UPDATES

‘സംഘമുക്ത ഭാരതം’ സ്വപ്‌നം കണ്ടിരുന്ന നിതീഷ് കുമാറിന്റെ ചരിത്രം

ബിഹാറില്‍ ജെഡി(യു)വും ബിജെപിയും തമ്മിലുള്ള 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷം ബിജെപിയെയും ആര്‍എസ്എസിനെയും നിതീഷ് കടന്നാക്രമിച്ചിരുന്നു

ബുധനാഴ്ച വൈകിട്ട് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ജെഡി(യു) നേതാവ് നിതീഷ് കുമാര്‍ രാജിവെച്ച ഉടനെതന്നെ അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ‘അഴിമതിക്കെതിരെ അണിചേര്‍ന്നതിന്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അദ്ദേഹത്തെ അഭിനന്ദിച്ചു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നിതീഷ് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ബാന്ധവത്തിന് നേരെ കടകവിരുദ്ധമായ രീതിയിലായിരുന്നു കഴിഞ്ഞ നാല് വര്‍ഷമായുള്ള നിതീഷ് കുമാറിന്റെ പെരുമാറ്റമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാറില്‍ ജെഡി(യു)വും ബിജെപിയും തമ്മിലുള്ള 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷം ബിജെപിയെയും ആര്‍എസ്എസിനെയും നിതീഷ് കടന്നാക്രമിച്ചിരുന്നു. ‘സംഘമുക്ത ഭാരതമാണ്’ ലക്ഷ്യമെന്നുവരെ അദ്ദേഹം പറഞ്ഞിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി പത്തിന്, മുന്‍ധനകാര്യമന്ത്രി പി ചിദംബരം ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനങ്ങളുടെ പുസ്തകരൂപമായ ‘ഫിയര്‍ലെസ് ഇന്‍ ഒപ്പോസിഷന്‍’ എന്ന് പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ‘പ്രതിപക്ഷത്തിന്റെ പരമാവധി ഐക്യ’ മാണ് ഇപ്പോഴത്തെ ആവശ്യമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചൂണ്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘എന്തുകൊണ്ടാണ് അവര്‍ (ബിജെപി) അജണ്ട നിശ്ചയിക്കുന്നത്? എന്തുകൊണ്ടാണ് രാഹുല്‍ജിക്ക് അജണ്ട നിശ്ചയിക്കാത്തത്… ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഐക്യമാണ് ദേശത്തിന്റെ ആവശ്യം. ഈ പ്രതിപക്ഷ ഐക്യം വന്നുകഴിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ കാണുക. ഒന്നും ഭയക്കാനില്ല. എല്ലാം ശരിയാവും. നമ്മള്‍ നമ്മുടെ അജണ്ടകള്‍ തൊണ്ണൂറു ശതമാനം പിന്തുടരുകയും മറ്റുള്ളവരുടെ അജണ്ടയോട് പത്ത് ശതമാനം മാത്രം പ്രതികരിക്കുകയും ചെയ്യുക. പ്രതിപക്ഷ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ അജണ്ടകള്‍ നിശ്ചയിച്ച ശേഷമാവണം നമ്മള്‍ മുന്നോട്ടുപോകാന്‍.’

2016 മേയില്‍ മോദിയുടെ മണ്ഡലമായ വരാണസിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ‘സംഘമുക്ത ഭാരത’ത്തിനും ‘മദ്യമുക്ത സമൂഹ’ത്തിനും വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ മുസനഗറില്‍ ചേര്‍ന്ന മറ്റൊരു യോഗത്തിലും അദ്ദേഹം ഇതേ മുദ്രാവാക്യം മുന്നോട്ട് വച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17-ന് പാറ്റ്‌നയില്‍ നടന്ന ‘അഡ്വാന്റേജ് കോണ്‍ക്ലേവി’ലും സംഘമുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനായി അണിചേരാന്‍ അദ്ദേഹം എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അധികാരത്തിന് രണ്ട് അച്ചുതണ്ട് ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നു ബിജെപിയും മറ്റേത് അവര്‍ക്ക് എതിരെ അണിചേരുന്ന സഖ്യവുമാണ്. മറ്റുള്ളവര്‍ വിഘടിച്ച് നിന്നാല്‍ ബിജെപി എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയെ ആര്‍എസ്എസ് മുക്തമാക്കുന്നതിന് എല്ലാ ബിജെപി ഇതര പാര്‍ട്ടികളും കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ആര്‍എസ്എസ്, ബിജെപിയുടെ സുപ്രീം കോടതിയെ പോലെയാണെന്നും വികസനത്തെ കുറിച്ച് സംസാരിക്കുമ്പോഴും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിഭജനരാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും 2015 സെപ്തംബര്‍ 24-ന് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.

മിത്രങ്ങളെ അകറ്റുന്ന ഒരു ‘രാഷ്ട്രീയ ഡിഎന്‍എ’ നിതീഷില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനിടയില്‍ കടുത്ത ആക്രമണമാണ് പ്രധാനമന്ത്രി മോദി, നിതീഷിനെതിരെ അഴിച്ചുവിട്ടത്. പരാമര്‍ശം മര്യാദകെട്ടതും അപമാനകരവുമാണ് എന്ന് തിരിച്ചടിച്ച നിതീഷ് വാക്കുകള്‍ പിന്‍വലിക്കൂ എന്ന് ആവശ്യപ്പെടുന്ന ഒരു പ്രചാരണം സംഘടിപ്പിക്കുകയും 2015 സെപ്തംബറില്‍ ഏകദേശം 50,000 ആളുകള്‍ തങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ മോദിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

2013 ഓഗസ്റ്റ് ആറിന്, ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം, ന്യൂഡല്‍ഹിയില്‍ ന്യൂനപക്ഷ കമ്മീഷന്റെ ആറാമത് വാര്‍ഷിക പ്രഭാഷണം നടത്തിക്കൊണ്ട് മോദിക്കെതിരെ കടുത്ത ആക്രമണമാണ് നിതീഷ് നടത്തിയത്. ഇന്ന് ഒരു സ്വാഭാവിക കാറ്റടിച്ചാലും അതൊരു കുഴലൂത്തുകാരന്റെ മിടുക്കാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു എന്നായിരുന്നു അന്നത്തെ പരാമര്‍ശം. ഇന്ത്യയെ പോലെ ഒരു രാജ്യം ഭരിക്കണമെങ്കില്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും 2011-ല്‍ നടന്ന സത്ഭാവന സത്യഗ്രഹത്തില്‍ മുസ്ലീം തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച മോദിയെ ഉദ്ദേശിച്ചുകൊണ്ട് നിതീഷ് പറഞ്ഞിരുന്നു.

ആ നിതീഷാണ് പറഞ്ഞതൊക്കെ വിഴുങ്ങി നാലു വര്‍ഷത്തിനു ശേഷം വീണ്ടും സംഘകൂടാരത്തില്‍ കയറിയിരിക്കുന്നത്. മോദിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ദേശീയ നേതാവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍