയം നേടുകയും ചിലപ്പോള്‍ പരാജയപ്പെടുകയു ചെയ്യും. ഈ രണ്ടു സാഹചര്യങ്ങളെയും ബാങ്കുകള്‍ നേരിടേണ്ടതുണ്ട്. ഞങ്ങള്‍ രാഷ്ട്രീയക്കാരുടെ മേഖലയിലാവട്ടെ, പരാജയമുണ്ടായാല്‍ ഒരു കമ്മിറ്റി രൂപീകരിക്കും. എന്നാല്‍ വിജയമുണ്ടായാല്‍ ആരും നിങ്ങളോട് ചോദിക്കില്ല നിങ്ങള്‍ എങ്ങനെ പരാജയപ്പെട്ടു എന്ന്. കാരണം വിജയത്തിന് പല അവകാശികളുണ്ട്. പക്ഷേ പരാജയം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ല- (Success has many fathers but failure is an orphan). ഒരു വിജയമുണ്ടായാല്‍ അതിന്റെ ക്രെഡിറ്റ് എഎടുക്കാന്‍ നിരവധി പേരുണ്ടാകും. പക്ഷേ, പരാജയമുണ്ടായാല്‍ പരസ്പരം വിരല്‍ ചൂണ്ടാനും നിരവധി പേരുണ്ടാകും.

വിജയത്തിലും പരാജയത്തിലും ഒരുപോലെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയണം. ഒരു പ്രസ്ഥാനത്തോടുള്ള നേതൃത്വത്തിന്റെ കൂറ് പരാജയത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നതുവരെ തെളിയിക്കപ്പെടില്ല…” മോദി- അമിത് ഷായ്‌ക്കെതിരെയുള്ള വിമര്‍ശനമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ താന്‍ മറാഠിയില്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന വിശദീകരണവുമായി ഗഡ്കരി രംഗത്തെത്തി. പാര്‍ട്ടിയിലെ നേതൃത്വത്തെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമമുണ്ടാകുന്നു എന്നും താന്‍ ഇതിനെ അപലപിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞിരുന്നു.

ഗഡ്കരിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. മധ്യ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ പരാജയത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവായ കിഷോര്‍ തിവാരി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനോട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് അമിത് ഷായെ മാറ്റി ഗഡ്കരിയെ നിയമിക്കണം എന്നാവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

താന്‍ ബാങ്കുകളുടെ വിജയ, പരാജയങ്ങളെ കുറിച്ച് പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്ന് എടുത്തു മാറ്റിയതാണെന്ന് ഗഡ്കരി വിശദീകരണം നല്‍കിയെങ്കിലും ഇന്നലെ, തിങ്കളാഴ്ച സമാന വിധത്തിലുള്ള പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചതിലൂടെ ലക്ഷ്യം മോദി-ഷാ തന്നെയാണെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷര്‍. ഇന്റലീജന്‍സ് ബ്യൂറോ- സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗഡ്കരി പറഞ്ഞത് ഇങ്ങനെയാണ്. “ആഭ്യന്തര മന്ത്രാലയം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രധാന കാരണം അവരുടെ മികച്ച പരിശീലനം ലഭിച്ചവരും കഴിവുള്ളവരുമായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ്. ശരിയായ പരിശീലനം ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരിലെ ഭൂരിഭാഗവും നന്നായി ജോലി ചെയ്യുന്നവരും സത്യസന്ധരുമാണ്. എന്നാല്‍ ഞാന്‍ ഒരു പാര്‍ട്ടിയുടെ പ്രസിഡന്റ് ആണെങ്കില്‍ എന്റെ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, എന്റെ എംപിമാര്‍ നന്നായി പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ അതിന് ഞാനാണ് ഉത്തരവാദി. അവരെ വളര്‍ത്തി എടുക്കാന്‍ ഞാന്‍ എന്തു ചെയ്തു എന്നാണ് ചോദ്യം”.

അതായത്, തന്റെ പാര്‍ട്ടി എം.പിമാര്‍, എംഎല്‍എമാര്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം പാര്‍ട്ടിയുടെ നേതൃത്വത്തിനാണെന്ന് ഗഡ്കരി അമിത് ഷായെ ഉന്നം വച്ചുകൊണ്ടാണ് പറഞ്ഞതെന്ന് ഇന്ന് നിരവധി ഇംഗ്ലീഷ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടും തലേ ദിവസത്തെ പോലെ ഗഡ്കരി നിഷേധക്കുറിപ്പുമായി രംഗത്തു വന്നിട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ബിജെപിയുടെ നിലവിലെ നേതൃത്വം തീര്‍ത്തും ഇഷ്ടപ്പെടാത്ത ഒരു പരാമര്‍ശവും ഇന്നലെ ഗഡ്കരിയുടെ ഭാഗത്തു നിന്നുണ്ടായി. അത് അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉദ്ധരിച്ചതാണ്. “നെഹ്‌റു പറയുന്ന കാര്യം എനിക്ക് ഇഷ്ടമാണ്. ഇന്ത്യ ഒരു രാഷ്ട്രമല്ല, പക്ഷേ ഒരു ജനതയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്”. ഒരാള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലെങ്കില്‍ വേണ്ട, കുറഞ്ഞ പക്ഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെങ്കിലും ഇരിക്കാമെന്ന് നെഹ്‌റുവിനെ ഉദ്ധരിച്ചു കൊണ്ട് പറയുകയായിരുന്നു ഗഡ്കരി. ബിജെപിയുടെ നിലവിലുള്ള നേതൃത്വമായ പ്രധാനമന്ത്രി നരേന്ദ്ര മോദി- പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരാണ് ഏറ്റവും വലിയ ജവഹര്‍ലാല്‍ നെഹ്‌റു വിമര്‍ശകര്‍ എന്ന് നിരവധി തവണ അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതില്‍ നിന്നുള്ള ഒരു വ്യതിചലനമായിരുന്നു ഗഡ്കരി നെഹ്‌റുവിനെ ഉദ്ധരിച്ച് സംസാരിച്ചതും.

സഹിഷ്ണുതയാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്ന് ഗഡ്കരി പ്രസംഗിച്ചതും ഈ സമ്മേളനത്തിലാണ്. ഏതെങ്കിലും പ്രത്യേക സംഭവത്തെ ചൂണ്ടിക്കാട്ടിയല്ല ഗഡ്കരി ഈ കാര്യം പറഞ്ഞതെങ്കിലും നടന്‍ നസറുദ്ദീന്‍ ഷാ ഈയിടെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഇക്കാര്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. “എന്റെ കുട്ടികളെ ഓര്‍ക്കുമ്പോള്‍ എനിക്ക് ആശങ്കയുണ്ട്. കാരണം, അവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു മതമില്ല… നാളെ ഒരു ആള്‍ക്കൂട്ടം അവരെ വളഞ്ഞ് നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നു ചോദിച്ചാല്‍, അവര്‍ക്ക് ഒരു മറുപടി ഉണ്ടാകില്ല” എന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രസ്താവന. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിവിധ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ പ്രതികരിച്ചത്. ഷായോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ വരെ ആക്രോശങ്ങളുയര്‍ന്നു. സഹിഷ്ണുതയാണ് വേണ്ടതെന്ന് പറഞ്ഞ ഗഡ്കരി, “ഒരാള്‍ എന്നോട് ഇത് ചെയ്തു, അതുകൊണ്ട് ഞാനും ഇത് ചെയ്യുന്നു” എന്നു പറയുന്ന മനോഭാവം ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചു.

സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചു കൊണ്ട് ഗഡ്കരി ചൂണ്ടിക്കാട്ടിയത് ഇന്ത്യ എന്ന നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചാണ്. “നിങ്ങള്‍ ഒരാളോട് ബഹമാനപൂര്‍വം ഒരു കാര്യം സംസാരിച്ചാല്‍ അതിന് വലിയ മൂല്യമുണ്ട്. നിങ്ങള്‍ നനന്നായി സംസാരിക്കുന്നു എന്നതു കൊണ്ട് മാത്രം നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വിജയിക്കാന്‍ പറ്റില്ല. എല്ലാക്കാര്യങ്ങളും അറിയാവുന്ന ആളാണ് നിങ്ങള്‍ എന്നതുകൊണ്ടും ജനങ്ങള്‍ വോട്ടു ചെയ്യണമെന്നില്ല. നിങ്ങള്‍ക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും അറിയാം എന്ന് സ്വയം കരുതുന്നത് തെറ്റാണ്. ഇത്തരത്തിലുള്ള കൃത്രിമ പരസ്യപ്രചരണങ്ങളില്‍ നിന്ന് ആളുകള്‍ മാറി നില്‍ക്കണം” എന്ന ഗഡ്കരിയുടെ പ്രസ്താവനയും മോദിയുടെ പ്രചരണ രീതികളോടും വിഷയങ്ങളിലുള്ള നിലപാടുകളോടുമുള്ള വിമര്‍ശനമായും വിലയിരുത്തപ്പെടുന്നുണ്ട്.

സമ്മേളനത്തില്‍ ഗഡ്കരി പറഞ്ഞ മറ്റൊരു കാര്യം, “ബഹുമാനം എന്നത് ആര്‍ജിച്ചെടുക്കേണ്ടതാണ്, അല്ലാതെ ചോദിച്ചു വാങ്ങേണ്ടതല്ല” എന്നാണ്. അതിനൊപ്പം അദ്ദേഹം മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു. “ആത്മവിശ്വാസവും ഈഗോയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങള്‍ ആത്മവിശ്വാസമുള്ളവരാകണം, പക്ഷേ, ഈഗോ മാറ്റിവയ്ക്കാന്‍ തയാറാകണം” എന്ന പ്രസ്താവനയും പാര്‍ട്ടിയുടെ നിലവിലുള്ള നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഗഡ്കരി വീണ്ടും പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്: “തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതു കൊള്ളാം, പക്ഷേ, മനുഷ്യരുടെ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ അധികാരത്തില്‍ വരുന്നുണ്ടോ അധികാരത്തില്‍ നിന്നു പുറത്തു പോകുന്നുണ്ടോ എന്നതു തമ്മില്‍ വ്യത്യാസമില്ല” എന്ന പ്രസ്താവനയും തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള പ്രധാന കാര്യമെന്ന് മോദി-ഷാ ദ്വന്ദം കരുതുന്നത് എന്ന വിമര്‍ശനത്തെ പിന്തുണച്ചു കൊണ്ടുള്ളതാണ് എന്നും കാണാം.

ബിജെപി നേതൃത്വത്തിലെ നിരവധി നേതാക്കള്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകളില്‍ നിന്നു വിരുദ്ധമായി ഗഡ്കരി മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയെ കൂട്ടു പിടിച്ചുകൊണ്ട് പറഞ്ഞത്, “സര്‍ക്കാരുകള്‍ വരും പോകും, പക്ഷേ രാജ്യം അവിടെ നിലനില്‍ക്കും” എന്നാണ്. “ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ ഏതെങ്കിലും വ്യക്തിയുടേയോ അല്ല ഈ രാജ്യം, മറിച്ച് 120 കോടി ഇന്ത്യക്കാരുടേതാണ്” എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ അല്ലാത്തവരും ബിജെപിയേയും മോദി-ഷാമാരേയും വിമര്‍ശിക്കുന്നവരും സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നവരും ഇന്ത്യ വിടണമെന്ന് പതിവ് ശൈലിയില്‍ നിന്ന് മാറിയുള്ള പ്രസംഗമായിരുന്നു ഗഡ്കരിയുടേത് എന്നും കാണേണ്ടതുണ്ട്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഗഡ്കരി പറഞ്ഞത് ഇങ്ങനെയായിരുന്നു: “നമ്മുടെ അതിര്‍ത്തി കാക്കുന്നവരെ പൂര്‍ണമായും പരിരക്ഷിക്കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ കീഴ്ജീവനക്കരുമായി സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നതു വഴി അടിത്തട്ടില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടുകയും അതനുസരിച്ച് നയരൂപീകരണങ്ങള്‍ നടത്തുകയും ചെയ്യാന്‍ കഴിയും” എന്ന പ്രസ്താവനയും മോദി ഭരണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള അസംതൃപ്തിയെ വെളിവാക്കുന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മോദി സര്‍ക്കാരിലെ ഏറ്റവും പ്രധാന തീരുമാനങ്ങളിലൊന്നായിരുന്ന നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ പോലും അവസാന നിമിഷമാണ് അറിഞ്ഞത് എന്ന് നേരത്തെ തന്നെ വിമര്‍ശനമുണ്ടായിരുന്നു. അതുപോലെ മിക്ക വകുപ്പുകളിലും മന്ത്രിമാര്‍ക്ക് വലിയ റോളില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉദ്യോസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഏറെക്കാലമായുള്ള വിമര്‍ശനമാണ്.

ആദ്യ സംഭവത്തില്‍ ബാങ്കുകളെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയ ഗഡ്കരി ഇന്നലെ ഐബി യോഗത്തിലെ പ്രസംഗവും രാഷ്ട്രീയ ഉദാഹരണങ്ങളിലേക്ക് തിരിച്ചു വിട്ടത് യാദൃശ്ചികമല്ലെന്ന വിലയിരുത്തലും ഉണ്ട്. യോഗത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്താവിന്റെയും ആഭ്യന്തര സെക്രട്ടറിയുടെയും സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഇരുവരും പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

മോദി പ്രധാനമന്ത്രിയും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനുമായതിനു ശേഷം പാര്‍ട്ടിയിലെല സമവാക്യങ്ങളില്‍ ഏറെ മാറ്റമുണ്ടായിരുന്നു. മുതിര്‍ന്ന് നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ ദൈനദിന കാര്യങ്ങളില്‍ സ്ഥാനമില്ലാതായി. രണ്ടാം നിര നേതൃത്വത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന മോദി, സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, അനന്ത് കുമാര്‍ തുടങ്ങിയവരില്‍ രാജ്‌നാഥ് സിംഗും ഗഡ്കരിയും മുന്‍പ് പാര്‍ട്ടി അധ്യക്ഷന്മാരായിരുന്നവരാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ മാനസപുത്രനെന്ന് അറിയപ്പെടുന്ന ഗഡ്കരിയെ 2009-ല്‍ ആര്‍എസ്എസാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ ഗഡ്കരിയുടെ രണ്ടാമൂഴത്തിനുള്ള സാധ്യതകള്‍ മുഴുവന്‍ അടച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ 2012-ല്‍ അഴിതി ആരോപണം ഉയര്‍ന്നു വന്നു. അദ്ദേഹത്തിന്റെ പൂര്‍ത്തി ഷുഗര്‍ ആന്‍ഡ് പവര്‍ എന്ന സ്ഥാപനത്തിലെ നിക്ഷേപവുമായി ബന്ധപ്പട്ടുയര്‍ന്ന ആരോപണം 2013 ജനുവരിയില്‍ അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിക്കുകയായിരുന്നു. മാധ്യമങ്ങളാണ് ഈ അഴിമതി പുറത്തു കൊണ്ടുവന്നതെങ്കിലും അന്ന് ഗഡ്കരിയുടെ എതിരാളികളായിരുന്ന അദ്വാനി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ്, മോദി തുടങ്ങിയവര്‍ ഇത് ഗഡ്കരിക്കെതിരെയുള്ള ആയുധമാക്കിയെന്നും ആരോപണങ്ങളുണ്ട്. അന്ന് മോദിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി ഗഡ്കരിക്കെതിരെ പരസ്യമായി രംഗത്തു വന്നതും ജത്മലാനിയുടെ മകന്‍ മഹേഷ് ജത്മലാനി ഗഡ്കരിയുടെ നേതൃത്വം അംഗീകരിക്കാതെ രാജി വച്ചതും രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നുണ്ട്.

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നതിനോട് ഗഡ്കരി അനുകൂല നിലപാട് കാണിക്കാതിരുന്നതും അദ്ദേഹത്തിനെതിരെയുള്ള ചരടുവലികള്‍ക്ക് ഇന്ധനമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗഡ്കരിയുടെ ഒഴിവില്‍ രാജ്‌നാഥ് സിംഗ് ഇടക്കാല പ്രസിഡന്റായെങ്കിലും 2014-ലെ തെരഞ്ഞെടുപ്പ് വിജയത്തോടെ അദ്ദേഹം ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വച്ചു. ഇവിടേക്കാണ് അമിത് ഷാ പ്രസിഡന്റായി കടന്നുവരുന്നത്. തെരഞ്ഞെടുപ്പിനു മുമ്പായി യുപിയുടെ ചുമതല അമിത് ഷായ്ക്ക് നല്‍കിക്കൊണ്ടായിരുന്നു മോദി ഇതിന് കളമൊരുക്കിയതെന്നും യുപിയില്‍ ബിജെപി നേടിയ വമ്പന്‍ വിജയത്തോടെ അമിത് ഷായുടെ നേതൃത്വം അംഗീകരിക്കാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ തവണത്തെ കാലവധി കഴിഞ്ഞെങ്കിലും അമിത് ഷായ്ക്ക് അടുത്ത ടേം കൂടി നല്‍കിയതിലും പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്.

ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജസ്വന്ത് സിംഗ് മോദി-അമിത് ഷായുമായി തെറ്റുകയും മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാതിരുന്ന യശ്വന്ത് സിന്‍ഹ പാര്‍ട്ടിയില്‍ നിന്നു തന്നെ പോവുകയും ചെയ്തു. വിദേശകാര്യ മന്ത്രിയാണെങ്കിലും വിദേശ ദൗത്യങ്ങള്‍ മോദി ഭരണത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കൂടുതലും നടക്കുന്നത്. സുഷമ സ്വരാജിനെതിരെ അടുത്തിടെ ഉണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാര്‍ട്ടി നേതൃത്വം തന്നെയാണെന്ന സൂചനകള്‍ അവരുടെ ഭാഗത്തു നിന്നു തന്നെ ഉണ്ടായിരുന്നു. മോദി ഭരണത്തില്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിക്കു പോലും സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷയില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടിക ള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. താന്‍ അടുത്ത തവണ മത്സരിക്കാന്‍ ഇല്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയതും ഇതിനു പിന്നാലെയാണ്.

മറ്റൊരു നേതാവായ രാജ്‌നാഥ് സിംഗിന് നിലവിലെ നേതൃത്വവുമായി സ്വരച്ചേര്‍ച്ചയില്ലെന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. രാജ്‌നാഥിന്റെ മകന്‍ പങ്കജ് സിംഗ് യുപിയില്‍ ടിക്കറ്റ് നല്‍കുന്നതിനായി നിരവധി പേരില്‍ പണം വാങ്ങിയെന്നും ഇക്കാര്യം രാജ്‌നാഥ് സിംഗിനെയും മകനെയും വിളിച്ചു വരുത്തി മോദി തെളിവു സഹിതം ഹാജരാക്കിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് നിഷേധിച്ചെങ്കിലും മോദിക്കെതിരെ രാജ്‌നാഥ് അടക്കമുള്ളവരുടെ നീക്കങ്ങളുടെ മുനയൊടിച്ച സംഭവമാണിത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മറ്റൊരു മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനുമായ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആയതോടെ ബിജെപിക്കുള്ളിലെ അധികാര മത്സരത്തില്‍ അദ്ദേഹത്തിന് റോളില്ലാതായി. മറ്റൊരു നേതാവ് അനന്ത് കുമാര്‍ ഈയിടെ അന്തരിക്കുകയും ചെയ്തു. പാര്‍ട്ടി അടുത്തിടെയായി ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ നേതൃത്വ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ മോദി-ഷാമാരുടെ അപ്രമാദിത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ബിജെപിക്കുള്ളില്‍ സാധ്യമല്ലായിരുന്നു. ഒരുഘടത്തില്‍ ആര്‍എസ്എസിലെ മോദി വിരുദ്ധരും ദുര്‍ബലമായി. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയം മോദി വിരുദ്ധ ക്യാമ്പിന് കൂടുതല്‍ ഊര്‍ജം നല്‍കിയിട്ടുണ്ട് എന്നാണ് ഗഡ്കരിയുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോദി സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അധികാരത്തില്‍ വന്നതെന്നും അതൊന്നും നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും ഗഡ്കരി ഒരു മറാഠി ചാനലില്‍ സംസാരിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്: “ഞങ്ങള്‍ ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ വന്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഞങ്ങള്‍ അധികാരത്തിലെത്തി, നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ചൊക്കെ ഇപ്പോള്‍ ജനങ്ങള്‍ ഞങ്ങളോട് ചോദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇപ്പോള്‍ നമ്മള്‍ അതിനെ നോക്കി ചിരിച്ച് മുന്നോട്ടു പോവും”. ഇതിനെ സംബന്ധിച്ച് ഗഡ്കരി വിശദീകരണം നല്‍കിയെങ്കിലും ഗഡ്കരിയുടെ വാക്കുകള്‍ തന്നെ മോദി ഭരണത്തെ കൃത്യമായി വിലയിരുത്തുന്നുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. മോദി ഭരണത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് ഗഡ്കരിയുടേതാണ് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍