UPDATES

മൊഴി ചൊല്ലിയയാളെ ജയിലിലടച്ചാല്‍ ഭാര്യക്കും കുട്ടികൾക്കും ജീവനാംശം കൊടുക്കാൻ കഴിയുന്നതെങ്ങനെ? -മുത്തലാഖ് ബില്ലിനെ എതിർത്ത് എൻകെ പ്രേമചന്ദ്രന്‍

നിയമത്തിന്റെ കണ്ണിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണെന്നും ഇതിൽ നിന്നും മുസ്ലിം സ്ത്രീകളെ മാറ്റി നിർത്താനാകില്ലെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.

മുത്തലാക്ക് ബിൽ മുസ്ലിം സമുദായത്തിനെതിരെയുള്ള വിവേചനപരമായ നീക്കമാണെന്ന് ലോക്സഭയിൽ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ചർച്ചയ്ക്കെടുത്തപ്പോഴാണ് പ്രേമചന്ദ്രൻ തന്റെ വാദങ്ങളുന്നയിച്ചത്. ഭരണഘടനാ ചട്ടങ്ങളുടെ പച്ചയായ ലംഘനമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ വിഷയത്തിന്മേൽ തുടർച്ചയായി ഓർഡിനൻസുകൾ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിലെ വിവാഹമോചനങ്ങൾക്ക് സർക്കാർ തടവുശിക്ഷ നടപ്പാക്കാത്തതെന്ന ചോദ്യവും എൻകെ പ്രേമചന്ദ്രൻ ഉന്നയിച്ചു. എന്തുകൊണ്ടാണ് മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഈ വിഷയത്തിൽ നിയമമുണ്ടാക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന വസ്തുതയും എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. “ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് മാത്രമാണ് ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് നിയമങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ഒരുക്കമാണെങ്കിൽ എന്തുകൊണ്ടാണ് രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സർക്കാർ നിയമമുണ്ടാക്കാത്തത്,” അദ്ദേഹം ചോദിച്ചു. ഊ നിയമം മുസ്ലിങ്ങളെ ലക്ഷ്യം വെച്ച് രാഷ്ട്രീയലാക്കോടെ നിർമിക്കുന്നതാണെന്നാണ് വ്യക്തമാകുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

“മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുകയും ഭർത്താവിനെ ജയിലിലടയ്ക്കകയും ചെയ്യണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. തുടർന്ന് ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നൽകണമെന്നും വ്യവസ്ഥ വെക്കുന്നുണ്ട്. ഭർത്താവിനെ ജയിലിലടച്ചു കഴിഞ്ഞാൽ അയാൾക്ക് എങ്ങനെയാണ് ജീവനാംശം കൊടുക്കാൻ കഴിയുക?” -പ്രേമചന്ദ്രൻ ചോദിച്ചു.

അതെസമയം നിയമത്തിന്റെ കണ്ണിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണെന്നും ഇതിൽ നിന്നും മുസ്ലിം സ്ത്രീകളെ മാറ്റി നിർത്താനാകില്ലെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. നിരവധി രാജ്യങ്ങൾ മുത്തലാക്കിനെതിരെ നിയമം കൊണ്ടു വരുന്നുണ്ടെന്നതും തങ്ങളുടെ നീക്കത്തെ ന്യായീകരിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു.

അതെസമയം ലോക്സഭയിൽ ഈ ബിൽ പാസ്സാകുമെങ്കിലും രാജ്യസഭയിൽ പാസ്സായി വരാൻ പ്രയാസമാണ്. ആറ് അംഗങ്ങളുള്ള ജനതാദൾ യുനൈറ്റഡ് ബില്ലിനെതിരെ വോട്ട് ചെയ്യും. എഐഎഡിഎംകെയും എതിർക്കുമെന്നാണ് അറിയുന്നത്. ഇവർക്ക് 11 അംഗങ്ങളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍